ഇതര സംസ്ഥാന ക്രിമിനലുകൾക്ക് അഭയ കേന്ദ്രമാവരുത് കേരളം| മുഖപ്രസംഗം

കേരളത്തിൽ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും പ്രതികളാവുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്
Kerala should not become a haven for criminals from other states | Editorial

ഇതര സംസ്ഥാന ക്രിമിനലുകൾക്ക് അഭയ കേന്ദ്രമാവരുത് കേരളം| മുഖപ്രസംഗം

representative image

Updated on

സമീപ കാലത്തായി "അതിഥി തൊഴിലാളികൾ' എന്നു നാം വിശേഷിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മലയാളികളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിട്ടുണ്ട്. അവരെ ഒഴിവാക്കിയുള്ള ഒരു കേരളത്തെക്കുറിച്ച് ആലോചിക്കാൻ പോലുമാവില്ല. സംസ്ഥാനത്തിന് അവർ നൽകുന്ന സേവനങ്ങളെ വില കുറച്ചു കാണേണ്ടതുമില്ല. വർഷങ്ങളായി ഇവിടെ തങ്ങുന്നവരും സമീപകാലത്തായി എത്തിയിട്ടുള്ളവരും അടക്കം ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ മേഖലകളിലായി തൊഴിലെടുത്തു ജീവിക്കുന്നുണ്ട്. പല ജോലികൾക്കും മലയാളികൾ പ്രധാനമായി ആശ്രയിക്കുന്നതും ഇവരെയാണ്. അവരിൽ ബഹുഭൂരിഭാഗവും നാട്ടുകാരുമായി സൗഹൃദത്തിൽ കഴിയുന്നവരും മാന്യമായി ജീവിക്കുന്നവരുമാണ്. എന്നാൽ, ഒരു വിഭാഗം ക്രിമിനലുകൾ ഇവർക്കിടയിലുണ്ടെന്നത് എല്ലാവർക്കും നല്ല ബോധ്യമുള്ളതാണ്. ഈ ക്രിമിനലുകളെ കണ്ടെത്തി അവരിൽ നിന്നു ജനങ്ങൾ നേരിടുന്ന ഭീഷണി ഒഴിവാക്കുന്നതിന് ഇനിയും ഫലപ്രദമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നല്ല നിലയിൽ ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കു കൂടി അപമാനമാവുകയാണ് ക്രിമിനൽ വാസന കാണിക്കുന്നവർ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾ പ്രതികളായ കൊലപാതകങ്ങൾ സംസ്ഥാനത്തു പലതു നടന്നുകഴിഞ്ഞു. അതിൽ അവസാനത്തേതാണ് കോട്ടയം തിരുവാതുക്കലിൽ ഉണ്ടായത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്‍റെ ഉടമയായ പ്രമുഖ വ്യവസായി വിജയകുമാറിനെയും ഭാര്യ മീര വിജയകുമാറിനെയും രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കോടാലികൊണ്ട് വെട്ടി അതിക്രൂരമായി കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാംഗ് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം മാളയിലെത്തി അവിടെയൊരു കോഴിഫാമിനു സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കൊലപാതക വിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ കേരള പൊലീസിനു കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ മുൻ ജീവനക്കാരനായിരുന്ന അമിത് വ്യക്തിവൈരാഗ്യം തീർക്കാനാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്നു പൊലീസ് പറയുന്നുണ്ട്. ജോലിയിൽ നിന്നു പറഞ്ഞുവിട്ടതും മൊബൈൽ ഫോൺ മോഷ്ടിച്ച് ഓൺലൈനായി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതിനു പൊലീസിൽ പരാതി നൽകിയതും വൈരാഗ്യത്തിനു കാരണമായത്രേ. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും പ്രതികളാവുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് വിൽപ്പനയടക്കമുള്ള സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇതര സംസ്ഥാനക്കാരും ഏറെയാണ്. കൊടും ക്രിമിനലായ ബിഹാർ സ്വദേശി അസ്ഫാക് ‍ആലം ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം അതിഥി തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിനു പല നടപടികളും പറഞ്ഞുകേട്ടിരുന്നെങ്കിലും അവയൊക്കെ എന്തുമാത്രം പ്രായോഗികമായിട്ടുണ്ടെന്നു പരിശോധിക്കപ്പെടേണ്ടതാണ്. പുറത്തുനിന്നുള്ള ക്രിമിനലുകൾക്ക് അഭയം ഒരുക്കുന്ന കേന്ദ്രമായി കേരളം മാറിക്കൂടാ. അതിന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കർശന നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്.

