kochi water logging read editorial
കൊച്ചി പഴയ കൊച്ചി തന്നെ

കൊച്ചി പഴയ കൊച്ചി തന്നെ | മുഖപ്രസംഗം

നല്ലൊരു മഴ പെയ്തപ്പോൾ പതിവുപോലെ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി.

ഒരു നല്ല വേനൽ മഴയിൽ വെള്ളം കയറിയ തിരുവനന്തപുരം നഗരത്തിലെ ജനദുരിതം വിശദീകരിച്ചത് ഏതാനും ദിവസം മുൻപാണ്. നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിങ് മെഷീൻ വാങ്ങുന്നത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗമായി തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ട്. കൊച്ചിയിൽ പരീക്ഷിച്ചു വിജയിച്ചതാണ് ഈ മെഷീനെന്നു പറഞ്ഞാണ് ഇതു വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിനു കഴിയുമത്രേ. കൊച്ചിയിൽ സക്ഷൻ കം ജെറ്റിങ് മെഷീൻ ഉപയോഗിച്ചതിനാൽ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നതും. എന്നാൽ, ആ മെഷീനൊക്കെ ഇപ്പോൾ എവിടെയാണെന്നുപോലും ആർക്കും അറിയില്ല!

നല്ലൊരു മഴ പെയ്തപ്പോൾ പതിവുപോലെ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി. ഇതു വേനൽ മഴയേ ആയിട്ടുള്ളൂ. അതിനിടെ ഒരാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കാക്കനാട് ഇൻഫോപാർക്ക് വെള്ളക്കെട്ടിലായത്. ഇനി മഴക്കാലം അടച്ചു പിടിച്ചാൽ എന്താവും അവസ്ഥ. ബംഗളൂരുവിൽ വെള്ളക്ഷാമം അനുഭവിക്കേണ്ടിവരുന്ന ഐടി കമ്പനികളെ സംസ്ഥാന സർക്കാർ ഇങ്ങോട്ട് ക്ഷണിച്ചത് വെള്ളത്തിന് ഒരു പ്രശ്നവുമില്ലെന്ന് അവകാശപ്പെട്ടാണ്. അതെന്തായാലും ഇപ്പോൾ ശരിയായി- ഇൻഫോപാർക്കിൽ പെരുവെള്ളമാണല്ലോ! ഇൻഫോപാർക്ക് ക്യാംപസിലെ പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് ഇത്തവണയുണ്ടായത്. ചോർച്ച മൂലം ചില ഐടി കമ്പനികളുടെ അകത്തും വെള്ളം കയറി. ഓടകൾ തടസപ്പെട്ടുകിടക്കുന്നത് വെള്ളക്കെട്ടിനു കാരണമാണെന്നാണ് ആക്ഷേപം ഉയരുന്നത്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ വന്നാൽ വെള്ളക്കെട്ടല്ലാതെ എന്തു പ്രതീക്ഷിക്കണം.

ഐടി മേഖലയിൽ മാത്രമല്ല നഗരത്തിലെ ഹൃദയഭാഗങ്ങളിലും നല്ലൊരു മഴ പെയ്താൽ വെള്ളപ്പൊക്കമായി. ഇന്നലെയും അതുകണ്ടു. ഓടകൾ നിറഞ്ഞ് റോഡുകൾ തോടുകളായി മാറുന്ന അവസ്ഥയായിരുന്നു. തോപ്പുംപടി, എംജി റോഡ്, ജോസ് ജംക്ഷൻ, സൗത്ത് റെയ്‌ൽവേ സ്റ്റേഷന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തുടങ്ങി എല്ലായിടത്തും വെള്ളക്കെട്ടായി. കളമശേരിയിലും ഇടപ്പള്ളിയിലും തൃക്കാക്കരയിലും കാക്കനാടും വെള്ളം തന്നെ. മണിക്കൂറുകളാണു നഗരമാകെ സ്തംഭിച്ചത്. എത്രയോ ആളുകളെയാണ് നീണ്ടുനീണ്ടുപോയ ഗതാഗതക്കുരുക്കു വലച്ചത്. മഴക്കാലത്ത് കൊച്ചിയിലെ ജീവിതം ഇതുപോലെ ദുരിതമാക്കുന്നതിന് സർക്കാരും കോർപ്പറേഷനും എന്നാണ് അറുതി വരുത്തുക.

കൊച്ചിയിൽ മാത്രമല്ല സംസ്ഥാനത്തെ പല നഗരങ്ങളിലും മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചയാണു വലിയ തോതിലുള്ള നഷ്ടങ്ങൾ വരുത്തിവച്ചത്. വെള്ളം കയറി വീടും വാഹനങ്ങളും കൃഷിയും ഒക്കെ നശിച്ച ആയിരക്കണക്കിനാളുകളാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. തൃശൂർ അശ്വിനി ആശുപത്രിയിൽ വെള്ളം കയറിയുണ്ടായത് മൂന്നു കോടി രൂപയ്ക്കു മുകളിലുള്ള നഷ്ടമാണ്. കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അര നൂറ്റാണ്ടിനിടെ ഇതാദ്യമായി വെള്ളം കയറി. താഴത്തെ നിലയിൽ വാർഡുകളിലുണ്ടായിരുന്ന കുട്ടികളെ അവിടെ നിന്നു മാറ്റേണ്ടിവന്നു. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, സ്ത്രീകളുടെ ഐസിയു, അടിയന്തര ശസ്ത്രക്രിയാ മുറി എന്നിവയിലെല്ലാം വെള്ളം കയറുകയുണ്ടായി. നിരവധി ഉപകരണങ്ങളുള്ള പീഡിയാട്രിക് ഐസിയുവിലെ വെള്ളം കളയാൻ മണിക്കൂറുകൾ വേണ്ടിവന്നു. രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കേണ്ടിവന്ന ദുരിതമേറെയാണ്.

തോടുകളും കാനകളും നന്നായി വൃത്തിയാക്കി വെള്ളം അതിവേഗം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയാൽ തീരാവുന്ന പ്രശ്നങ്ങളാണു പലയിടത്തുമുള്ളത്. പക്ഷേ, ഇത് ആയിരംവട്ടം പറഞ്ഞാലും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പതിയുന്നില്ല. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തുവിടുന്ന ശീലമാണു പലർക്കും. "ഇപ്പ ശരിയാക്കാം' എന്നു പലവട്ടം പറഞ്ഞിടത്ത് വർഷങ്ങളായിട്ടും ഒന്നും ശരിയായിട്ടില്ലെന്ന് ഓരോ മഴക്കാലത്തും വെള്ളക്കെട്ടിലാവുന്ന നൂറുകണക്കിനാളുകളാണു സാക്ഷി പറയാനുള്ളത്. കാലവർഷം മേയ് 31ന് എത്തുകയേയുള്ളൂ. അതായത് പെരുമഴക്കാലം വരാൻ പോകുന്നതേയുള്ളൂ. വേനൽ മഴയിൽ ഇത്രയേറെ നാശനഷ്ടങ്ങളുണ്ടായെങ്കിൽ കാലവർഷം എങ്ങനെ കഴിഞ്ഞുപോകുമോ, ആവോ.