ഷാജിയെ കുടുക്കിയവർ സംരക്ഷിക്കപ്പെടരുത് | മുഖപ്രസംഗം

കലാമത്സരങ്ങളിലെ സമ്മാനാർഹരെ നിശ്ചയിക്കുന്നതും വിദ്യാർഥി യൂണിയന്‍റെ കൈയൂക്കു കൊണ്ടാണെങ്കിൽ കലോത്സവങ്ങൾ നടത്താതിരിക്കുകയാണു നല്ലത്. അതല്ല ഈ ആരോപണങ്ങളൊക്കെ കെട്ടിച്ചമച്ചതാണെങ്കിൽ അതും തെളിയട്ടെ.
kerala university shaji bribe case editorial
kerala university shaji bribe case editorial

രാഷ്‌ട്രീയക്കളികളും അടിപിടിയും ഫലനിർണയത്തിലെ വഴിവിട്ട ഇടപെടലുകളും എല്ലാമായി അലങ്കോലമായ കേരള സർവകലാശാലാ കലോത്സവം നിർത്തിവയ്ക്കേണ്ടിവന്നതിനു പിന്നാലെ അതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ കോഴ ആരോപണത്തിന് അറസ്റ്റിലായ മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എന്‍. ഷാജിയുടെ ആത്മഹത്യ അതീവ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഷാജിയെയും നൃത്തപരിശീലകരായ മറ്റു രണ്ടു പേരെയും കോഴ ആരോപണത്തിൽ കുടുക്കി അറസ്റ്റു ചെയ്യിപ്പിച്ചത് വിദ്യാർഥി യൂണിയന്‍റെ നേതാക്കൾക്കു താത്പര്യമില്ലാത്ത ടീമിന് ഒന്നാം സ്ഥാനം ലഭിക്കാതിരിക്കാൻ വേണ്ടിയാണ് എന്ന ആരോപണം ഒട്ടും ഗൗരവം കുറയാതെ അന്വേഷിക്കേണ്ടതാണ്. ഷാജിയടക്കം കോഴക്കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്നു പേരെയും ഒരു സംഘം എസ്എഫ്ഐ നേതാക്കൾ മർദിച്ചു എന്നും ആരോപണമുണ്ട്. സമ്മർദത്തിനു വഴങ്ങാത്തതിനെത്തുടർന്നായിരുന്നു മർദനമത്രേ. തങ്ങളെ മർദിച്ച എസ്എഫ്ഐ നേതാക്കളിൽ ചിലരുടെ പേര് മർദനമേറ്റ മറ്റു രണ്ടുപേരും വെളിപ്പെടുത്തിയിട്ടുണ്ട്. സെനറ്റ് ഹാളിന്‍റെ അടുത്തുള്ള ഒരു മുറിയിലേക്കു കൊണ്ടുപോയാണ് ഷാജിയെ മർദിച്ചതത്രേ. ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കിയാൽ ആത്മഹത്യ ചെയ്യുകയേ മാർഗമുള്ളൂവെന്ന് മർദനത്തിനിടെ ഷാജി പറഞ്ഞതായി മറ്റു രണ്ടു പേരും വെളിപ്പെടുത്തുന്നുണ്ട്.

അർഹിക്കുന്ന ടീമിനാണ് ഒന്നാം സ്ഥാനം കൊടുത്തതെന്ന് അവകാശപ്പെട്ട ഷാജി താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തന്‍റെ മകനു മർദനമേറ്റിരുന്നുവെന്നും വലിയ മനോവിഷമത്തോടെയാണ് തിരുവനന്തപുരത്തു നിന്നു തിരിച്ചുവന്നതെന്നും ഷാജിയുടെ അമ്മയും പറയുന്നുണ്ട്. കെഎസ് യു യൂണിയൻ ഭരിക്കുന്ന കോളെജുകളെ കലോത്സവത്തിൽ ഒതുക്കാൻ അവർക്കു നേരേ വ്യാപകമായി അക്രമം അഴിച്ചുവിട്ടു എന്ന പരാതിക്കു പുറമേയാണ് സർവകലാശാലാ യൂണിയന് താത്പര്യമുള്ള കോളെജുകൾക്ക് അനുകൂലമായ വിധി പ്രഖ്യാപനം നടത്താൻ വിധികർത്താക്കളെ സ്വാധീനിച്ചു എന്ന ആരോപണവും ഉയരുന്നത്. സ്വാധീനത്തിനു വഴങ്ങാത്തവർ മർദനത്തിനും ഇരയായി എന്ന് ആരോപിക്കപ്പെടുമ്പോൾ സത്യാവസ്ഥ എന്തെന്ന് നാടിന് അറിയേണ്ടതുണ്ട്.

