
ജനവാസ മേഖലകളിൽ വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുകയും ജനജീവിതം ഭീതിജനകമാക്കുകയും ജീവനെടുക്കുക തന്നെയും ചെയ്യുന്നതു തടയാൻ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാൻ വനം വകുപ്പിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല. അതേസമയം, നാട്ടിലിറങ്ങിയ കടുവക്കുട്ടിയുടെ ജഡം സ്വകാര്യ തോട്ടത്തിൽ കണ്ടതിനെത്തുടർന്ന് നാട്ടുകാർക്കെതിരേ നിയമ നടപടികളെടുക്കാൻ എന്തു ജിജ്ഞാസയാണ് വനം വകുപ്പ് അധികൃതർക്കുള്ളത്...! അതിന്റെ ഫലമായാണ് വയനാട് അമ്പുകുത്തി പാടിപ്പറമ്പ് നാലു സെന്റ് കോളനിയിലെ ഹരി തൂങ്ങിമരിച്ചത് എന്നാണല്ലോ നാട്ടുകാർ പറയുന്നത്. കടുവ ചത്തത് എങ്ങനെയാണെന്നു കണ്ടുപിടിക്കാൻ കാണിക്കുന്ന ആത്മാർഥതയുടെ ചെറിയൊരംശമെങ്കിലും വന്യമൃഗങ്ങൾ ഇങ്ങനെ നാട്ടിലിറങ്ങി വിലസുന്നതു തടയാനും കാണിക്കേണ്ടതല്ലേ.
വയനാട്ടിൽ വനത്തിൽ നിന്നും ഏറെ അകലെയുള്ള ജനവാസ മേഖലകളായ പൊന്മുടിക്കോട്ടയിലും കുപ്പക്കൊല്ലി, അമ്പുകുത്തി, എടക്കൽ, പാടിപ്പറമ്പ് ഭാഗങ്ങളിലും കുറച്ചുകാലമായി കടുവയുടെ ശല്യം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇപ്പോൾ ചത്ത കടുവ കൂടാതെ മറ്റൊരു കടുവ കൂടി ജനവാസ മേഖലകളിൽ ഇറങ്ങുന്നുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. രണ്ടു മാസത്തിനിടെ ഒരു ഡസനോളം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിടിക്കാൻ കൂടുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നുവെങ്കിലും അതിലൊന്നും കുടുങ്ങാതെ വിലസുകയായിരുന്ന കടുവക്കുട്ടിയുടെ ജഡമാണ് ഒരു സ്വകാര്യ തോട്ടത്തിൽ കഴുത്തിൽ കുരുക്കു കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്. രണ്ടു മാസം മുൻപ് പൊന്മുടിക്കോട്ടയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പെൺകടുവയുടെ കുഞ്ഞാണ് ചത്തതെന്നാണു നിഗമനം.
കടുവ ചത്തു കിടക്കുന്നതു കണ്ടുവെന്നു പറയുന്നവരുടെ സംഘത്തിൽ ഉണ്ടായിരുന്നയാളാണ് ഹരി. ഇതേത്തുടർന്നാണത്രേ വനം വകുപ്പുകാർ ഹരിയെ ചോദ്യം ചെയ്തത്. തന്നെ കേസിൽ കുടുക്കുമെന്നു ഭയപ്പെട്ടാണ് ഹരി ആത്മഹത്യ ചെയ്തതെന്നു വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഹരിയുടെ ഭാര്യ പറയുന്നുണ്ട്. കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണു ചെയ്തതെന്നും കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോൾ അധികൃതർ അവകാശപ്പെടുന്നു. ചോദ്യം ചെയ്തയാൾ ജീവനൊടുക്കി എന്നതിനാൽ അവർ അങ്ങനെ പറയുന്നതു സ്വാഭാവികമാണ്. അതു മുഖവിലക്കെടുക്കാനാവില്ല. വനം വകുപ്പുകാർ ഹരിയെ ഭീഷണിപ്പെടുത്തിയിരുന്നോ, ജീവിതം വഴിമുട്ടിയെന്നു ഹരിക്കു തോന്നാൻ ഇടയാക്കിയ സാഹചര്യമെന്താണ്- അന്വേഷണത്തിലൂടെ അതു കണ്ടെത്തുക തന്നെ വേണം.
ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തന്റെ പറമ്പിൽ അതിക്രമിച്ചു കടന്ന് മറ്റു ചിലർ കുരുക്കു വച്ചതാവാമെന്നാണ് സ്ഥലം ഉടമ പറയുന്നത്. ഇതേത്തുടർന്നായിരുന്നു കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇതിനിടെ, കടുവയെ ചത്തനിലയിൽ കണ്ടെത്തിയ ദിവസം തന്നെ ഈ ഭാഗത്ത് ഒരു പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്. വന്യമൃഗങ്ങൾക്കും ജീവിക്കണം എന്നതിൽ തർക്കമൊന്നുമില്ല. വനപ്രദേശത്ത് അവയുടെ ജീവിതം തടസപ്പെടാനും പാടില്ല. എന്നുവച്ച് ജനവാസ മേഖലകളിലും അവയിറങ്ങി വിലസുന്നതു തടയപ്പെടണം. വനം വകുപ്പാണ് അതിനു നടപടിയെടുക്കേണ്ടത്. ഈ നടപടികൾ നീണ്ടുപോവുകയും മനുഷ്യജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യുമ്പോഴാണ് നാട്ടുകാർക്ക് പ്രതിഷേധവുമായി ഇറങ്ങേണ്ടിവരുന്നത്.
വയനാട്ടിൽ തന്നെ എത്രയോ ഭാഗത്ത് വന്യമൃഗങ്ങളുടെ നിരന്തര ശല്യമുണ്ടാവുന്നുണ്ട്. അതിനൊന്നും യാതൊരു പോംവഴിയും തെളിഞ്ഞിട്ടില്ല. അടുത്തിടെ ബത്തേരി കരടിമൂലയിൽ വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ച സംഭവമുണ്ടായി. മാനന്തവാടി പിലാക്കാവിൽ പശുവിനെ ആക്രമിച്ചു കൊന്നതും കടുവയാണെന്നാണു കരുതുന്നത്. ഇതേത്തുടർന്ന് നാട്ടുകാർ അധികൃതർക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇവിടെ നിരന്തരം വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് അവർ പറയുന്നുണ്ട്. വയനാട് പുതുശേരി വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കർഷകനായ തോമസ് മരിച്ചത് അടുത്തിടെയാണ്. ഇതേത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ദിവസങ്ങൾക്കു ശേഷം ഈ കടുവയെ വനപാലകർ മയക്കുവെടിവച്ചു പിടികൂടിയത്. കടുവ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകർ സ്ഥലത്തെത്താൻ വൈകിയതാണ് തോമസിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണു നാട്ടുകാർ ആരോപിച്ചത്. കാൽപ്പാടു കണ്ട ഭാഗത്തു തിരച്ചിൽ നടത്താതെ വനപാലകർ തിരിച്ചുപോയെന്നും അന്നു പരാതി ഉയർന്നതാണ്.
മലയോര മേഖലകളിലെ വന്യമൃഗശല്യം സംസ്ഥാനത്തു പൊതുവിൽ നാട്ടുകാർക്കു വിനയായിരിക്കുകയാണ്. വയനാട്ടിൽ തന്നെ കാട്ടുപന്നികളുടെ ആക്രമണവും കാട്ടാനകളുടെ നിരന്തര ശല്യവും പലയിടത്തും ജനങ്ങൾ നേരിടുന്നുണ്ട്. ഇതിനെല്ലാം അടിയന്തര പരിഹാരം കാണേണ്ടതായിട്ടാണിരിക്കുന്നത്. അതുണ്ടാവുന്നില്ലെന്നത് മലയോര കർഷകരുടെ ഭാഗത്തുനിന്നുള്ള പരാതിയുമാണ്. അതിനിടെയാണ് കടുവ ചത്തതിന്റെ പേരിലുള്ള ചോദ്യം ചെയ്യൽ മൂലം കടുത്ത മാനസിക സമ്മർദം അനുഭവിച്ച് നാട്ടുകാരൻ തുങ്ങിമരിച്ചുവെന്ന് ആരോപണമുയരുന്നത്.