ആവേശമുയർത്തിയ രഞ്ജി ക്രിക്കറ്റ് ടീം | മുഖപ്രസംഗം

ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജിയുടെ ഫൈനൽ കളിച്ചത്. അതിൽ വീറോടെ പൊരുതി എന്നതു ടീമിന്‍റെ വിശ്വാസ്യത നിലനിർത്തുന്നുണ്ട്.
Kerala Ranji trophy read editorial

കേരള രഞ്ജി ട്രോഫി ടീമിനെ സംസ്ഥാന സർക്കാർ ആദരിച്ച ചടങ്ങിൽ നിന്ന്

ചിത്രം: കെ.ബി. ജയചന്ദ്രൻ

Updated on

കേരളത്തിലെ ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ പ്രതീക്ഷയായിരുന്നു രഞ്ജി ട്രോഫിയിലെ കന്നിക്കിരീടം. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എതിരാളികളായ വിദർഭയെ ഒന്നാം ഇന്നിങ്സിൽ 379 റൺസിനു പുറത്താക്കിയ കേരളം ആദ്യ ദിവസങ്ങളിൽ ആ പ്രതീക്ഷ സജീവമായി നിലനിർത്തിയതാണ്. നായകൻ സച്ചിൻ ബേബിയുടെ 98 റൺസ് പ്രകടനത്തിന്‍റെ പിൻബലത്തിൽ ആറു വിക്കറ്റിന് 324 റൺസ് വരെ കേരളം എത്തുകയും ചെയ്തു. സച്ചിൻ ബേബി സെഞ്ചുറി കടക്കുകയും കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടുകയും ചെയ്യുന്നതു കാത്തിരിക്കുകയായിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഏഴാം വിക്കറ്റ് വീഴുന്നത്. രേഖഡെയുടെ പന്തിൽ കരുൺ നായർ പിടിച്ച് ക്യാപ്റ്റൻ പുറത്തായതോടെ കേരളത്തിന്‍റെ സാധ്യതകളും മങ്ങി. 342 റൺസിന് കേരളത്തിന്‍റെ 10 വിക്കറ്റും വീണപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ആനുകൂല്യം വിദർഭയ്ക്കൊപ്പമായി. പിന്നെയുള്ള ഏക മാർഗം രണ്ടാം ഇന്നിങ്സിൽ വിദർഭയെ അതിവേഗം പുറത്താക്കുക എന്നതായിരുന്നു. പക്ഷേ, ടീമിന്‍റെ നെടുംതൂണായി നിന്ന് 135 റൺസ് നേടിയ കരുൺ നായർ ആ സാധ്യതയും തല്ലിക്കെടുത്തി. ഒമ്പതു വിക്കറ്റിന് 375 റൺസിൽ അവരെത്തിയതോടെ മത്സരം സമനിലയെന്ന് ഉറപ്പിച്ചു കളി പിരിഞ്ഞു. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ആനുകൂല്യത്തിൽ വിദർഭ ചാംപ്യൻമാരുമായി.

ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ ഒരു റൺസിന്‍റെയും സെമി ഫൈനലിൽ ഗുജറാത്തിനെ രണ്ടു റൺസിന്‍റെയും ഒന്നാം ഇന്നിങ്സ് ലീഡിൽ മറികടന്ന കേരളത്തെ കലാശക്കളിയിൽ ആ ഭാഗ്യം തുണച്ചില്ല. അപ്പോഴും ഇത്തവണത്തെ രഞ്ജി ട്രോഫി സീസണിൽ കേരളം കാഴ്ചവച്ച പ്രകടന മികവ് അഭിനന്ദനാർഹമാണ്. തോൽവിയറിയാതെ വിദർഭ ചാംപ്യൻമാരായി. ഫൈനൽ വരെ തോൽവിയറിയാതെയാണ് കേരളവും എത്തിയത്. 2017-18, 2018-19 സീസണുകളിൽ ചാംപ്യൻമാരായ വിദർഭയുടെ മൂന്നാമത്തെ രഞ്ജി കിരീടമാണിത്. കഴിഞ്ഞ തവണ ഫൈനൽ വരെയെത്തി മുംബൈയോടു തോറ്റിരുന്നു. മുംബൈയും ഡൽഹിയും കർണാടകയും പോലുള്ള കൊലകൊമ്പന്മാർ വർഷങ്ങളോളം ആധിപത്യം സ്ഥാപിച്ചിരുന്ന ആഭ്യന്തര ക്രിക്കറ്റിൽ അസൂയാർഹമായ മുന്നേറ്റമാണ് വിദർഭ കാഴ്ചവയ്ക്കുന്നത്. ശരിയായ മാർഗനിർദേശങ്ങളും അർപ്പണ ബോധവും ഉറപ്പിച്ചാൽ ഏതു ടീമിനും കരുത്തുകാണിക്കാനാവുമെന്ന് വിദർഭയും ഇത്തവണ കേരളവും തെളിയിച്ചുകഴിഞ്ഞു. രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത് അസാധ്യമല്ലെന്ന വിശ്വാസം കേരളത്തിനുണ്ടാക്കാൻ ഈ പ്രകടനം വഴിയൊരുക്കിയിട്ടുണ്ട്. വരുംകാലത്ത് കപ്പുമായി മടങ്ങാൻ അതു സഹായിക്കണം. ആരും വലിയ പ്രതീക്ഷയൊന്നും വച്ചുപുലർത്താതിരുന്ന കേരള ടീമിനെ ഫൈനൽ വരെ എത്തിച്ച പരിശീലകൻ അമയ് ഖുറാസിയ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജിയുടെ ഫൈനൽ കളിച്ചത്. അതിൽ വീറോടെ പൊരുതി എന്നതു ടീമിന്‍റെ വിശ്വാസ്യത നിലനിർത്തുന്നുണ്ട്. രഞ്ജി ട്രോഫിയിൽ റണ്ണേഴ്സ് അപ്പാവുന്ന ടീമായി മാറാൻ കഴിഞ്ഞുവെന്നത് കേരളത്തിനു ചെറിയ കാര്യമല്ല. കരുത്തുറ്റ ടീമുകളെ മറികടന്നാണ് ഇവിടെ വരെയെത്തിയത്. ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത ടീമിനു മുതൽക്കൂട്ടായി. പൂനെയിലെ ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിന്‍റെ അവസാന ദിവസം മുഴുവൻ പിടിച്ചുനിന്ന കേരളത്തിന്‍റെ ബാറ്റിങ് പ്രകടനം പ്രശംസനീയം തന്നെയായിരുന്നു. വിജയം മാത്രം ലക്ഷ്യമിട്ടുള്ള എതിരാളികളുടെ ബൗളിങ് ആക്രമണം പ്രതിരോധിക്കുക അന്ന് ഒട്ടും എളുപ്പമായിരുന്നില്ല. സെമിയിൽ ഗുജറാത്തിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ മറികടന്ന കേരളത്തിന്‍റെ പ്രകടനവും ശ്രദ്ധേയമായി. 341 പന്തുകളിൽ 177 റൺസെടുത്ത മുഹമ്മദ് അസറുദ്ദീന്‍റെ ബാറ്റിങ് പ്രത്യേക പ്രശംസ നേടുകയുണ്ടായി.

ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ എട്ടു വിക്കറ്റിനു തോൽപ്പിച്ചുകൊണ്ടാണ് കേരളം ഇത്തവണത്തെ രഞ്ജി ട്രോഫിക്കു തുടക്കമിടുന്നത്. കർണാടകയും ബംഗാളുമായുള്ള മത്സരങ്ങൾ ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കാനാവാത്ത സമനിലകളായിരുന്നു. ഉത്തർപ്രദേശിനെ ഇന്നിങ്സിനും 117 റൺസിനും തോൽപ്പിച്ചു. ഹരിയാനക്കെതിരേ സമനിലയായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മധ്യപ്രദേശുമായുള്ള മത്സരവും സമനിലയായപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡ് കേരളത്തിനായിരുന്നു. ബിഹാറിനെ ഇന്നിങ്സിനും 169 റൺസിനും തകർത്തു.

പ്രതീക്ഷ നൽകുന്ന ഒരുപിടി യുവതാരങ്ങൾ നമുക്കുണ്ട്. അവരെ ചാംപ്യൻമാരാകുകയെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കാൻ കേരള ക്രിക്കറ്റിനാവണം. 1994-95ൽ പ്രീ ക്വാർട്ടർ, 2017-18ൽ ക്വാർട്ടർ, 2018-19ൽ സെമി എന്നിവയാണ് രഞ്ജി ട്രോഫിയിൽ ഇതിനുമുൻപുള്ള കേരളത്തിന്‍റെ ചില മുന്നേറ്റങ്ങൾ. മുൻപ് ക്വാർട്ടറിലും പിന്നീട് സെമിയിലും കേരളത്തെ തോൽപ്പിച്ചതു വിദർഭ തന്നെയായിരുന്നു. 2019 ജനുവരിയിൽ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു കേരളം- വിദർഭ സെമിഫൈനൽ. അന്ന് കേരളത്തിന് ഇന്നിങ്സ് പരാജയമാണു നേരിടേണ്ടിവന്നത്. 2017-18ലെ കേരളം- വിദർഭ ക്വാർട്ടർ നടന്നതു സൂററ്റിൽ. 412 റൺസിന് അന്നവർ കേരളത്തെ തോൽപ്പിച്ചു. ഇത്തരത്തിലുള്ള കനത്ത പരാജയങ്ങൾ പഴംകഥയാക്കിയാണ് ഇക്കുറി റണ്ണേഴ്സ് അപ്പിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും ഇന്നലെ ഹയാത്ത് ഹോട്ടലിൽ സർക്കാരും ഒരുക്കിയ വരവേൽപ്പ് ടീം അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു. നാടു മുഴുവൻ ഈ ടീമിനെ അനുമോദിക്കുന്നുണ്ട്. കൂടുതൽ കേരള താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാനുള്ള അവസരം ലഭിക്കുന്നതിന് ഇത്തരം പ്രകടനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കണം. ദേശീയ സെലക്റ്റർമാരുടെ ശ്രദ്ധയാകർഷിക്കാൻ മികച്ച പ്രകടനങ്ങൾ തന്നെ വേണം. കൂടുതൽ ആവേശത്തോടെ വരുംകാല മത്സരങ്ങൾക്ക് ഇറങ്ങാൻ കേരള താരങ്ങൾക്കു കഴിയട്ടെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com