അതിദാരിദ്ര്യ നിർമാർജനം: കേരളത്തിന്‍റെ വലിയ നേട്ടം

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയാണ്.
അതിദാരിദ്ര്യ നിർമാർജനം: കേരളത്തിന്‍റെ വലിയ നേട്ടം | Kerala extreme poverty alleviation

കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നു.

Updated on

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഏറെ അഭിമാനകരമായ ഒരു നേട്ടം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണു സംസ്ഥാന സർക്കാർ. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയാണ്. ആരോഗ്യം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങളിൽ രാജ്യത്തിനു മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് കേരളം. അതിനോടെല്ലാം ചേർത്തു വയ്ക്കാവുന്നതാണ് ഈ നേട്ടവും. നാലു വർഷം മുൻപ് പദ്ധതിയിട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കൊണ്ട് കേരളം എങ്ങനെ ലക്ഷ്യം നേടി എന്നത് മറ്റു സംസ്ഥാനങ്ങൾക്കു പഠിക്കാവുന്നതും പിന്തുടരാവുന്നതുമാണ്. അതിദരിദ്രരുടെ എണ്ണം വലിയ തോതിലുള്ള പല സംസ്ഥാനങ്ങളും കേരളത്തിന്‍റെ ഈ നേട്ടത്തെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടാവും എന്നതും ഉറപ്പാണ്.

അതിദാരിദ്ര്യം ഇല്ലാതാക്കാൻ രാജ്യവ്യാപകമായി തന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ലോക ബാങ്കിന്‍റെ കണക്കനുസരിച്ച് ഇക്കാര്യത്തിൽ ഇന്ത്യ വലിയ പുരോഗതി നേടിയിട്ടുമുണ്ട്. 2011-12ൽ 27.1 ശതമാനമായിരുന്ന അതിദാരിദ്ര്യ നിരക്ക് 2022-23ൽ 5.3 ശതമാനമായി കുറഞ്ഞു എന്നാണു കണക്ക്. ഈ കാലഘട്ടത്തിനിടയിൽ രാജ്യത്ത് 26.9 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ നിന്നു മുക്തരായത്. ഗ്രാമീണ മേഖലയിലും നഗര മേഖലയിലും ഇത്തരത്തിലുള്ള കുറവ് ദൃശ്യമാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അതിദരിദ്രർ ഗണ്യമായി കുറഞ്ഞു. അപ്പോഴും ഏഴു കോടിയിലേറെ ആളുകൾ അതിദരിദ്രരായി രാജ്യത്തുണ്ട്. ഇവരെയും കൈപിടിച്ച് ഉയർത്താനുള്ള പരിശ്രമങ്ങളാണ് രാജ്യവ്യാപകമായി നടക്കുന്നത്, അഥവാ നടക്കേണ്ടത്. അതിനു പ്രചോദനം പകരുന്നതാണു കേരളത്തിന്‍റെ നേട്ടം.

2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടുനിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലാണ് അതിദരിദ്രരെ കണ്ടെത്തിയതെന്നു സർക്കാർ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രീയമായി നടത്തിയ സർവെയിൽ അറുപതിനായിരത്തിലേറെ അതിദരിദ്ര കുടുംബങ്ങളെയാണു കണ്ടെത്തിയത്. ഈ അവസ്ഥയ്ക്കു കാരണമായ ഘടകങ്ങള്‍ പരിശോധിച്ച് ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനുകള്‍ തയാറാക്കിയാണു പരിഹാരം കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങൾ അതിദാരിദ്ര്യ നിർണയത്തിൽ പരിഗ‍ണിക്കപ്പെട്ടു. ഇതിൽ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതു പദ്ധതി നടത്തിപ്പിന്‍റെ ഭാഗമായിരുന്നു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടുകൾ നൽകി. സ്ഥലമില്ലാത്തവര്‍ക്ക് ഭൂമി നല്‍കാന്‍ ജില്ലാ കലക്റ്റര്‍മാരെ ചുമതലപ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് വാടകവീട് നല്‍കുകയും ചെയ്തു. ഒരു അംഗം മാത്രമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജീകരിച്ചു. ഭക്ഷണത്തിനും ആരോഗ്യത്തിനും പ്രശ്നങ്ങളുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും അതിനുള്ള പരിഹാരം കണ്ടെത്തി.

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, പത്താം ക്ലാസ് കഴിഞ്ഞവർക്ക് അടുത്തുള്ള സ്കൂളിൽ പഠന സൗകര്യം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്‍റ് എന്നിങ്ങനെ സഹായങ്ങൾ പ്രഖ്യാപിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശുശ്രൂഷ, പുനരധിവാസം എന്നിവ ഉറപ്പാക്കാനും നടപടികളുണ്ടായി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക പ്രശ്നമുള്ളവർക്ക് മെഡിക്കൽ കോളെജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകുക, മരുന്നുകൾ ലഭ്യമാക്കുക എന്നീ നിർദേശങ്ങളും സർക്കാർ നൽകിയിരുന്നു. വരുമാനമില്ലാത്തവർക്ക് തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്യുന്നതു പോലുള്ള പ്രവർത്തനങ്ങളും ദാരിദ്ര്യ നിർമാർജന യജ്ഞത്തിന്‍റെ ഭാഗമായി. അവയവ മാറ്റത്തിനുള്ള സഹായം ഉള്‍പ്പെടെ നൽകുകയുണ്ടായി. പദ്ധതിയിൽ നിന്ന് ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താനുള്ള പരിശോധനയും നടന്നിട്ടുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സഹകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ പൂർണ ലക്ഷ്യം കൈവരിക്കുന്നു എന്നതിൽ അഭിമാനിക്കുകയാണു സർക്കാർ. പാവപ്പെട്ടവരെ വിശപ്പിന്‍റെയും അരക്ഷിതത്വത്തിന്‍റെയും പിടിയിൽ നിന്നു മോചിപ്പിക്കാനുള്ള ഏതു ശ്രമവും പ്രശംസനീയമാണ്. ആ നിലയ്ക്കു തന്നെ സംസ്ഥാന സർക്കാരിന്‍റെ അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളെ കാണേണ്ടതുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com