

ഇതു ഡിജിറ്റൽ വിപ്ലവത്തിന്റെ കാലഘട്ടമാണ്. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണു സർവ മേഖലകളിലും. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ക്രമസമാധാനം, ടൂറിസം, ബാങ്കിങ് എന്നുവേണ്ട എവിടെയാണ് ഡിജിറ്റൽ മുന്നേറ്റമില്ലാത്തത്. ഡിജിറ്റൈസേഷനിൽ അതിവേഗ പുരോഗതി നേടുന്നതിന് ലോകമെമ്പാടുമുള്ള ഭരണ സംവിധാനങ്ങളും പ്രത്യേക ശ്രദ്ധ നൽകിവരികയാണ്. കേന്ദ്ര സർക്കാർ സമീപവർഷങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയും നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് പദ്ധതിയും ദേശീയ ബ്രോഡ്ബാൻഡ് ദൗത്യവും ദേശീയ ഡാറ്റ സെന്റർ നയവും എല്ലാം ഇന്ത്യൻ കുതിപ്പിന് കരുത്തുപകരുന്നു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇന്ത്യ ഇന്ന്. 800 ദശലക്ഷത്തിലധികം ഇന്റർനെറ്റ് കണക്ഷനുകൾ രാജ്യത്തുണ്ട് എന്നാണു കണക്ക്.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടു മുതലുള്ളവർക്ക് ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്നത് സർക്കാരുകളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനം കേരളത്തിലുമുണ്ടാകുന്നു. സർക്കാർ സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിൽ കേരളം സമീപകാലത്ത് വലിയ തോതിലുള്ള മുന്നേറ്റമാണു കാഴ്ചവച്ചിരിക്കുന്നത്. കേരളം രാജ്യത്തെ സമ്പൂർണ ഇ- ഗവേണൻസ് സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രഖ്യാപിക്കുകയാണ്. ഇതു സാധ്യമാക്കിയതിലൂടെ ഐടി മിഷൻ വലിയൊരു ചുവട് മുന്നോട്ടുവച്ചിരിക്കുന്നു. പണം അടയ്ക്കാനുള്ള സംവിധാനം അടക്കം എണ്ണൂറിലേറെ സർക്കാർ സേവനങ്ങൾ ഇ-സേവന ഏകജാലക സംവിധാനത്തിലേക്ക് മാറുകയാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ-ഗവേണൻസിലൂടെ കേരളത്തിനു കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹവും സാമ്പത്തിക വ്യവസ്ഥയും എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണിത്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്കും ഇതിനൊപ്പം കേരളം മുന്നേറുകയാണ്. രാജ്യത്ത് സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമാണു കേരളം. ഈ നേട്ടം കൈവരിച്ചിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടു. പിന്നീട് ഡിജിറ്റൽ അധിഷ്ഠിത സമൂഹം രൂപപ്പെട്ടുവരുമ്പോൾ അതിനും മാതൃകയായി മുന്നിൽ നിൽക്കാൻ സംസ്ഥാനത്തിനു കഴിയുന്നുവെന്നത് അഭിമാനകരം തന്നെ. ഇന്റർനെറ്റ് ലഭ്യത പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കൂടിയാണു കേരളം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടന്നുവരികയാണ്.
മുഴുവൻ ജനങ്ങൾക്കും താങ്ങാനാവുന്ന ചെലവിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയെന്നത് പുതിയ കാലത്തിന്റെ ആവശ്യകതയാണ്. അതു നിറവേറ്റാൻ സർക്കാരിനു കഴിയുകയും വേണം. സാങ്കേതിക വിദ്യകൾ ഇത്രയേറെ വികസിച്ചിട്ടും സർക്കാർ സേവനങ്ങൾക്കായി നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഹിതകരമല്ല. ആ അവകാശം എല്ലാവർക്കും എല്ലായിടത്തും അതിവേഗത്തിൽ ഉറപ്പാക്കുക തന്നെ വേണം.
കേരളത്തിന്റെ ഇ- ഗവേണൻസ് സർവീസ് ഡെലിവറി സംവിധാനത്തിന് നേരത്തേ തന്നെ ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. പൗരന്മാർക്ക് എങ്ങനെ ഫലപ്രദമായി ഓൺലൈൻ സേവനങ്ങൾ നൽകുന്നുവെന്ന് വിശകലനം നടത്തി കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തു വന്നിട്ടുണ്ട് കേരളം. വിവരങ്ങളും സേവന ലിങ്കുകളും ലഭ്യമാക്കുന്ന മികച്ച ഏകജാലക സംവിധാനത്തിനുള്ള ഒന്നാം റാങ്ക് കേരള സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത സേവന വിതരണ പ്ലാറ്റ്ഫോമായ "ഇ-സേവനം' ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. കൊവിഡ് കാലത്ത് ഓഫിസുകളിൽ പോകാതെ വീട്ടിലിരുന്ന് പോർട്ടലിലൂടെ സേവനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിരുന്നു. ഓരോ വകുപ്പിന്റെയും വെബ്സൈറ്റിനെ ആശ്രയിച്ചാണ് ജനങ്ങൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചിരുന്നത്. ഈ സേവനത്തിന്റെ പേരായ്മകൾ പരിഹരിച്ച് എല്ലാ സർക്കാർ സേവനങ്ങളെയും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയാണ് "ഇ-സേവനം' എന്ന പേരിൽ കേന്ദ്രീകൃത കേരള സർവീസ് പോർട്ടൽ രൂപകൽപ്പന ചെയ്തത്. അത് അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണിപ്പോൾ.