
സംസ്ഥാനത്ത് ഇന്നലെ നടന്ന സ്വകാര്യ ബസ് പണിമുടക്ക് ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ജോലിക്കും പഠനത്തിനും മറ്റു കാര്യങ്ങൾക്കുമായുള്ള യാത്രകൾക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. മിക്ക ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്കു പോകേണ്ടിവരുന്ന ജനങ്ങളുടെ ആശ്രയം ഈ ബസുകളാണ്. അവ മുടങ്ങുമ്പോൾ അന്നത്തെ പ്രവർത്തനങ്ങളാണ് ആകെ താളം തെറ്റുന്നത്. യാത്രാക്ലേശം ഒഴിവാക്കാൻ കെഎസ്ആർടിസി ക്രമീകരണം ഏർപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാലും അതൊന്നും മുഴുവൻ ഫലപ്രദമാവില്ല. പ്രത്യേകിച്ച് ഉത്തര കേരളത്തിൽ സ്വകാര്യ ബസുകളില്ലെങ്കിൽ രൂക്ഷമായ യാത്രാക്ലേശം തന്നെ അനുഭവപ്പെടും. സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യ ബസുകളാണുള്ളത്. അതിൽ ബഹുഭൂരിഭാഗവും നിരത്തിൽ ഇറങ്ങുന്നില്ലെങ്കിൽ അതിന്റെ അഭാവം എങ്ങനെ നികത്താനാണ്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കായിരുന്നു. ഒരു ബസ് കണ്ടക്റ്ററെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഈ പണിമുടക്ക്. രണ്ടു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടക്റ്ററെ മനപ്പൂർവം കുടുക്കുകയാണെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്. എന്തായാലും പൊടുന്നനെയുള്ള ഈ പണിമുടക്ക് ആയിരക്കണക്കിനു യാത്രക്കാരെയാണു വലച്ചത്. നിരവധിയാളുകൾ പെരുവഴിയിലായി.
അതിനു പിന്നാലെയാണ് ഇന്നലെ സംസ്ഥാന വ്യാപകമായി നേരത്തേ തന്നെ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് നടക്കുന്നത്. അതുകൊണ്ടും തീരുന്നില്ല. സംയുക്ത സമര സമിതി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. അതുണ്ടാവാതിരിക്കാനുള്ള പരിശ്രമങ്ങളാണ് ഇനി നടത്താനുള്ളത്. ഗതാഗത മന്ത്രിയും മന്ത്രാലയവും അതിനു മുൻകൈ എടുക്കണം.
സ്വകാര്യ ബസുകാർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ പരിശോധിക്കുകയും അവരുമായി ചർച്ചകൾ നടത്തി വ്യക്തമായ തീരുമാനത്തിലെത്തുകയും വേണം. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരങ്ങളും പണിമുടക്കുകളും ഒഴിവാക്കേണ്ടതുണ്ട്.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇന്നലെ ബസ് പണിമുടക്ക് നടത്തിയതും അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നതും.
കടുത്ത പ്രതിസന്ധിയിലാണ് ബസ് വ്യവസായമെന്ന് ഉടമകൾ പറയുന്നുണ്ട്. വിദ്യാർഥികളുടെ കൺസഷൻ കാലോചിതമായി പരിഷ്കരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണു വാദം. അതിദരിദ്ര വിദ്യാർഥികൾക്കു സൗജന്യയാത്ര ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ബസ് ഉടമകളുമായി ചർച്ച ചെയ്യാതെയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണ്. ഡ്രൈവർക്കും ഡ്രൈവറുടെ നിരയിൽ മുൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിലാണ് സീറ്റ് ബെൽറ്റ് വേണ്ടത്. വാഹനങ്ങളുടെ അകത്തും പുറത്തും ക്യാമറകൾ വേണം. സുരക്ഷയെ കരുതിയാണ് ഈ തീരുമാനങ്ങൾ. പക്ഷേ, സമയം നീട്ടിനൽകാതെ ബസുകളിൽ ഈ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് ഉടമകൾ പറയുന്നു. പലവട്ടം നീട്ടിനൽകിയതാണെന്നും, ഇനി സർക്കാർ അതിനു വഴങ്ങില്ലെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു ആവർത്തിക്കുന്നത്. സർക്കാർ തീരുമാനത്തിൽ നിന്നു പിന്നോട്ടുപോവില്ലെന്ന് ഇന്നലെയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ കൺസഷൻ പ്രശ്നത്തിലും സർക്കാരിനു വ്യക്തമായ നിലപാടുണ്ട്. ഈ ആവശ്യം പഠിക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുന്നു. അതിന്റെ റിപ്പോർട്ടിനു കാത്തിരിക്കുന്നു. അതു വരട്ടെ എന്നാണു സർക്കാർ പറയുന്നത്. പക്ഷേ, അനന്തമായി കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന നിലപാട് ബസുകാരും സ്വീകരിക്കുന്നു. അനവസരത്തിലുള്ളതാണ് ബസ് പണിമുടക്കെന്നു മന്ത്രി അഭിപ്രായപ്പെടുന്നുണ്ട്. ഈ സർക്കാരാണ് സ്വകാര്യ ബസുകൾക്കു ചരിത്രത്തിൽ ഏറ്റവും വലിയ നിരക്കു വർധന നൽകിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. നാലു വർഷത്തിനിടെ രണ്ടു തവണ ബസ് ചാർജ് വർധിപ്പിച്ചു. ശബരിമല സീസണിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നതു സമ്മർദ തന്ത്രമാണെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരേ ബസുടമകൾ രംഗത്തുവന്നിട്ടുണ്ട്. സർക്കാരും ബസുടമകളും പരസ്പരം പോരടിക്കുന്നതിൽ കാര്യമൊന്നുമില്ല. ഒന്നിച്ചിരുന്നു ചർച്ച ചെയ്ത് പരിഹാരം കാണുകയാണു വേണ്ടത്.