
കേരളം കാത്തിരിക്കുന്ന മൂന്നാം വന്ദേഭാരത്
കേരളത്തിനുള്ള മൂന്നാമത് വന്ദേഭാരത് ട്രെയ്‌ൻ അടുത്ത മാസം പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് ഏതാനും ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എഫ്ബി പോസ്റ്റിലുടെ അറിയിച്ചത്. കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറയുന്നു. അതിൽ ഏറ്റവും സന്തോഷമുള്ളത് ഈ ട്രെയ്‌ൻ എറണാകുളം- ബംഗളൂരു റൂട്ടിലാണു സർവീസ് നടത്തുക എന്നതാണ്. ബംഗളൂരുവിലേക്കു വേഗത്തിൽ എത്താൻ കഴിയുന്ന പുതിയൊരു ട്രെയ്‌ൻ കിട്ടുന്നത് ആയിരക്കണക്കിനു മലയാളികളെയാണു സന്തോഷിപ്പിക്കുക. അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമാണു നടക്കാൻ പോകുന്നത്. ഇതിൽ ഇനിയൊരു മാറ്റം ഉണ്ടാവാതിരിക്കട്ടെ. രാജ്യത്തെ തന്നെ പ്രധാന ഐടി ഹബ്ബാണ് ബംഗളൂരു. ഇവിടെ ജോലിചെയ്യുന്ന ഐടിക്കാരിൽ നല്ലൊരു പങ്ക് മലയാളികളുമാണ്. അതിനു പുറമേ മറ്റു പല മേഖലകളിലുമായി ധാരാളം മലയാളികൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് കേരളത്തിലേക്കു വരാനും തിരിച്ചുപോകാനുമുള്ള സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ചുരുക്കം ട്രെയ്‌നുകൾ മാത്രമാണ് ബംഗളൂരുവിലേക്കുള്ളത്. അതുകൊണ്ട് ഏറെ പേർക്കും ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. അവർ അമിത നിരക്ക് ഈടാക്കിയാലും മറ്റൊരു പോംവഴിയും യാത്രക്കാർക്കു മുന്നിലില്ല. ഉത്സവ സീസണിലും വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ടുമൊക്കെ വലിയ തിരക്കാണ് ഈ റൂട്ടിൽ അനുഭവപ്പെടാറുള്ളത്. എന്തായാലും ഇനി സാങ്കേതിക പ്രശ്നങ്ങളൊന്നും ചൂണ്ടിക്കാണിച്ച് വൈകിക്കാതെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് നടത്തട്ടെ.
നേരത്തേ ഈ റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തിയതാണ്. കഴിഞ്ഞ വർഷം ജൂലൈ 25 മുതൽ ഏതാണ്ട് ഒരു മാസക്കാലമായിരുന്നു ഈ സർവീസ്. മലയാളികൾ വലിയ താത്പര്യത്തോടെ ഈ വന്ദേഭാരതിനെ സ്വീകരിക്കുകയും ചെയ്തു. ആഴ്ചയിൽ മൂന്നു ദിവസം എന്ന നിലയിലായിരുന്നു ഇതിന്‍റെ സർവീസ്. താത്കാലികമായി തുടങ്ങിയ സർവീസ് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നീട്ടുമെന്നായിരുന്നു റെയ്‌ൽവേ അറിയിച്ചിരുന്നത്. എറണാകുളം- ബംഗളൂരു സർവീസിന് 105 ശതമാനം ബുക്കിങ് ഉണ്ടായിരുന്നു. ബംഗളൂരു- എറണാകുളം സർവീസിന് 88 ശതമാനമായിരുന്നു ബുക്കിങ്. മറ്റു പല വന്ദേഭാരതുകൾക്കും ഇല്ലാത്തത്രയും ആവശ്യക്കാർ ഈ ട്രെയ്‌ന് ഉണ്ടായിരുന്നിട്ടും ഓണത്തിനു തൊട്ടുമുൻപായി റെയ്‌ൽവേ സർവീസ് നിർത്തുകയാണു ചെയ്തത്. ഓണക്കാലത്ത് സ്വകാര്യ ബസുകളെ സഹായിക്കാനാണ് ഈ തീരുമാനം ഉപകരിച്ചതെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എപ്പോൾ വന്നാലും അതു സ്വകാര്യ ബസുകൾ അമിത ലാഭമെടുക്കുന്നതിനെയാണു ബാധിക്കുക. തിരക്കുള്ള സീസണുകളിൽ ഇത്തരത്തിലുള്ള കൊള്ള പതിവാണല്ലോ. നിറയെ യാത്രക്കാർ ഉറപ്പാണ് എന്നതുകൊണ്ടുതന്നെ പുതിയ വന്ദേഭാരത് റെയ്‌ൽവേയ്ക്ക് ഒരു നഷ്ടവും വരുത്തില്ല. യാത്രക്കാർക്കും റെയ്‌ൽവേയ്ക്കും ഒരുപോലെ ലാഭകരമാവുന്ന ഒരു കാര്യം നടപ്പാക്കാൻ അമാന്തം കാണിക്കേണ്ടതില്ല.
