കെ.ജി. ജയൻ
കെ.ജി. ജയൻ

നെഞ്ചിന്‍റെയുള്ളിൽ നിന്നീ നഗ്ന സംഗീതം: കെ.ജി. ജയന് പ്രണാമം

സ്വാതിതിരുനാൾ സംഗീത അക്കാ‌ഡമിയിൽ ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായ ജയന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സ്കോളർഷിപ്പും ലഭിച്ചിരുന്നു

പാതിവഴിയിൽ പ്രിയസഹോദരൻ കെ.ജി. വിജയൻ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ സംഗീതം അനുസ്മരിപ്പിച്ച് പിന്നെയും “ജയവിജയ’യായി തുടർന്ന കെ.ജി. ജയനും ഓർമയായതോടെ അത്യസാധാരണമായ ഒരു സംഗീതജീവിതമാണ് യവനിക താഴ്ത്തിയത്. ശ്രീനാരായണ ഗുരുവിന്‍റെ ഗൃഹസ്ഥ ശിഷ്യനും താന്ത്രികാചാര്യനുമായിരുന്ന കോട്ടയം കടമ്പൂത്തറമഠം ഗോപാലൻ തന്ത്രികളുടെയും നാരായണിയമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും ആൺമക്കളായി 1934 നവംബർ 21ന് വൃശ്ചികത്തിലെ ഭരണി നക്ഷത്രത്തിൽ പിറന്ന ജയവിജയന്മാർ പത്താം വയസിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സംഗീതം തന്നെയായിരുന്നു ആ സഹോദരൻമാരുടെ മുന്നോട്ടുള്ള വഴി നിശ്ചയിച്ചത്. സ്വാതിതിരുനാൾ സംഗീത അക്കാ‌ഡമിയിൽ ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായ ജയന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സ്കോളർഷിപ്പും ലഭിച്ചിരുന്നു.

നടൻ ജോസ്‌ പ്രകാശിന്‍റെ “പ്രിയപുത്രൻ’ എന്ന നാടകത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ അദ്ദേഹമാണ് ജയൻ, വിജയൻ എന്നീ പേരുകൾ ചേർത്ത് “ജയവിജയ’ എന്ന പേര് നിർദേശിച്ചത്. ഇരുവർക്കും ബാലമുരളീകൃഷ്ണ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങിയ മഹാരഥന്മാരുടെ ശിഷ്യരാവാനുള്ള ഭാഗ്യം ലഭിച്ചു. കർണാടക സംഗീതം വരേണ്യവിഭാഗക്കാരുടെ കുത്തക‍യായിരുന്ന അന്നത്തെ കാലയളവിൽ ചെമ്പൈ ആയിരുന്നു ജയവിജയമാരെ കൈപിടിച്ചുയർത്തിയത്. യേശുദാസിനെയും ജയവിജയമാരെയും ശാസ്ത്രീയ സംഗീത ലോകത്തവതരിപ്പിച്ച് സംഗീതം ജാതിമതാദികൾക്ക് അതീതമാണെന്ന് ആ സംഗീത സാർവഭൗമൻ ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. “ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ’ എന്ന ഗാനത്തിലൂടെ ജയൻ ഗുരനാഥന് അഞ്ജലി അർപ്പിച്ചു.

ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ജയവിജയന്മാര്‍ കച്ചേരിക്കായി വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍, 1988 ജനുവരി 8ന് തന്നെ തനിച്ചാക്കി വിജയന്‍ യാത്രയായത് ജയന് അവിശ‌്വസനീയമായിരുന്നു. വിജയന്‍റെ മരണശേഷമുള്ള ആദ്യ കച്ചേരി കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ പാടിത്തുടങ്ങിയപ്പോഴേ കണ്ണുകള്‍ നിറഞ്ഞൊഴുകി, സ്വരമിടറി... എങ്ങനെയൊക്കെയോ അന്നത്തെ ആ കച്ചേരി പൂര്‍ത്തിയാക്കിയെന്ന് ജയൻ പിൽക്കാലത്ത് അനുസ്മരിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം പാട്ടില്‍ നിന്ന് അകന്ന് വീട്ടില്‍ ഒതുങ്ങിക്കൂടി.

