വിലക്കയറ്റത്തിലും ഒന്നാം സ്ഥാനം!

ഉപഭോക്തൃ സംസ്ഥാനം എന്നതു കേരളത്തിൽ വിലക്കയറ്റം ഉയർന്ന നിലയിലാവുന്നതിനു പ്രധാന കാരണമാണ്
Kerala also ranks first in price inflation

വിലക്കയറ്റത്തിലും ഒന്നാം സ്ഥാനം!

Updated on

സാധാരണ ജനങ്ങളുടെ ജീവിതം ക്ലേശകരമാക്കുന്നതിൽ വിലക്കയറ്റത്തിനു പ്രധാന പങ്കുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കയറുമ്പോൾ ഓരോ ദിവസവും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടിവരും. വരുമാനത്തിൽ വർധനയില്ലാതിരിക്കുകയും ചെലവു കൂടുകയും ചെയ്യുന്നതു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആർക്കാണറിയാത്തത്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളെ കരുതി ഏതു സർക്കാരും വിലക്കയറ്റം നിയന്ത്രിക്കേണ്ടതുണ്ട്. അതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് ഏറ്റവും ഫലപ്രദമായ വിധത്തിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തുടർച്ചയായി ആറാം മാസവും രാജ്യത്തു വിലക്കയറ്റത്തിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്ന റിപ്പോർട്ടുകൾ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നുവെന്നു നിസംശയം പറയാം. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും അടക്കം രാജ്യത്തു പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണു കേരളമെന്ന് നാം അഭിമാനം കൊള്ളാറുണ്ട്. പക്ഷേ, വിലക്കയറ്റത്തിലെ "നമ്പർ വൺ' എന്തായാലും അഭിമാനകരമല്ല.

ഉപഭോക്തൃ സംസ്ഥാനം എന്നതു കേരളത്തിൽ വിലക്കയറ്റം ഉയർന്ന നിലയിലാവുന്നതിനു പ്രധാന കാരണമാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെ സകലതും ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുമ്പോൾ സ്വാഭാവികമായും അതിനെല്ലാം വില കൂടും. അരിയും പച്ചക്കറിയും അടക്കം എല്ലാം പുറത്തുനിന്നു വരുന്നതാണ്. രാജ്യത്തെ മറ്റു പല ഭാഗങ്ങളെക്കാൾ ഉയർന്ന നിലയിലാണ് കേരളത്തിലെ ഇന്ധന വിലയും. രാജ്യത്തിന്‍റെ തെക്കേ അറ്റത്തുള്ള കേരളത്തിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനുള്ള വാഹന വാടകയും മറ്റു ചെലവുകളും എല്ലാം കൂടുതലാണ്. ഇടനിലക്കാരുടെ കമ്മിഷൻ അടക്കം എല്ലാ ചെലവുകളും വിൽപ്പനക്കാർ ഉത്പന്നങ്ങളുടെ മേലാണു ചുമത്തുക. ഇവിടെ ഉത്പാദനം വർധിപ്പിക്കുക, സർക്കാരിന്‍റെ വിപണി ഇടപെടൽ കാര്യക്ഷമമാക്കുക തുടങ്ങി പലവിധ മാർഗങ്ങളാണു വിലക്കയറ്റത്തെ നേരിടാനുള്ളത്. അമിത ലാഭം ലാക്കാക്കി വിപണിയിൽ കളിക്കുന്നവരുണ്ടെങ്കിൽ അവരെ നിയന്ത്രിക്കുകയും വേണം. നമുക്കു നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചൊക്കെ ആവർത്തിച്ചു പറയാറുണ്ട്. പക്ഷേ, എത്രമാത്രം അതു ഫലവത്താകുന്നുവെന്നു ചിന്തിക്കേണ്ടതുണ്ട്.

