
പലപ്പോഴും പഴിയാണു പൊലീസിനു ബാക്കിയുണ്ടാവുക. പ്രശംസിക്കപ്പെടുന്നതിന്റെ പല മടങ്ങാണ് സംസ്ഥാന പൊലീസ് വിമർശിക്കപ്പെടാറുള്ളത്. ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ അതിനു കാരണമാവുന്നുണ്ടെന്നതും വസ്തുതയാണ്. സമീപകാലത്തു തന്നെ എത്രയെത്ര സംഭവങ്ങളിലാണ് കേരള പൊലീസ് വിമർശിക്കപ്പെട്ടിട്ടുള്ളത്. ഇതിനിടയിൽ സേനയിലെ മറ്റ് ഉദ്യോഗസ്ഥർ ചെയ്യുന്ന നല്ല കാര്യങ്ങൾ വിസ്മരിക്കപ്പെടുന്നുണ്ട്. അഥവാ കുറച്ചുപേർ അറിയുന്നുണ്ടെങ്കിൽ തന്നെ അതിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കാനാവുന്നില്ല. സമൂഹമാധ്യങ്ങളിൽ തന്നെ ഇത്തരം ചില സദ്പ്രവൃത്തികൾ ഇടം പിടിക്കാറുണ്ട്. അങ്ങനെ വരുന്നവ കുറെയൊക്കെ ശ്രദ്ധിക്കുകയും ചെയ്യും. എന്നാൽ, തങ്ങളുടെ പ്രവൃത്തികൾ നിസാരമെന്നു കരുതി മിണ്ടാതിരിക്കുന്നവരാണു പലരും. ഈ സദ്പ്രവൃത്തികളുടെ ഗുണഫലങ്ങൾ ലഭിച്ചവർ അതു പരസ്യമാക്കണമെന്നുമില്ല. അതേസമയം, വിമർശനമാണെങ്കിൽ അതിവേഗത്തിൽ വ്യാപിക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ നല്ല പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതികളും നല്‍കാനുള്ള തീരുമാനം അതിനാൽ തന്നെ പ്രസക്തമാവുന്നു. പൊലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിനു മുന്നിലേക്കെത്തിക്കാനും അത്തരം പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുമുള്ള തീരുമാനം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത് കുമാര്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറിലാണു പറഞ്ഞിരിക്കുന്നത്. ഗുഡ് വര്‍ക്ക് സെല്ലിനു കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് പൊലീസുകാർക്കിടയിൽ തന്നെ വേണ്ടത്ര പ്രചാരം നൽകേണ്ടതുണ്ട്. ഡ്യൂട്ടിക്കിടയിലും അല്ലാതെയും ചെയ്യുന്ന മികച്ച പ്രവൃത്തികള്‍ നേരിട്ടോ മേലുദ്യോഗസ്ഥര്‍ മുഖാന്തിരമോ കൈമാറാൻ ഇതുപകരിക്കും. ഇത്തരം നല്ല കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നത് പൊലീസിനു മൊത്തത്തിൽ ഉണർവുണ്ടാക്കാൻ സഹായിക്കും. സമൂഹത്തിൽ പൊലീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ സ്വാധീനം ചെലുത്താനും ഉപകാരപ്പെടും.
വ്യക്തിപരം എന്നതിലപ്പുറം ഡിപ്പാർട്ട്മെന്റിന്റെ തന്നെ പ്രതിച്ഛായയെ മാറ്റിയെടുക്കാൻ ഉപകരിക്കുന്നതാണ് ഈ നീക്കം എന്നു സാരം. വ്യക്തിപരമായോ ഔദ്യോഗികമായോ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പുരോഗതിക്കു സഹായകമാകുന്ന പ്രവര്‍ത്തികള്‍, വയോജന സംരക്ഷണം, വനിതകളെയും കുട്ടികളെയും സഹായിക്കുന്ന രീതിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സദ്പ്രവൃത്തികളിൽ ഉൾപ്പെടുന്നുണ്ട്.
വിദ്യാഭ്യാസം, കല, സാഹിത്യം, കായികം, സിനിമ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ചുവരുന്നവർക്കും ബഹുമതികൾ നൽകുമെന്നാണു സർക്കുലറിൽ പറയുന്നത്. പൊലീസ് സേനാംഗങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ അടക്കം അംഗങ്ങൾ കൈവരിക്കുന്ന നേട്ടങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നു സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ക്രമസമാധന ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നാണു പറയുന്നത്.
പൊലീസിന്റെ മുഖം മിനുക്കുന്നതിനുള്ള പലവിധ നടപടികളും അടുത്തിടെ ഉണ്ടാവുന്നുണ്ട്. പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം അതിലൊന്നാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരെയാണു പിരിച്ചുവിടുന്നത്. ഇതിനു വേണ്ടി ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയാറാക്കുകയുണ്ടായി. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെത്തുടർന്ന് സേനയിൽ നിന്നു പിരിച്ചുവിട്ടതും അടുത്തിടെയാണ്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന കേരള പൊലീസ് ആക്റ്റിലെ എൺപത്താറാം വകുപ്പ് ആദ്യമായി ഒരു ഉദ്യോഗസ്ഥനു നേരേ പ്രയോഗിച്ചത് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്. സുനുവിനെതിരേയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സുനു എന്നാണു പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നിയമസഭയെ അറിയിച്ചതു പ്രകാരം 2016 മുതൽ ഇതുവരെ 828 പൊലീസുകാരാണു ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളത്. എന്നാൽ, ജനങ്ങൾക്കും സമൂഹത്തിനും നല്ല കാര്യങ്ങൾ ചെയ്യുന്ന എത്രയോ നല്ല ഉദ്യോഗസ്ഥരും സേനയിലുണ്ട്. ഇങ്ങനെയുള്ളവർ സമൂഹത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സേനയിലെ ക്രിമിനൽ സ്വഭാവം മൊത്തത്തിൽ കുറയ്ക്കാൻ ഉപകരിക്കും. നല്ല കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നത് മറ്റുള്ളവർക്കും പ്രചോദനമാവുമല്ലോ. അതിനാൽത്തന്നെ സേനയെ ശുദ്ധീകരിക്കാനുള്ള ശ്രമത്തിൽ ഇതും ഗുണം ചെയ്യും.