ആരും ആരെയും തല്ലിക്കൊല്ലരുത് | മുഖപ്രസംഗം

ആരും ആരെയും തല്ലിക്കൊല്ലരുത് | മുഖപ്രസംഗം
ആരും ആരെയും തല്ലിക്കൊല്ലരുത് | മുഖപ്രസംഗംrepresentative image
Updated on

എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും സംഘടന വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നുമൊക്കെ സിപിഎം നേതാവ് എ.കെ. ബാലൻ വെള്ളിയാഴ്ച അവകാശപ്പെടുകയുണ്ടായി. പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സമ്മതിക്കില്ലെന്നാണു ബാലൻ പറയുന്നത്. നല്ലത്. സ്വന്തം സംഘടനയെ കാത്തുരക്ഷിക്കുക തന്നെ വേണം. പക്ഷേ, ആ സംഘടനയിലെ ചില അക്രമികൾ ആളുകളുടെ മെക്കിട്ടുകയറുന്നതു തടയാൻ കൂടി സിപിഎം നേതാക്കൾക്കു കഴിയണം. കേരളത്തിലെ ഒരു കലാലയവും ഭരിക്കേണ്ടതു വിദ്യാർഥി സംഘടനയല്ല എന്നും അവരെ ബോധ്യപ്പെടുത്തണം. ഗുരുനാഥൻമാർ കുട്ടിനേതാക്കൻമാർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവരല്ലെന്ന് അവരെ പഠിപ്പിക്കണം. അധ്യാപകൻ രണ്ടുകാലിൽ കോളെജിൽ കയറില്ലെന്നു പരസ്യമായി പ്രസംഗിക്കുന്നതല്ല ഗുരുദക്ഷിണയെന്നും പറഞ്ഞുകൊടുക്കണം. എസ്എഫ്ഐ എന്നല്ല കെഎസ്‌യു എന്നല്ല ഏതു വിദ്യാർഥി സംഘടനയായാലും അക്രമത്തിനിറങ്ങിയാൽ പൊലീസ് കർശനമായി നേരിടണം.

ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനയിലെ ഒരുകൂട്ടം "വിപ്ലവകാരികളുടെ' അക്രമരീതികളുമായി കേരളത്തിലെ കലാലയങ്ങൾ പൊരുത്തപ്പെട്ടുപോകണമെന്നു പറയുന്നത് നാടിന് അംഗീകരിക്കാനാവില്ല. പല ക്യാംപസുകളിലായി അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതു കണ്ണടച്ചു കൊടുത്താൽ ശേഷിച്ച ക്യാംപസുകളിലും ഇതുതന്നെയാവും അവസ്ഥ. വിദ്യാർഥി സംഘടനാ നേതാവാണെന്നത് കലാലയത്തിനകത്ത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല. ഏതു കോളെജിലും കയറിച്ചെന്ന് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്യാനുള്ള അവകാശവുമല്ല.

എതാനും ദിവസം മുൻപ് കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു ജില്ലാ നേതാവിനെ എസ്എഫ്ഐ അംഗങ്ങൾ മുറിയിലിട്ടു മർദിച്ചതും പിന്നീട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ എം. വിൻസെന്‍റ് എംഎൽഎയെ ആക്രമിച്ചതും കഴിഞ്ഞ ദിവസം നിയമസഭയിൽ ഉയർന്നു വന്നു. പൊലീസിനു മുന്നിൽ വച്ചാണ് എംഎൽഎയെ വിദ്യാർഥി നേതാക്കൾ കൈകാര്യം ചെയ്തതെന്ന് കോൺഗ്രസ് നേതാക്കളും അവിടെയുണ്ടായിരുന്ന പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകരും സ്റ്റേഷനിലേക്കു സംഘടിച്ചെത്തിയത്. അതു സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥയുണ്ടാക്കുകയായിരുന്നു.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇടിമുറിയിൽ കൊണ്ടുപോയി തന്നെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കോളെജ് ഹോസ്റ്റലിൽ വച്ച് മർദ്ദനമേറ്റ സാഞ്ചോസ് എന്ന കെഎസ്‌യു വിദ്യാർഥി പറയുന്നുണ്ട്. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും അക്രമികൾ കഴുത്തിലെ പിടി വിട്ടില്ലെന്നാണ് സാഞ്ചോസ് പറയുന്നത്. പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഹോസ്റ്റലിൽ തങ്ങുന്നു, പെൺകുട്ടികൾ അടക്കം നിരന്തരം റാഗിങ്ങിനു വിധേയമാവേണ്ടിവരുന്നു, അധ്യാപകർ എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കുന്നു എന്നൊക്കെ ആരോപണമുണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ടതും കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. കെഎസ്‌യു പ്രവർത്തകർ അക്രമങ്ങൾക്കു തുനിഞ്ഞിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ.

