

ഡോ. ഹാരിസ്
file photo
സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ഇന്നു കാണുന്ന പ്രശ്നങ്ങൾ സിസ്റ്റത്തിന്‍റെ തകരാർ മൂലമാണെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് പരിഹാര ശ്രമങ്ങളോടുള്ള സർക്കാരിന്‍റെ നിസംഗതയെക്കുറിച്ചാണ്. പത്തുപേർ ചെയ്യേണ്ട ജോലി അഞ്ചുപേരെ വച്ച് ചെയ്യേണ്ടിവന്ന ദുർഘടമായ സാഹചര്യത്തിലാണ് രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവമൊക്കെയുണ്ടാവുന്നതെന്നു ഡോക്റ്റർമാർ അഭിപ്രായപ്പെടുന്നതു കണ്ടു. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഉഷ ജോസഫിന്‍റെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ടും സിസ്റ്റത്തിന്‍റെ പോരായ്മകളെക്കുറിച്ചു പറയുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് കഴിഞ്ഞ വർഷം യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ പൊതുജനങ്ങളോടു തുറന്നുപറഞ്ഞപ്പോഴാണ് പ്രശ്നം സിസ്റ്റത്തിനാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളെജിൽ പഴഞ്ചൻ കെട്ടിടത്തിന്‍റെ ശുചിമുറി ഇടിഞ്ഞുവീണ് മരണം സംഭവിക്കുക കൂടി ചെയ്തതോടെ സിസ്റ്റം തകരാർ വ്യാപകമായ ചർച്ചയ്ക്ക് ഇടനൽകി.
സിസ്റ്റത്തിൽ സൂക്ഷ്മമായ തിരുത്തൽ വരുത്തുമെന്നൊക്കെ മന്ത്രി അവകാശപ്പെട്ടെങ്കിലും അതൊന്നും എവിടെയുമെത്തിയിട്ടില്ല എന്നാണ് തുടർന്നും സർക്കാർ ആശുപത്രികളിലുണ്ടാവുന്ന ഗുരുതരമായ പാളിച്ചകൾ കാണിക്കുന്നത്. എന്തിന്, മെഡിക്കൽ കോളെജ് ഡോക്റ്റർമാരുടെ നീണ്ടുപോകുന്ന അനിശ്ചിതകാല സമരത്തിനു പരിഹാരം കണ്ടെത്താൻ പോലും ഈ സിസ്റ്റത്തിനു കഴിയുന്നില്ല. കേരള ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല ഒപി, ശസ്ത്രക്രിയാ ബഹിഷ്കരണം നൂറുകണക്കിനു പാവപ്പെട്ട രോഗികളെയാണു പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നത് രോഗികളുടെ ജീവനു തന്നെ ഭീഷണിയാവും. ശസ്ത്രക്രിയയ്ക്കു തിയതി ലഭിച്ച് ആഴ്ചകളും മാസങ്ങളും കാത്തിരുന്നവരാണ് സമരമായതുകൊണ്ട് ഒന്നും നടക്കില്ല എന്ന നിരാശയിൽ സിസ്റ്റത്തെ പഴിച്ച് ആശുപത്രിയിൽ നിന്നു തിരിച്ചുപോകുന്നത്. മറ്റ് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളെജിലേക്കു വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്തെത്തുന്ന നിരവധി പാവപ്പെട്ട രോഗികൾ ഒപിയിൽ സീനിയർ ഡോക്റ്റർമാരില്ലാതെ നിരാശരാവുന്നു.
മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നതും മുടങ്ങിയിരിക്കുകയാണ്. ഫലത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളെജുകളുടെയെല്ലാം പ്രവർത്തനം ദിവസങ്ങളായി താളംതെറ്റി കിടക്കുന്നു. സ്വകാര്യ ആശുപത്രികളിൽ വൻ തുക മുടക്കി ശസ്ത്രക്രിയ ചെയ്യാനോ മറ്റു ചികിത്സകൾ തേടാനോ സാമ്പത്തികമായി കെൽപ്പില്ലാത്ത നിരവധി രോഗികൾ ഇനിയെന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. അവർക്ക് ഇങ്ങനെയൊരു ദുരിതകാലം ഉണ്ടാവാതിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും ശ്രദ്ധിക്കേണ്ടതായിരുന്നു.