വിശാലമായ നെൽപ്പാടങ്ങൾ മാത്രമല്ല തെങ്ങിൻ തോപ്പുകളും പലയിടത്തുനിന്നും അപ്രത്യക്ഷമാവുകയാണ്. അതുകൊണ്ടാവാം അരിക്കു മാത്രമല്ല നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും താങ്ങാനാവാത്ത വിലയായിരിക്കുന്നത്. കേരം തിങ്ങും കേരള നാടൊക്കെ പഴയ മുദ്രാവാക്യത്തിൽ മാത്രമാണിപ്പോൾ. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ നൽകേണ്ട ഗതികേടിലായിരിക്കുകയാണു മലയാളികൾ. ഇതിനു സമാനമായി മറ്റു ഭക്ഷ്യ എണ്ണകളുടെ വിലയും വർധിക്കുന്നു. ഇന്ധന വിലയിലെയും വെളിച്ചെണ്ണ, നാളികേര വിലയിലെയുമൊക്കെ വർധന വീടുകളിലെ അടുക്കള ചെലവുകളെ ബാധിക്കും. ഹോട്ടൽ ഭക്ഷണ വിലയിലും അതു പ്രതിഫലനമുണ്ടാക്കാം. രാജ്യത്ത് പൊതുവിൽ പച്ചക്കറി അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില ഗണ്യമായി കുറയുമ്പോഴും കേരളത്തിൽ അത് ഉയർന്നു നിൽക്കുകയാണ്.

രാജ്യത്തെ ചില്ലറ വ്യാപാര നാണയപ്പെരുപ്പം ജൂൺ മാസത്തിൽ 2.10 ശതമാനം മാത്രമാണ്. ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്കു നയിച്ചത്. എന്നാൽ, അതൊന്നും കേരളത്തിലെത്തുമ്പോൾ അനുഭവപ്പെടുന്നില്ല. കേരളത്തിലെ ജൂൺ മാസത്തെ നാണയപ്പെരുപ്പം 6.7 ശതമാനത്തിലാണ്. ദേശീയ ശരാശരിയെക്കാൾ എത്രയോ ഉയർന്നത്. നാണയപ്പെരുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിലെ നിരക്ക് 4.7 ശതമാനമാണ്. ഒന്നും രണ്ടും സ്ഥാനങ്ങൾ തമ്മിൽ എത്ര വലിയ വ്യത്യാസമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജമ്മു കശ്മീരിൽ 4.4 ശതമാനം നാണയപ്പെരുപ്പമുണ്ട്. തെലങ്കാനയിൽ മൈനസ് 0.9, ആന്ധ്രയിൽ പൂജ്യം, ഒഡിഷയിൽ 0.5 എന്നിങ്ങനെയാണു നാണയപ്പെരുപ്പ നിരക്കുള്ളത്. ദേശീയ ശരാശരിയായ 2.10 ശതമാനത്തിൽ കുറഞ്ഞ നാണയപ്പെരുപ്പമുള്ള 12 സംസ്ഥാനങ്ങളുണ്ട്.

മേയ് മാസത്തിലെ കണക്കെടുത്താൽ ദേശീയ തലത്തിലെ നാണയപ്പെരുപ്പം 2.82 ശതമാനമായിരുന്നപ്പോൾ കേരളത്തിൽ അത് 6.46 ശതമാനം. ജനുവരിയിലും മാർച്ചിലും ആറു ശതമാനത്തിനു മുകളിലായിരുന്നു കേരളത്തിലെ നാണയപ്പെരുപ്പം. ഫെബ്രുവരിയിൽ ഏഴു ശതമാനത്തിനു മുകളിൽ. ഏപ്രിലിൽ ആറു ശതമാനത്തിനു തൊട്ടുതാഴെ. രാജ്യത്തു മൊത്തത്തിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യത കൂടിയിട്ടുണ്ട്. അതിന്‍റെ ആശ്വാസം പക്ഷേ, കേരളത്തിനു കിട്ടുന്നില്ല എന്നാണു കാണുന്നത്. നാണയപ്പെരുപ്പം നാലു ശതമാനമായി നിയന്ത്രിക്കുക എന്നതാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. രാജ്യത്തെ നാണയപ്പെരുപ്പം ഈ ലക്ഷ്യത്തിലും താഴെ നിൽക്കുന്നതു തുടർച്ചയായി അഞ്ചാം മാസമാണ്. കഴിഞ്ഞ വർഷം ജൂണിൽ 5.08 ശതമാനമായിരുന്നു രാജ്യത്തെ നാണയപ്പെരുപ്പം. അതിൽ നിന്നുണ്ടായിട്ടുള്ള വലിയ മാറ്റം പക്ഷേ, കേരളത്തിനു ഗുണകരമാവുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com