കലാമത്സരങ്ങളിലെ സമ്മാനാർഹരെ നിശ്ചയിക്കുന്നതും വിദ്യാർഥി യൂണിയന്‍റെ കൈയൂക്കു കൊണ്ടാണെങ്കിൽ കലോത്സവങ്ങൾ നടത്താതിരിക്കുകയാണു നല്ലത്. അതല്ല ഈ ആരോപണങ്ങളൊക്കെ കെട്ടിച്ചമച്ചതാണെങ്കിൽ അതും തെളിയട്ടെ. നിരപരാധിയായ ഒരാളെ കോഴ വാങ്ങുന്നവനാക്കി അപമാനഭാരത്താൽ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം ഉണ്ടാക്കിയത് ആരായാലും അവർ ഒരു സ്വാധീനത്തിന്‍റെ പേരിലും രക്ഷപെടരുത്. അവരെ രക്ഷിക്കാൻ രാഷ്‌ട്രീയ നേതാക്കളോ പൊലീസോ ശ്രമിക്കുകയുമരുത്.

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ ആരോപണ വിധേയരായിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ‌വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായ ശേഷമാണ് സിദ്ധാർഥൻ മരിച്ചത്. കോളെജിലെ എസ്എഫ്ഐ പ്രവർത്തകർ തന്‍റെ മകന മർദിച്ചു കൊന്നതാണെന്ന് സിദ്ധാർഥന്‍റെ പിതാവ് ആരോപിച്ചിരുന്നു. ആൾക്കൂട്ട വിചാരണയും അതിക്രൂരമായ പീഡനവും സിദ്ധാർഥനു നേരിടേണ്ടിവന്നു എന്നു തെളിഞ്ഞിട്ടുണ്ട്. എസ്എഫ്ഐ നേതാക്കളെ ഭയന്ന് പീഡനം കണ്ടുനിന്നവർ വിവരം പുറത്തുപറഞ്ഞില്ലത്രേ.

അടുത്തിടെ കോഴിക്കോട് കൊയിലാണ്ടിയിലെ ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളെജിൽ അമൽ എന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിലും എസ്എഫ്ഐ നേതാക്കൾ ആരോപണവിധേയരായി. ഒരു എസ്എഫ്ഐ നേതാവിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മർദനത്തിനു കാരണമായതത്രേ. തങ്ങൾ പറയുന്നതു കേൾക്കാത്ത വിദ്യാർഥികളെയും അധ്യാപകരെയും മാത്രമല്ല കലാകാരൻമാരെയും പരിശീലകരെയും എല്ലാം മർദിച്ചൊതുക്കി കാര്യം നേടുക എന്നതാണ് വിദ്യാർഥിച്ചട്ടമ്പികളുടെ പദ്ധതിയെങ്കിൽ, അവർ ഏതു യൂണിയനിൽപ്പെട്ടവരായാലും ഈ വിധം തുടരാൻ അനുവദിച്ചുകൂടാ. ഭരണ‍ത്തിന്‍റെ തണലിൽ അക്രമത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരെ നിലയ്ക്കു നിർത്താൻ ഭരണ നേതൃത്വത്തിനും പൊലീസിനും കഴിയണം. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന ഭീകര സംഘടനയായി ഒരു വിദ്യാർഥി യൂണിയനും മാറരുത്.

കേരള സർവകലാശാലാ കലോത്സവത്തിലെ പല മത്സരങ്ങളുടെയും ഫലം സ്വാധീനത്താൽ മാറ്റിമറിച്ചതാണെന്ന ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്. സമ്മാനം കിട്ടാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുകൊണ്ടുള്ള ശബ്ദരേഖ കലോത്സവം നിർത്തിവച്ചതിനു ശേഷം പുറത്തുവരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു നിരപരാധി ജീവൻ ഒടുക്കേണ്ടിവന്നത് വിദ്യാർഥി യൂണിയന്‍റെ പ്രതികാരത്തിന് ഇരയായാണ് എന്ന ആരോപണം. ഇതിന്‍റെയൊക്കെ സത്യാവസ്ഥ എത്രയും വേഗം പൊലീസ് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. രാഷ്‌ട്രീയക്കൊടിയുടെ നിറം നോക്കിയാണു കലാകാരൻമാരെ അംഗീകരിക്കുക എന്നുവരുന്നത് അപലപനീയമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com