
പൊലീസിന് ആരെയും മർദിക്കാൻ ലൈസൻസുണ്ടോ?
Kunnamkulam custodial torture- file image
പൊലീസായാൽ ആരെ വേണമെങ്കിലും മർദിക്കാം, ആരും ചോദിക്കാനില്ല എന്നൊരു ഭാവം കുറച്ചു പൊലീസുകാർക്കെങ്കിലുമുണ്ട്. കാക്കിയുടെ ബലത്തിൽ എന്തു ചെയ്താലും ആളുകൾ അതു സഹിച്ചുകൊള്ളണം എന്നു കരുതുന്നവരെ സേനയിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ കേരള പൊലീസിന് ഇടയ്ക്കിടെ നേരിടേണ്ടിവരുന്ന നാണക്കേട് ഒഴിവാകൂ. അതല്ല, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ കയറൂരി വിടാനാണു ഭാവമെങ്കിൽ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുന്നത് ഇന്നാട്ടിലെ സാധാരണ ജനങ്ങളാവും. പൊലീസിലെ ക്രിമിനലുകളെ കയറൂരി വിടുന്ന സർക്കാരിനെ പാഠംപഠിപ്പിക്കാൻ ജനങ്ങൾക്ക് വോട്ടെടുപ്പ് എന്ന ഒരവസരവും ലഭിക്കും. സർക്കാർ അതു നന്നായി മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പൊലീസ് സേന മോശമാണ് എന്നൊന്നും പറയാനാവില്ല. സത്യസന്ധരും സമർഥരുമായ ഉദ്യോഗസ്ഥരുടെ നല്ലൊരു നിര തന്നെ കേരള പൊലീസിലുണ്ട്. നിരവധി അവസരങ്ങളിൽ മാതൃകാപരമായ പ്രവർത്തനം പൊലീസ് കാഴ്ചവയ്ക്കുന്നുമുണ്ട്.
പക്ഷേ, കുറച്ചുപേർ കേരള പൊലീസിന്‍റെ പേരു ചീത്തയാക്കുന്നു. ജനങ്ങൾക്കു നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടവർ സ്വയം ക്രിമിനലുകളായി മാറുന്നു. എന്നിട്ട് ജനങ്ങളുടെ മേൽ കുതിരകയറുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി ഇത്തരക്കാരെ നന്നാക്കാനുള്ള ശ്രമങ്ങൾ പൊലീസിൽ നടക്കുന്നുണ്ട്. ഫലമുണ്ടാവുന്നില്ലെന്നു മാത്രം. അക്രമികളായ പൊലീസുകാർക്കെതിരായ നടപടികൾ പലപ്പോഴും പേരിനു മാത്രമുള്ളതാവുന്നു എന്നതാണ് ഇതിനു കാരണം. പൊലീസിനുള്ളിലെ കുറ്റക്കാരെ സംരക്ഷിക്കാൻ പൊലീസിൽ തന്നെ ആളുകളുണ്ടാവുന്നു. ഒരു സ്ഥലം മാറ്റമോ പേരിനൊരു സസ്പെൻഷനോ ലഭിച്ചതു കൊണ്ട് ഒന്നും സംഭവിക്കാനില്ല എന്നുറപ്പുള്ള അക്രമികൾ ആരെയും ഭയപ്പെടാതെ സേനയിൽ വിലസുകയാണ്. സേനയിൽ നിന്നു പുറത്തുപോകേണ്ടിവരുന്നതടക്കം കടുത്ത ശിക്ഷ കിട്ടുമെന്നു വന്നാൽ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് ഇത്തരക്കാർ പഠിക്കും.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൊലീസ് എന്താവാൻ പാടില്ല എന്നാണ് ഈ സംഭവം കാണിക്കുന്നത്. രണ്ടര വർഷം മുൻപാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ സുജിത്തിനെ അതിക്രൂരമായ വിധത്തിൽ മര്‍ദനത്തിന് ഇരയാക്കിയത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോടു വിവരങ്ങൾ അന്വേഷിച്ചതിനാണ് സുജിത്തിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചതത്രേ. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, പൊലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെ പറഞ്ഞ് വ്യാജ എഫ്ഐആറും തയാറാക്കിയത്രേ. വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്നു മനസിലാവുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് നാലു പൊലീസുകാരെ സ്ഥലംമാറ്റുകയും രണ്ടു വര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞുവയ്ക്കുകയുമായിരുന്നു നേരത്തേ എടുത്ത നടപടി. പൊലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ ഇപ്പോൾ പുറത്തുവന്നതോടെയാണ് എത്ര ക്രൂരമായാണു പൊലീസുകാർ പെരുമാറിയത് എന്നു ജനങ്ങൾ അറിയുന്നത്. മർദനത്തെത്തുടർന്ന് സുജിത്തിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പൊലീസിന്‍റെ പെരുമാറ്റ ദൂഷ്യവും അധികാര ദുർവിനിയോഗവും കൃത്യമായി കാണുന്ന സംഭവമാണിതെന്ന് ഇപ്പോൾ ഡിഐജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു പറയുന്നു. ജനങ്ങൾ ഇപ്പോൾ കാണുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തേ തന്നെ പൊലീസിന്‍റെ കൈവശമുള്ളതാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്നത്തെ നടപടി പേരിനു മാത്രമായതെന്ന ചോദ്യം പ്രസക്തമാണ്.
എന്തായാലും സംഭവത്തിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ, അക്രമികളെ സർവീസിൽ നിന്നു പുറത്താക്കി നിയമനടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായേ കാണാനാകൂവെന്ന പ്രതിപക്ഷത്തിന്‍റെ നിലപാട് അന്യായമെന്നു പറയാനാവില്ല. കുന്നംകുളത്തെ സംഭവം പുറത്തുവന്നതിനു പിന്നാലെ പീച്ചിയിലും കോഴിക്കോടും നടന്ന മർദനങ്ങളുടെ റിപ്പോർട്ടുകളും വരുന്നുണ്ട്. പീച്ചിയിൽ ഹോട്ടൽ മാനെജരെയും ജീവനക്കാരനെയും പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ പരാതിക്കു പിന്നാലെയായിരുന്നു മർദനമത്രേ. പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും പോക്സോ ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഹോട്ടൽ മാനെജർ പറയുന്നുണ്ട്. രണ്ടു വർഷം മുൻപായിരുന്നു ഈ സംഭവവും.
കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ സഹോദരങ്ങളെ മർദിച്ചെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. പൊലീസിന്‍റെ മോശം പെരുമാറ്റം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് സ്റ്റേഷനിൽ കയറ്റി മർദിച്ചതെന്നു പറയുന്നു. കഴിഞ്ഞവർഷം ഒക്റ്റോബറിലായിരുന്നു ഈ സംഭവം. ഇതിലും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മാത്രമാണ് ഉണ്ടായതത്രേ. പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവരെ സംരക്ഷിക്കേണ്ടതോ ഉൾക്കൊള്ളേണ്ടതോ ആയ ബാധ്യത പൊലീസിനില്ലെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ, കളങ്കിതർക്കു പൊലീസിൽ ഇപ്പോഴും സംരക്ഷണം കിട്ടുന്നുണ്ടെന്ന് ഇത്തരം സംഭവങ്ങൾ സൂചന നൽകുകയാണ്