അനിശ്ചിത കാലത്തേക്കു രോഗികളെ വലയ്ക്കാൻ സർക്കാർ ആശുപത്രികൾക്ക് അവകാശമുണ്ടെന്നാണോ ബന്ധപ്പെട്ടവരുടെയൊക്കെ ധാരണ. സർക്കാർ താത്പര്യമെടുത്ത് ചർച്ച നടത്തി ഉടൻ പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനിടെ പിജി ഡോക്റ്റർമാരും സമരം പ്രഖ്യാപിച്ചതാണ്. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അതു പിൻവലിച്ചതു നന്നായി.
ഡോക്റ്റർമാരുടെ സമരം അനാവശ്യമാണെന്ന നിലപാടിലാണു സർക്കാർ. അതുകൊണ്ട് ചർച്ചയില്ലെന്ന നിലപാടു സ്വീകരിച്ചാൽ അതിന്‍റെ മുഴുവൻ ദുരിതവും അനുഭവിക്കേണ്ടിവരുന്നതു രോഗികളാണ്. അവർ അനുഭവിച്ചോട്ടെ എന്നുവയ്ക്കാൻ ഒരു സർക്കാരും തയാറായിക്കൂടാ. ഒരുവശത്ത് ആവശ്യത്തിനു ഡോക്റ്റർമാരും മറ്റു ജീവനക്കാരുമില്ലെന്ന പരാതിയാണ്. മറുവശത്ത് ഉള്ളവർ സമരത്തിലുമാണ്. ഇതെന്തു സിസ്റ്റമാണ്! രോഗിക്കു ചികിത്സ കൊടുക്കുന്നതിനു പ്രഥമ പരിഗണന നൽകാത്ത പൊതുജനാരോഗ്യ സംവിധാനം "നമ്പർ വൺ' ആയിട്ടെന്തുകാര്യം.
ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പളത്തിലുള്ള അപാകത പരിഹരിക്കുക, രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർ സമരം ചെയ്യുന്നത്. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ആരംഭിച്ചതാണ് ഇവരുടെ പ്രതിഷേധമെന്ന് ഡോക്റ്റർമാരുടെ സംഘടന പറയുന്നു.
ഇത്രകാലമായിട്ടും സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവാത്തതിനാലാണു പ്രത്യക്ഷ സമരത്തിലേക്കു നീങ്ങിയത്. മുൻകൂർ നോട്ടീസ് നൽകിയാണു സമരം ആരംഭിച്ചതും. ഏതാണ്ട് ഒരു മാസക്കാലമായി റിലേ നിരാഹാര സത്യഗ്രഹം നടത്തുന്നുണ്ട്. സമരം ഒത്തുതീർപ്പാക്കുന്നതിനു നടന്ന ചർച്ച ഫലപ്രദമായിട്ടില്ല എന്നാണ് ഡോക്റ്റർമാരുടെ നിലപാട്.
ശമ്പള കുടിശിക നൽകുന്നതിന് നിലവിലുള്ള വ്യവഹാരങ്ങൾ മൂലം നിയമ തടസമുണ്ടെന്ന ആരോഗ്യ വകുപ്പിന്‍റെ വാദം ഡോക്റ്റർമാർ തള്ളിക്കളയുകയാണ്. നിയമ തടസമില്ലെന്നു നിയമവകുപ്പിൽ നിന്ന് ഉപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ തയാറാവുന്നില്ലെന്നാണു പരാതി. മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം എത്രയും വേഗം സാധാരണ നിലയിലാക്കാൻ ഡോക്റ്റർമാരും സർക്കാരും സഹകരിക്കേണ്ടതുണ്ട്. രോഗികളെ വലയ്ക്കുന്ന ഒരേർപ്പാടും മഹത്തരമായി കാണാനാവില്ല.