മറ്റു സംഘടനകളെയൊക്കെ അടിച്ചൊതുക്കി, വിദ്യാർഥികളെ പേടിപ്പിച്ചുനിർത്തി സ്വന്തം സംഘടനയെ വളർത്തിവലുതാക്കുകയെന്ന വ്യാമോഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതു ജനാധിപത്യപരമല്ല. സംഘർഷ സാഹചര്യങ്ങളുണ്ടാവുമ്പോൾ തല്ലിത്തീർക്കുകയല്ല പരിഹാരം. സമീപകാലത്ത് കേരളത്തെ മുഴുവൻ അതീവ ദുഃഖത്തിലാക്കിയ സംഭവമായിരുന്നു പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം. ക്യാംപസിൽ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനാവേണ്ടിവന്ന സിദ്ധാർഥനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അതിൽ എസ്എഫ്ഐ നേതാക്കൾ തന്നെയാണ് ആരോപണ വിധേയരായതെന്നു മറക്കരുത്.

കൊയിലാണ്ടി ഗുരുദേവ കോളെജിൽ പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിൻസിപ്പൽ തന്നെ മർദിച്ചെന്ന് ഒരു എസ്എഫ്ഐ നേതാവും പരാതിപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പലിന്‍റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കേണ്ടതു തന്നെയാണ്. എന്നാൽ, പുറത്തുനിന്നുള്ളവർ എന്തിനാണു കോളെജിൽ കയറി അക്രമത്തിനു വഴിയൊരുക്കുന്നതെന്ന ചോദ്യം ഉന്നയിക്കപ്പെടാതെ പോകേണ്ടതല്ല. കൂട്ടമായി പ്രിൻസിപ്പലിനെ ആക്രമിക്കുക മാത്രമല്ല പിന്നീട് അദ്ദേഹത്തിനെതിരേയും അധ്യാപകനെതിരേയും എസ്എഫ്ഐ നേതാവ് പരസ്യമായി ഭീഷണി മുഴക്കുന്നതും സംസ്ഥാനം മുഴുവൻ കേട്ടതാണ്. ഗുരുനാഥൻ രണ്ടുകാലിൽ കോളെജിൽ കയറില്ലെന്നു പൊലീസിനെ സാക്ഷി നിർത്തി വിദ്യാർഥികൾക്കു മുന്നിൽ പ്രസംഗിക്കുന്ന നേതാവ് എന്തു സന്ദേശമാണു നൽകുന്നത്. അധികാരികൾക്കു കഴിയുന്നില്ലെങ്കിൽ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐയ്ക്ക് അറിയാമെന്നാണു പ്രസംഗകന്‍റെ അവകാശവാദം!

എസ്എഫ്‍ഐയുടേത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നറിയിപ്പു നൽകുന്നതെങ്കിലും സിപിഎം-എസ്എഫ്ഐ നേതാക്കൾ ശ്രദ്ധിച്ചാൽ നല്ലത്. അക്രമിക്കൂട്ടങ്ങളെ നിലയ്ക്കു നിർത്തുന്നില്ലെങ്കിൽ കേരളത്തിലെ കലാലയാന്തരീക്ഷം മോശമാവുകയാവും ഫലം. അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചൊക്കെ പറയുന്നതിനു മുൻപ് ക്യാംപസുകൾ പഠിക്കാൻ പറ്റിയ ഇടങ്ങളാക്കി മാറ്റണം. ഹോസ്റ്റലുകളിലെ ഇടിമുറികൾ ഇടിച്ചുനിരത്തണം.

Trending

No stories found.

Latest News

No stories found.