സർക്കാരിന് അനുകൂലവും പ്രതികൂലവും| മുഖപ്രസംഗം

2022 ഓഗസ്റ്റിൽ നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ നവംബറിലാണ് മറ്റു വിവാദ ബില്ലുകൾക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിക്കു കൈമാറുന്നത്
സർക്കാരിന് അനുകൂലവും പ്രതികൂലവും| മുഖപ്രസംഗം

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കിയതുമായ ചില വിവാദ ബില്ലുകളുടെ കാര്യത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ തീരുമാനം വന്നതു സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, രാഷ്‌ട്രപതിയുടെ തീരുമാനത്തെത്തുടർന്നുയരുന്ന ചർച്ചകൾ തെരഞ്ഞെടുപ്പു പ്രചാരണത്തിലും നിറഞ്ഞുനിൽക്കും. സംസ്ഥാന സർക്കാരിന് അനുകൂലമായി രാഷ്‌ട്രപതി തീരുമാനമെടുത്തത് ലോകായുക്ത ബില്ലിന്‍റെ കാര്യത്തിലാണ്. അതേസമയം, സർവകലാശാലാ നിയമ ഭേദഗതികളിൽ സർക്കാരിന് അനുകൂലമായ തീരുമാനം വന്നിട്ടുമില്ല.

സംസ്ഥാനത്ത് ഏറെ രാഷ്‌ട്രീയ വിവാദമുയർത്തിയതാണു ലോകായുക്ത ഭേദഗതി ബിൽ. ലോകായുക്തയുടെ ചിറകരിയുന്നുവെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയ ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാതെ സൂക്ഷിച്ചത് ഒരു വർഷത്തിലേറെ കാലമാണ്. 2022 ഓഗസ്റ്റിൽ നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ നവംബറിലാണ് മറ്റു വിവാദ ബില്ലുകൾക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിക്കു കൈമാറുന്നത്. ബില്ലുകൾ തടഞ്ഞുവച്ചിരിക്കുന്ന ഗവർണറുടെ നടപടിക്കെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. വൈകാതെ തന്നെ ഈ ബില്ലിൽ രാഷ്‌ട്രപതി സർക്കാരിന് അനുകൂലമായ തീരുമാനമെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താണ്. കേന്ദ്ര ലോക്പാൽ ബില്ലിൽ സമാന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ബിൽ അംഗീകരിക്കാമെന്നുമുള്ള ശുപാർശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്‌ട്രപതിക്കു നൽകിയത്. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചതും ലോക്‌പാൽ ബില്ലിനു സമാനമാണ് ഈ ബില്ലിലെ വ്യവസ്ഥകൾ എന്നാണ്. രാഷ്‌ട്രപതി ഒപ്പിട്ട ബിൽ രാജ്ഭവൻ വിജ്ഞാപനം ചെയ്യുന്നതോടെ നിയമമായി മാറും. അതോടെ ലോകായുക്ത അധികാരം നഷ്ടപ്പെട്ട സ്ഥാപനമാവുമെന്നാണു ഭേദഗതിയെ എതിർക്കുന്നവരെല്ലാം ആരോപിക്കുന്നത്. ലോകായുക്തയ്ക്ക് ഇനി എന്തു പ്രസക്തി എന്ന ചോദ്യം തെരഞ്ഞെടുപ്പു കാലത്തും പ്രതിപക്ഷം ഉയർത്തുമെന്നു തീർച്ചയാണ്.

ജനപ്രതിനിധികളുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തു നിന്നു നീക്കാൻ ലോകായുക്തയ്ക്കുള്ള അധികാരം എടുത്തുകളയുന്നതാണ് നിയമ ഭേദഗതി എന്നാണു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ലോകായുക്ത അഴിമതിക്കാരായി കണ്ടെത്തിയാൽ അതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും കഴിയുന്നതാണു ഭേദഗതി. ലോകായുക്ത വിധി മന്ത്രിമാർക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരാണെങ്കിൽ നിയമസഭയ്ക്കും അപ്പീൽ പരിഗണിച്ച് അതിന്മേൽ തീരുമാനമെടുക്കാം. എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കർക്കു പുനഃപരിശോധിക്കാം. അങ്ങനെ വരുമ്പോൾ ലോകായുക്തയുടെ ജുഡീഷ്യൽ അധികാരമാണു നഷ്ടപ്പെടുന്നത്. ഈ ജുഡീഷ്യൽ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നതാണു സർക്കാർ നിലപാട്. ജുഡീഷ്യൽ സംവിധാനം അന്വേഷിച്ചു കണ്ടെത്തുന്ന അഴിമതി, സർക്കാരിനു പുനഃപരിശോധിക്കാമെന്നു വരുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സങ്കൽപ്പത്തെ ചോദ്യം ചെയ്യുന്നതാണെന്ന വാദത്തിന് അനുകൂലമായിരുന്നു ഗവർണർ. എന്നാൽ, കേന്ദ്ര സർക്കാർ അതിനു പിന്തുണ നൽകുന്നില്ല. ലോകത്ത് ഒരു ഏജൻസിയും അന്വേഷണവും ഉത്തരവും ഒരുമിച്ചു പുറപ്പെടുവിക്കുന്നില്ലെന്നും അന്വേഷണവും വിധിയും ഒരു ഏജൻസിക്കു ചെയ്യാൻ കഴിയുമോയെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ ചോദ്യം. ആ ചോദ്യത്തിന് അനുകൂലമായാണ് രാഷ്‌ട്രപതിയുടെ തീരുമാനമുണ്ടായിരിക്കുന്നതും.

അതേസമയം, സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ളതടക്കം മൂന്നു സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ രാഷ്‌ട്രപതി പരിഗണിക്കാതിരുന്നതു സർക്കാരിനു തിരിച്ചടിയായിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കം നിലനിൽക്കുന്നതാണു സർവകലാശാലകളുടെ ഭരണം സംബന്ധിച്ച വിഷയങ്ങൾ. ചാൻസലർ സ്ഥാനത്തു നിന്ന് തന്നെ മാറ്റാനുള്ള ബിൽ താൻ തന്നെ അംഗീകരിക്കില്ലെന്നാണു ഗവർണർ നിലപാടു സ്വീകരിച്ചത്. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കുന്നതിനുള്ള ഭേദഗതിയും സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച ഭേദഗതിയും രാഷ്‌ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. സർവകലാശാലകളിൽ ഗവർണറുടെ ഇടപെടൽ തടയാനുള്ള സർക്കാർ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചടിയാവുക. സർവകലാശാലകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാത്രമല്ല ഗവർണർക്കെതിരേ തിരിഞ്ഞിട്ടുളളത്. സർവകലാശാലാ സെനറ്റിൽ സംഘപരിവാറുകാരെ ഗവർണർ തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്ന എസ്എഫ്ഐയും ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധത്തിലാണ്. കരിങ്കൊടി പ്രതിഷേധക്കാരെ റോഡിലിറങ്ങി ഗവർണർ നേരിടുന്ന അവസരങ്ങളുമുണ്ടായി. എന്തായാലും വരുംനാളുകളിലും സജീവ രാഷ്‌ട്രീയ ചർച്ചകൾക്കു വഴിവയ്ക്കുന്നതാണ് ലോകായുക്തയും സർവകലാശാലാ ബില്ലുകളും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com