അക്കാലത്താണ് യേശുദാസിന്‍റെ നിർബന്ധത്താൽ തരംഗിണിക്കു വേണ്ടി “മയിൽപ്പീലി’ എന്ന ഭക്തിഗാന ആൽബം അദ്ദേഹം ചിട്ടപ്പെടുത്തിയത്. എസ്. രമേശൻ നായർ രചിച്ച 9 ഗുരുവായൂരപ്പഭക്തി ഗാനങ്ങൾക്കും ജയൻ തന്നെ ഈണം പകരുകയും യേശുദാസ് അവ ആലപിയ്ക്കുകയും ചെയ്തു. 1988 നവംബറിൽ പുറത്തിറങ്ങിയ “മയിൽപ്പീലി’ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒരുലക്ഷം കാസറ്റുകൾ വിറ്റുപോയി. ചന്ദനചർച്ചിത നീലകളേബരം, ഒരുപിടി അവിലുമായ്, അണിവാകച്ചാർത്തിൽ ഞാനുണർന്നു കണ്ണാ, ഗുരുവായൂരപ്പാ നിൻ മുന്നിൽ തുടങ്ങിയ ആ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. ദേവീഗീതം, ഹരിമുരളി, അയ്യപ്പതൃപ്പാദം, വന്ദേ മുകുന്ദം, ഹരിചന്ദനം, അയ്യപ്പതീർഥം തുടങ്ങിയവയും വിജയന്‍റെ വിയോഗത്തിനുശേഷം ജയൻ ഒറ്റയ്ക്ക് സംഗീതം ചെയ്ത ആൽബങ്ങളാണ്.

“ശ്രീകോവിൽ നടതുറന്നു “എന്നു പാടാൻ ഇനി ജയവിജയന്മാർ ഇല്ല എന്നത് അയ്യപ്പഭക്തരെ തെല്ലൊന്നുമല്ല ദുഃഖിപ്പിക്കുന്നത്. ശബരിമല തിരുവാഭരണ ഘോഷയാത്ര പമ്പയില്‍ എത്തുമ്പോള്‍ സന്നിധാനത്ത് ജയവിജയന്മാരുടെ കച്ചേരി പതിവായിരുന്നു. 30 വര്‍ഷം അവിടെ ഇരുവരും ഒരുമിച്ചു പാടി. വിജയന്‍റെ മരണശേഷം സഹോദരനെ സ്മരിച്ച് 14 വര്‍ഷം ജയന്‍ തനിച്ചും ആലപിച്ചു. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ “ഹരിവരാസനം’ പുരസ്കാരം രണ്ടാം വർഷം യേശുദാസിന് പിന്നാലെ തനിക്ക് ലഭിച്ചത് അയ്യപ്പന്‍റെ അനുഗ്രഹത്താലാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.

സംവിധായകൻ പി.എ. തോമസിന്‍റെ “ഭൂമിയിലെ മാലാഖ’യ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചായിരുന്നു 1965ൽ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം. എസ്. ജാനകി ആലപിച്ച “മുൾമുടി ചൂടിയ നാഥാ’ എന്ന ഗാനമാണ് ഇരുവരും സൃഷ്ടിച്ച ആദ്യ ചലച്ചിത്രഗാനം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയ ചലച്ചിത്ര ഗാനങ്ങളിലൂടെ പേരെടുത്തെങ്കിലും അവരിരുവരും മുൻതൂക്കം നൽകിയത് ഭക്തിഗാന ശാഖയ്ക്കാണ്. വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ, രാധതൻ പ്രേമത്തോടാണോ കൃഷ്ണാ തുടങ്ങി എത്രയെത്ര ഭക്തഗാനങ്ങൾ...

സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ജയന് 2019 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളിലൂടെ ആ അവാർഡുകൾ മാനിക്കപ്പെട്ടു. എങ്കിലും, സഹോദരനെ സ്മരിച്ച്, ഗുരനാഥന്മാരെ ഹൃദയത്തിലേറ്റിയ, ആരാധനാമൂർത്തികൾക്കായി പാട്ടൊരുക്കിയും പാടിയും ജീവിച്ച, സംഗീതംതന്നെ ശ്വാസമായിരുന്ന ഒരു കലാകാരനാണ് ഇന്നലെ എരിഞ്ഞടങ്ങിയത്. “നെഞ്ചിന്‍റെയുള്ളിൽ നിന്നീനഗ്ന സംഗീതം’എന്ന വരി സ്വന്തം ജീവിതമാണെന്ന് തിരിച്ചറിഞ്ഞ് ഈണമിട്ട ഇത്തരമൊരു പ്രതിഭാശാലി കുറച്ചുകൂടി പരിഗണന അർഹിക്കുന്നില്ലേ എന്ന ചോദ്യം ഉയർത്താൻ സാംസ്കാരിക കേരളത്തിന് ബാധ്യതയുണ്ട്. കെ.ജി ജയന് പ്രണാമം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com