

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള നിയമസഭയിൽ അവതരിപ്പിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കേരളം കടന്നുപോകുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദികൾ എന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയത്തർക്കം മുൻ സർക്കാരിന്‍റെ കാലത്തു മുഴുവൻ നാം കേട്ടതാണ്. കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും ഒരേ സ്വരത്തിൽ ആവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ, കേരളത്തിന്‍റെ പിടിപ്പുകേടാണെന്നാണ് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രതിസന്ധിക്ക് ഒരുപോലെ ഉത്തരവാദികളാണ് എന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ നിലപാട്. സർക്കാർ ധൂർത്തിൽ മുങ്ങിക്കുളിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും ഇതിനിടെ പലപ്പോഴും ഉയർന്നു. എന്തായാലും പ്രതിസന്ധിയുണ്ട് എന്നതിൽ ജനങ്ങൾക്കു സംശയമുണ്ടായിരുന്നില്ല. പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുകയും രാഷ്ട്രീയത്തിന് അതീതമായി സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ഒത്തുതീർപ്പുകൾ ഉണ്ടാവുകയും വേണമെന്ന് മെട്രൊ വാർത്ത നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സാമ്പത്തിക രംഗത്തു സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വച്ച ധവളപത്രം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കടം കുന്നുകൂടുകയാണ്. കൊടുത്തു തീർക്കാനുള്ള ബാധ്യതകൾ ഏറെയുണ്ട്. കിഫ്ബി വരുത്തിവച്ച ഭാരവും ഒട്ടും ചെറുതല്ല. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രതയും സൂക്ഷ്മതയും കാണിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലേക്കാണ് നാടു ചെന്നെത്തിപ്പെടുക എന്നുവേണം ഈ കണക്കുകളിൽ നിന്നു ധരിക്കാൻ. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കുന്നതിനെക്കുറിച്ചു ധവളപത്രം ഓർമിപ്പിക്കുന്നുണ്ട്. 5.07 ലക്ഷം കോടി രൂപ കടബാധ്യതയുള്ള സംസ്ഥാനമാണു നമ്മുടേത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) 35.5 ശതമാനത്തോളം വരും ഇത്. ദേശീയ ശരാശരി 29.2 ശതമാനമായിരിക്കുമ്പോഴാണിത്. പല പ്രമുഖ സംസ്ഥാനങ്ങളുടെയും കടബാധ്യതാ ശതമാനം ദേശീയ ശരാശരിയെക്കാൾ കുറവാണ്.
ഉയർന്ന കടബാധ്യതയുണ്ട് എന്നു മാത്രമല്ല വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധനച്ചെലവ് രാജ്യത്തു തന്നെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള സംസ്ഥാനങ്ങളിലൊന്നുമാണു കേരളം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഎസ്ഡിപി) 1.3 ശതമാനം മാത്രമാണ് വികസന പ്രവർത്തനങ്ങൾക്കു മാറ്റിവയ്ക്കുന്ന മൂലധനച്ചെലവ്. വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളവും പെൻഷനും പലിശയും ഒക്കെ നൽകാൻ ഉപയോഗിക്കുന്നു. ഇതു നിർബന്ധിത ചെലവാണല്ലോ. ഇതിൽ തന്നെ പലിശ ഇനത്തിൽ മാത്രം ചെലവാകുന്നത് 20.9 ശതമാനമാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശിക ഉൾപ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കേണ്ടതായിട്ടുമുണ്ട്. റിസർവ് ബാങ്കിൽ നിന്ന് അടിയന്തര വായ്പയെടുക്കാനുള്ള സൗകര്യം ഉപയോഗിച്ചാണ് ട്രഷറി പ്രവർത്തനങ്ങൾ പലപ്പോഴും നടക്കുന്നത്.
ഇടതു സർക്കാർ അഭിമാനപൂർവം എടുത്തുപറയുന്ന കിഫ്ബി തന്നെ വലിയ ബാധ്യതയായിട്ടുണ്ടെന്ന് ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. 21,000 കോടി രൂപയുടെ വായ്പാബാധ്യത കിഫ്ബിക്കുണ്ട്. ഇതിനു പുറമേ 35,000 കോടി രൂപയുടെ പദ്ധതികൾ ചെയ്തു തീർക്കാനുമുണ്ട്. കിഫ്ബിയുടെ ബാധ്യതകൾ സംസ്ഥാനത്തിന്‍റെ ബാധ്യതകളായി മാറിയിരിക്കുകയാണ്. സംസ്ഥാന താത്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങളാണു കിഫ്ബിയെ നയിച്ചത് എന്ന നിരീക്ഷണവും ഗൗരവമുള്ളത്. സർക്കാർ കടമെടുക്കുന്നതിനെക്കാൾ കൂടിയ ചെലവിലാണു കിഫ്ബിയുടെ കടമെടുപ്പ് എന്നതും കണക്കിലെടുക്കണം. സമാന്തര സാമ്പത്തിക അഥോറിറ്റിയായി കിഫ്ബി മാറിയെന്നാണു ധവളപത്രം പറയുന്നത്. കിഫ്ബിയിൽ വലിയ മാറ്റങ്ങൾ ആവശ്യമായിവരും എന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതു സാമ്പത്തിക സമ്മർദം വർധിപ്പിച്ചുവെന്നു ധവളപത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണക്കാരിൽ അമിത നികുതിഭാരം അടിച്ചേൽപ്പിക്കാതെ വരുമാന വർധനയ്ക്കുള്ള സാധ്യതകൾ പുതിയ സർക്കാർ തേടേണ്ടതായിട്ടാണിരിക്കുന്നത്. അതുപോലെ തന്നെ പ്രധാനമാണു കേന്ദ്ര സഹായം വർധിപ്പിച്ചുകിട്ടുക എന്നതും. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ ഏറ്റവും നല്ല നിലയിലാവേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിവയ്ക്കുന്ന വലിയ നഷ്ടവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നു ധവളപത്രം വ്യക്തമാക്കുന്നു. 2021-22ൽ 31,571 കോടി രൂപയായിരുന്ന നഷ്ടമാണ് ഇപ്പോൾ ഇരട്ടിയിലേറെയായിരിക്കുന്നത്. "പ്രാധാന്യമില്ലാത്ത' പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന നിർദേശം എതിർപ്പിന് ഇടയാക്കും. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കണം എന്ന നിർദേശവും ധവളപത്രം നൽകുന്നുണ്ട്. വിരമിക്കൽ പ്രായം ഉയർത്തുക എന്ന നിർദേശവും എതിർപ്പിനു കാരണമാവും.