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ടു വന്ദേഭാരതുകളിലും 100 ശതമാനം സീറ്റിനും ആവശ്യക്കാരുണ്ട്. കാസർഗോഡ്- തിരുവനന്തപുരം, മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരതുകൾ വലിയ വിജയമായി എന്നതുകൊണ്ടു തന്നെ കൂടുതൽ വന്ദേഭാരതുകൾ കിട്ടാൻ കേരളത്തിന് അർഹതയുമുണ്ട്. പുതിയ സർവീസ് എല്ലാ ദിവസവും ഉണ്ടാകുമോ, വാരാന്ത്യത്തിൽ മാത്രമാവുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ, സമയക്രമം എന്നിവയൊക്കെ അറിയാനിരിക്കുകയാണ്. കൂടുതൽ ദിവസം ഈ ട്രെയ്‌ൻ വേണമെന്നു തന്നെയാണ് മലയാളികൾ ആഗ്രഹിക്കുന്നത്. യാത്രാസമയം ഗണ്യമായി കുറഞ്ഞുകിട്ടുമെന്നതാണ് വന്ദേഭാരതിന്‍റെ ഗുണം. അത് ജോലിക്കാരെ സംബന്ധിച്ചു വലിയ ആശ്വാസമാണ്. ഇതിനിടെ, ഈ ട്രെയ്‌ൻ തിരുവനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തെക്കൻ ജില്ലകളിൽ നിന്ന് ധാരാളം മലയാളികൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ ആവശ്യവും റെയ്‌ൽവേ പരിഗണിക്കട്ടെ.
റെയ്‌ൽ ഗതാഗതത്തിൽ മറ്റൊരു വിപ്ലവം സൃഷ്ടിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയ്‌നുകൾ വൈകാതെ സർവീസ് തുടങ്ങുമെന്നാണു റിപ്പോർട്ടുകളുള്ളത്. ദീർഘദൂര യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഈ ട്രെയ്‌ൻ. വേഗത്തിൽ എത്താം എന്നതു മാത്രമല്ല ഇതിന്‍റെ പ്രത്യേകത. ഏറ്റവും അത്യാധുനികമായ സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാവുക എന്നാണു റെയ്‌ൽവേ അവകാശപ്പെടുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാവും വന്ദേഭാരത് സ്ലീപ്പർ എന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാവും ഈ ട്രെയ്‌നുകൾ. ഏതാനും വർഷങ്ങൾക്കുള്ളിൽ 200 വന്ദേഭാരത് സ്ലീപ്പർ ട്രെയ്‌നുകൾ പുറത്തിറക്കാനാണ് റെയ്‌ൽവേ പദ്ധതിയിട്ടിരിക്കുന്നതത്രേ. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പുതിയ സ്ലീപ്പർ ട്രെയ്‌ൻ അനുവദിക്കുമെന്ന പ്രതീക്ഷ കേരളത്തിനുണ്ട്. ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കുമുള്ള യാത്രാസമയം കുറഞ്ഞുകിട്ടുന്നത് മലയാളികൾക്ക് ഏറെ സഹായകരമാവും.