തങ്ങൾക്കൊപ്പം താമസിക്കുന്നവർ ക്രിമിനൽ മാനസികാവസ്ഥയുള്ളവരാണെന്ന് മറ്റ് തൊഴിലാളികൾ ഒരുപക്ഷേ തിരിച്ചറിയുന്നതു പോലുമുണ്ടാവില്ല. ജോലിക്കു നിർത്തുന്ന മലയാളികൾക്കും ഇവരെക്കുറിച്ച് ഒരറിവും ഉണ്ടാവണമെന്നില്ല. ഇവർ ഏതു സംസ്ഥാനക്കാരാണ് എന്നതു പോലും നിശ്ചയമില്ല. ബംഗാളികൾ എന്നും ഭായിമാർ എന്നും പൊതുവേ വിളിക്കുന്ന ഇവർ ബംഗ്ലാദേശുകാരാണോ എന്നുപോലും ആർക്കും നിശ്ചയമില്ല. തൃശൂരിൽ ഓടുന്ന ട്രെയ്നിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രിമിനൽ പശ്ചാത്തലം താൻ അറിഞ്ഞിരുന്നില്ലെന്ന് അയാളെ ജോലിക്കു നിർത്തിയ ബാർ ഉടമ പറയുകയുണ്ടായി. കുന്നംകുളത്തെ ബാറിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ മദ്യപിച്ചു ജോലിക്കു വന്നപ്പോഴാണ് ബാർ ഉടമ പറഞ്ഞുവിട്ടത്. ഒഡീഷയിലേക്കു പോകാൻ ട്രെയ്നിൽ കയറിയ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് ടിടിഇയെ ട്രെയ്നിൽ നിന്നു തള്ളിയിട്ടതെന്നും പൊലീസ് അന്നു വെളിപ്പെടുത്തിയിരുന്നു.

കൊച്ചിയിൽ വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇതര സംസ്ഥാനക്കാർ അതിക്രൂരമായി മർദിച്ച ഹൈക്കോടതി ജീവനക്കാരൻ മരിച്ച സംഭവം കഴിഞ്ഞവർഷം ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ തന്നെ ഹോട്ടലിൽ ഭക്ഷണം ലഭിക്കാൻ വൈകിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഹോട്ടൽ ഉടമയ്ക്കൊപ്പം അറസ്റ്റിലായതും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. ചാലക്കുടി ആനമലയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ശ്വാസം മുട്ടിച്ചും തലയിൽ കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായതും അസം സ്വദേശിയായ ഒരു യുവാവ്. വാഴക്കുളത്ത് മോഷണ ശ്രമത്തിനിടെ ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു. നിയമ വിദ്യാർഥിനിയായിരുന്ന ജിഷയെ ഒമ്പതു വർഷം മുൻപ് അസം സ്വദേശിയായ അമിറുൾ ഇസ്‌ലാം അതിക്രൂരമായി കൊലപ്പെടുത്തിയത് കേരളത്തിനു മറക്കാനാവാത്ത മറ്റൊരു ദുരന്ത സംഭവമാണ്. ഇത്തരത്തിൽ എത്രയോ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഇതര സംസ്ഥാന ക്രിമിനലുകൾ പ്രതികളായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തി താമസിച്ചു തൊഴിലെടുക്കുന്നവർ ക്രിമിനലുകളല്ല എന്നുറപ്പു വരുത്താനും, അവർ ഇന്ത്യക്കാർ തന്നെയാണെന്ന് ഉറപ്പുവരുത്താനും ഇനിയും എന്തൊക്കെ നടപടികൾ വേണമെന്നു സർക്കാർ ആലോചിക്കട്ടെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com