
കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറികളൊന്നും സംഭവിച്ചിട്ടില്ല. വോട്ടു വിഹിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും എംപി, എംഎൽഎ സ്ഥാനങ്ങളിൽ നിലവിലുള്ള അവസ്ഥ തുടരുന്ന ഫലങ്ങൾ തന്നെയാണ് മൂന്നിടത്തും ഉണ്ടായിട്ടുള്ളത്. പ്രധാന പാർട്ടികൾക്കും മുന്നണികൾക്കും രാഷ്‌ട്രീയമായി വിലയിരുത്തേണ്ട പാഠങ്ങൾ പലതുണ്ട്. വിജയത്തിലേക്കും തോൽവിയിലേക്കും നയിച്ച ഘടകങ്ങൾ നേതാക്കൾ വിശദമായി വിലയിരുത്തട്ടെ. അതിനനുസരിച്ച് അവരുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തട്ടെ. ജനാധിപത്യം ശക്തിപ്പെടുത്തേണ്ടത് ഇത്തരം പരിശോധനകളിലൂടെയാണ്. ഏതെങ്കിലും ഒരു പക്ഷത്തെ മാത്രം പിന്തുണച്ചിട്ടില്ല ജനങ്ങൾ, ഏതെങ്കിലും പക്ഷത്തെ പൂർണമായി കൈയൊഴിഞ്ഞു എന്നും പറയാനില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പു നടന്ന ചേലക്കരയിൽ വിജയം ആവർത്തിച്ചു എന്നത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയതും ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാലു ലക്ഷം കടന്നതും യുഡിഎഫിന് ആഹ്ലാദവും ആവേശവും പകരുന്നുണ്ട്. അപ്പോഴും സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ജനവികാരം കേരളത്തിലുണ്ടെന്ന പ്രതിപക്ഷ ആരോപണം നിഷേധിക്കാൻ ചേലക്കരയിലെ വിജയം സിപിഎമ്മിനും ഇടതുപക്ഷത്തിനും സഹായകരമാണ്. പാർട്ടിയുടെയും മുന്നണിയുടെയും ശക്തികേന്ദ്രങ്ങളിൽ വിജയസാധ്യത ചോർന്നിട്ടില്ലെന്ന് അവർക്ക് ആശ്വസിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ എൽഡിഎഫിനും യുഡിഎഫിനും പ്രതീക്ഷകൾ നൽകുന്നതാണ് ഇരുപക്ഷത്തെയും കൈവിടാതുള്ള ഈ ജനവിധി.
സംസ്ഥാനത്തു മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനെ ലോക്സഭയിലേക്ക് അയച്ചതുകൊണ്ടാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതു മൂലമാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പുവന്നത്. രണ്ടിടത്തു ജയിച്ചതിനാൽ രാഹുൽ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിനാലാണ് വയനാട്ടിലെ ജനങ്ങൾ വീണ്ടും പോളിങ് ബൂത്തിൽ എത്തേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞുവെങ്കിലും വീണ്ടും വോട്ടെടുപ്പിനു കാരണക്കാരായ പാർട്ടികളെ അതതു മണ്ഡലങ്ങളിൽ ജനങ്ങൾ കൈയൊഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണ്. ചേലക്കരയിൽ തോറ്റാൽ എൽഡിഎഫിനും പാലക്കാട്ടു തോറ്റാൽ യുഡിഎഫിനും രാഷ്‌ട്രീയമായി അതു വലിയ തിരിച്ചടിയാവുമായിരുന്നു. അണികളോടു തോൽവി വിശദീകരിക്കാൻ നേതാക്കൾ വല്ലാതെ പാടുപെടുമായിരുന്നു. ആ നിലയ്ക്ക് ഇരു മുന്നണികളുടെയും നേതാക്കൾക്കു വലിയ ആശ്വാസം പകരുന്നതാണ് ഈ ജനവിധി.
