ഫലപ്രദമാവട്ടെ, സുപ്രീം കോടതി ഇടപെടൽ | മുഖപ്രസംഗം

സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ടു സമർപ്പിക്കാൻ സിബിഐയ്ക്കു നിർദേശം നൽകി
kolkata doctor rape murder case editorial
ഫലപ്രദമാവട്ടെ, സുപ്രീം കോടതി ഇടപെടൽ | മുഖപ്രസംഗം
Updated on

കോൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പിജി വിദ്യാർഥിനിയായ വനിതാ ഡോക്റ്റർ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയെ മൊത്തത്തിൽ ഞെട്ടിച്ച ഈ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നടപടികൾ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിമർശന വിധേയമായി. സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെ സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രി മമത ബാനർജിക്കു ക്ഷീണം ചെയ്യുന്നതാണ്. എന്തൊക്കെയോ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പ്രതീതിയാണു പൊതുവിലുള്ളത്. നേരത്തേ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോൽക്കത്ത ഹൈക്കോടതി കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവിട്ടത്. സിബിഐ അന്വേഷണം മുന്നോട്ടുപോകുമ്പോൾ സംഭവത്തിനു പിന്നിലുള്ള ദുരൂഹതകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയാണു പൊതുവിലുള്ളത്. കേസിൽ ആദ്യമേ അറസ്റ്റു ചെയ്യപ്പെട്ട കോൽക്കത്ത പൊലീസിൽ സിവിൽ വോളണ്ടിയറായ സൻജയ് റോയി മാത്രമല്ല ഇതിൽ പ്രതിയായിട്ടുള്ളത് എന്ന വിശ്വാസം പരക്കെയുണ്ട്. ഉന്നത സ്വാധീനമുള്ള ചിലർക്കു വേണ്ടി തങ്ങളുടെ മകളെ നിശബ്ദയാക്കിയതാണെന്ന് കൊല്ലപ്പെട്ട ഡോക്റ്ററുടെ കുടുംബാംഗങ്ങൾ പറയുന്നുണ്ട്. മെഡിക്കൽ കോളെജിന്‍റെ മുൻ പ്രിൻസിപ്പൽ അടക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടെയാണ് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ടു സമർപ്പിക്കാൻ സിബിഐയ്ക്കു നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായാണ് കോടതി ഇതിനെ കാണുന്നത്. പശ്ചിമ ബംഗാൾ സർക്കാരിനെതിരേ അതിനിശിതമായ വിമർശനം സുപ്രീം കോടതിയും ഉയർത്തിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാണിച്ച കോടതി പൊലീസ് എഫ്ഐആർ ഫയൽ ചെയ്യാൻ വൈകിയതും എടുത്തുപറയുന്നുണ്ട്. തുടക്കത്തിൽ സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടന്നു. കോളെജ് പ്രിൻസിപ്പൽ തന്നെ ആത്മഹത്യയെന്ന മട്ടിൽ പ്രതികരിച്ചു. നൂറുകണക്കിനാളുകൾ ആശുപത്രിയിൽ തള്ളിക്കയറി കണ്ടതെല്ലാം തകർത്ത് തെളിവുകൾ നശിപ്പിക്കാൻ തുനിഞ്ഞപ്പോഴും പൊലീസിനു തടയാനായില്ല. സംഭവത്തിനു ശേഷം കോളെജ് പ്രിൻസിപ്പലിനെ മറ്റൊരു കോളെജിലേക്കു മാറ്റിനിയമിച്ച സർക്കാർ നടപടിയും സുപ്രീം കോടതി പരിശോധിച്ചു. പ്രിൻസിപ്പലിനെ മാറ്റിനിയമിച്ചത് പുരസ്കാരം നൽകിയതിനു തുല്യമാണെന്ന് നേരത്തേ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രിൻസിപ്പലിനോട് അവധിയിൽ പോകാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാരും കോളെജ് അധികൃതരും പൊലീസും ഇരയുടെ പക്ഷത്തല്ല നിന്നത് എന്ന തോന്നലാണു പൊതുവേയുണ്ടായിട്ടുള്ളത്. കോടതികളുടെ ഭാഗത്തുനിന്നു കർശനമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇരയുടെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടുമെന്ന ആശങ്ക ഉയർന്നതു തികച്ചും ദൗർഭാഗ്യകരമായിപ്പോയി.

ഡോക്റ്റർമാരുടെ തൊഴിൽ സാഹചര്യങ്ങൾ സുരക്ഷിതമാക്കുന്നതിന് ദേശീയ പ്രോട്ടോകോളിന്‍റെ ആവശ്യം സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് 36 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന യുവ ഡോക്റ്റർമാരുണ്ട് എന്നും കോടതി വിശദീകരിക്കുന്നു. ഡോക്റ്റർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്‍റെ താത്പര്യമാണെന്നാണു പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. ഡോക്റ്റർമാരുടെ സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനു കോടതി പത്തംതഗ ദേശീയ ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സുരക്ഷയ്ക്ക് ആവശ്യമായ ദേശീയ പദ്ധതി നിർദേശിക്കുന്നത് ഈ സംഘത്തിന്‍റെ ദൗത്യമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണു സംഘത്തോടു കോടതി നിർദേശിച്ചിരിക്കുന്നത്. രണ്ടു മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണം. ആശുപത്രികളിൽ ഡോക്റ്റർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന തോന്നലാണു കോടതിക്കുള്ളത്. ദേശീയ ദൗത്യസംഘത്തിന്‍റെ റിപ്പോർട്ട് ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തമായി മാറുന്നതും. നിലവിലുള്ള സാഹചര്യം മാറ്റുന്നതിന് മറ്റൊരു ബലാത്സംഗവും കൊലപാതകവും ഉണ്ടാകുംവരെ രാജ്യത്തിനു കാത്തിരിക്കാനാവില്ലെന്നു കോടതി പറയുന്നു. ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച പരമോന്നത കോടതിയുടെ നടപടിയെ ഡോക്റ്റർമാർ സ്വാഗതം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഏതാണ്ടെല്ലാ സംസ്ഥാനങ്ങൾക്കും അവരുടേതായ നിയമമുണ്ടെന്നും കേന്ദ്ര സംരക്ഷണ നിയമത്തിന്‍റെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണു സുപ്രീം കോടതിയുടെ ഇടപെടൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നത്. ദേശവ്യാപകമായി രാജ്യത്തെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന വിഷയമാണിതെന്ന് പരമോന്നത കോടതി വ്യക്തമാക്കുകയാണ്. ഡോക്റ്റർമാർ അടക്കം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശനമായ നിയമവും സുരക്ഷാ സംവിധാനങ്ങളും എത്രയും വേഗം ‍ഉറപ്പുവരുത്താൻ പരമോന്നത കോടതിയുടെ ഇടപെടലിലൂടെ കഴിയട്ടെ. കോൽക്കത്തയിൽ സംഭവിച്ചതുപോലൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത രാജ്യത്തു മൊത്തത്തിൽ ഉണ്ടാകേണ്ടതുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെങ്കിൽ അവർക്കു സമത്വം നിഷേധിക്കുന്നതിനു തുല്യമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തെ മുഴുവൻ സർക്കാരുകളുടെയും മനസിൽ പതിയേണ്ടതുമുണ്ട്.

Trending

No stories found.

Latest News

No stories found.