ചേലക്കരയിൽ വോട്ടു കൂടിയത് ബിജെപിക്ക് ആശ്വാസകരമാണ്. അതേസമയം, പാലക്കാട്ടെ തിരിച്ചടിയിൽ നിന്ന് അവർക്കു പലതും പഠിക്കാനുണ്ട്. സ്ഥാനാർഥി നിർണയത്തെത്തുടർന്നുണ്ടായ അസ്വസ്ഥതകൾ മുതൽ സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം അടക്കം വിഷയങ്ങൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏതു തരത്തിലൊക്കെ ബാധിച്ചുവെന്ന് പാർട്ടിക്കു പരിശോധിക്കേണ്ടിവരും. സംസ്ഥാനത്ത് പാർട്ടി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു മണ്ഡലത്തിലെ ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ചയുണ്ടായത് നിസാരമായി കാണാൻ ബിജെപിയുടെ നേതൃത്വത്തിനു കഴിയുമെന്നു തോന്നുന്നില്ല. വോട്ടെണ്ണുമ്പോൾ ആദ്യ മൂന്നു റൗണ്ടിലുമായി വലിയ ലീഡ് പ്രതീക്ഷിച്ചതാണു ബിജെപി. പക്ഷേ, അവരുടെ കണക്കുകൂട്ടലുകൾ പാടേ പാളുകയായിരുന്നു. റെക്കോഡ് ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. അതിനു സഹായിച്ചത് ആദ്യ റൗണ്ടുകളിൽ ബിജെപിക്കു നേരിട്ട തിരിച്ചടി തന്നെയാണ്. സ്ഥാനാർഥി നിർണയ സമയത്ത് കോൺഗ്രസിൽ നിന്ന് കാലുമാറിയെത്തിയ പി. സരിനെ ഇടതു സ്ഥാനാർഥിയാക്കിയതുകൊണ്ട് പാലക്കാട്ടെ മൂന്നാം സ്ഥാനം മെച്ചപ്പെടുത്താൻ സിപിഎമ്മിനു കഴിഞ്ഞില്ല. ഇത്തരത്തിലൊരു സ്ഥാനാർഥി നിർണയം അണികൾക്കു രസിച്ചിട്ടുണ്ടോ എന്നത് സിപിഎമ്മിനും പരിശോധിക്കേണ്ടതായിട്ടുണ്ട്. 2021ൽ രാധാകൃഷ്ണൻ നേടിയ നാൽപ്പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം നിലനിർത്താൻ ചേലക്കരയിലും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല. 2016ൽ വിജയിച്ചപ്പോൾ നേടിയ 10,200 വോട്ടിന്‍റെ സ്വന്തം ഭൂരിപക്ഷം 12,000ൽ ഏറെ വോട്ടിന്‍റേതായി മെച്ചപ്പെടുത്തിയിട്ടുണ്ട് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ്. എങ്കിലും 2021ലെക്കാൾ ഭൂരിപക്ഷം കുറഞ്ഞത് സിപിഎമ്മും പരിശോധിക്കും.
ഇതാദ്യമായാണു പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചു ലോക്സഭയിൽ എന്നതു പ്രത്യേകതയാണ്. മുൻ ലോക്സഭാംഗമായിരുന്ന സോണിയ ഗാന്ധി ഇപ്പോൾ രാജ്യസഭാംഗമാണ്. പ്രിയങ്കയുടെ സാന്നിധ്യം പാർലമെന്‍റിൽ കോൺഗ്രസ് എംപിമാർക്ക് ആവേശം പകരുമെന്നു തന്നെയാണു കരുതേണ്ടത്. അതേസമയം, കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്‍റെ ആധിപത്യം കൂടുതൽ കടുപ്പിച്ച് ആരോപിക്കാൻ ബിജെപി ഈ അവസരം ഉപയോഗിക്കും. എന്തായാലും കേരളത്തിലെ കോൺഗ്രസിന് പ്രിയങ്കയുടെ വയനാട്ടിലെ എംപിസ്ഥാനം ആവേശകരം തന്നെയാണ്. കേരളത്തിലെ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ പ്രിയങ്കയുടെ സ്വാധീനം ഇനി കൂടുതലായി ഉണ്ടായെന്നുവരാം. പാർട്ടിക്കുള്ളിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരേ ശബ്ദം ഉയരുന്നതു തടയാനും ഇപ്പോഴത്തെ വിജയങ്ങൾ സഹായിച്ചേക്കാം.