നിയമമുണ്ടായാൽ പോരാ, നടപടിയുമെടുക്കണം

റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് സിദ്ധാർഥന്‍റെ മരണം തെളിയിച്ചതാണ്. പക്ഷേ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീടും ആ ജാഗ്രത ഉണ്ടായിട്ടില്ല
Siddharth's death has proven the need for strict action and extreme vigilance against ragging.

റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് സിദ്ധാർഥന്‍റെ മരണം തെളിയിച്ചതാണ്

Updated on

പ്രൊഫഷണൽ കോളെജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് പൂർണമായി തടയാൻ പുതിയ നിയമം കൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം അറിയിക്കുകയുണ്ടായി. നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കിക്കൊണ്ടുള്ള പ്രത്യേക നിയമനിർമാണം ഏറെ നാളായി സംസ്ഥാനം ആഗ്രഹിക്കുന്നതാണ്. അതിനു സർക്കാർ തയാറാവുന്നു എന്നതു സ്വാഗതാർഹമാണ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ലാതെ മുഴുവൻ ജനപ്രതിനിധികളും ഇത്തരമൊരു നിയമനിർമാണത്തെ അനുകൂലിക്കുമെന്നു കരുതാം. അത്രയേറെ പ്രാധാന്യമുള്ള വിഷയമാണിത്. റാഗിങ് മൂലം ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന വയനാട് വെറ്ററിനറി കോളെജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ പേരിൽ "സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം' നടപ്പാക്കുമെന്നും റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അധികൃതരെ അറിയിക്കാൻ "സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ് ' രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

റാഗിങ്ങുമായി ബന്ധപ്പെട്ടുള്ള പരാതികൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ അധികൃതരെ അറിയിക്കാനുള്ള മാർഗമാണു "സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ് '. കോളെജിലെ റാഗിങ് തടയാനുള്ള സമിതി, സ്ഥാപന മേധാവി, സർവകലാശാല, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിലേക്ക് ഒരേസമയം പരാതി കൈമാറാൻ സാധിക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നതത്രേ. പരാതിയിന്മേലുള്ള നടപടികളുടെ പുരോഗതിയും ഈ സംവിധാനത്തിലൂടെ അറിയാനാവും. പരാതിക്കാരന്‍റെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും പറയുന്നുണ്ട്. എല്ലാം നല്ലതു തന്നെയാണ്. പക്ഷേ, ഇത്തരത്തിൽ പരാതി കിട്ടുമ്പോൾ അധികൃതർ പെട്ടെന്ന് ഇടപെടുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും കൂടി വേണം. അതിനുള്ള ദൃഢനിശ്ചയം ബന്ധപ്പെട്ട തലത്തിലൊക്കെ ഉണ്ടാവേണ്ടതുണ്ട്. സിദ്ധാർഥന്‍റെ കാര്യത്തിൽ തന്നെ പ്രതികളെ രക്ഷിക്കാൻ തുടക്കത്തിൽ ശ്രമമുണ്ടായി എന്നതടക്കം ആരോപണങ്ങൾ ഉയർന്നതാണല്ലോ.

2024 ഫെബ്രുവരിയിലാണ് വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥനെ സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്ന് ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. കോളെജിൽ സിദ്ധാർഥൻ ഏൽക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ട് മനുഷ്യത്വം മരവിച്ച ഒരു സംഘത്തിന്‍റെ മാപ്പർഹിക്കാത്ത ക്രൂരതകളാണു പുറത്തുകൊണ്ടുവന്നത്. പരസ്യ വിചാരണയാണു സിദ്ധാർഥനെതിരേ നടന്നതെന്ന് ഈ റിപ്പോർട്ട് സ്ഥിരീകരിക്കുകയുണ്ടായി. ഒരുസംഘം സഹപാഠികൾ പല സ്ഥലങ്ങളിൽ വച്ച് അതിക്രൂരമായി മർദിച്ചു. കോളെജിനു സമീപത്തെ മലമുകളിലും വാട്ടർ ടാങ്കിനു സമീപത്തും ഹോസ്റ്റലിലെ ഇരുപത്തൊന്നാം നമ്പർ മുറിയിലും നടുമുറ്റത്തും ഒന്നാം നിലയിലെ ഡോർമെട്രിയിലും വച്ച് നിസഹായനായ ഈ യുവാവിനെ മർദിച്ചിട്ടുണ്ട്. വയറിലും മുതുകിലുമൊക്കെ പലതവണ ചവിട്ടി. ബെൽറ്റും ഗ്ലു ഗണ്ണും ചാർജറിന്‍റെ കേബിളും ഉപയോഗിച്ച് അടിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇടനാഴിയിൽ നടത്തിച്ചു. തറ തുടപ്പിക്കുക, സാങ്കൽപ്പിക കസേരയിലിരുത്തുക തുടങ്ങിയ റാഗിങ്ങുകാരുടെ പ്രാകൃത ശിക്ഷകളും നടപ്പാക്കി. നടുമുറ്റത്തു വച്ച് പരസ്യ വിചാരണ നടത്തി. ഹോസ്റ്റൽ മുറികളിൽ തട്ടിവിളിച്ച് ഉറങ്ങിക്കിടന്നവരെ പോലും വിളിച്ചുണർത്തി പരസ്യ വിചാരണയിൽ സാക്ഷികളാക്കി. അതിക്രൂരമായ പീഡനമാണ് സിദ്ധാർഥൻ നേരിട്ടതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാണിക്കുകയുണ്ടായി. മൂന്നു ദിവസം വരെ പഴക്കമുള്ള പരുക്കുകളാണു ശരീരത്തിൽ കണ്ടെത്തിയത്.

ദിവസങ്ങൾ നീണ്ട ക്രൂരമായ റാഗിങ്ങും ആൾക്കൂട്ട വിചാരണയും നടന്നിട്ടും അതു തടയാൻ അധികൃതർക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പ്രതികളെ രക്ഷിക്കാൻ ലോക്കൽ പൊലീസ് ആദ്യ ഘട്ടത്തിൽ ശ്രമിച്ചുവെന്നും രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും ആരോപണമുയർന്നതാണ്. റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് സിദ്ധാർഥന്‍റെ മരണം തെളിയിച്ചതാണ്. പക്ഷേ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീടും ആ ജാഗ്രത ഉണ്ടായിട്ടില്ല. കോട്ടയത്ത് ഗവൺമെന്‍റ് നഴ്സിങ് കോളെജിൽ ജൂണിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്യപ്പെട്ടതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതു കഴിഞ്ഞ വർഷമാണ്. സംസ്ഥാനത്തു റാഗിങ് സംബന്ധിച്ച പരാതികൾ പലപ്പോഴും പുറത്തറിയാതെ പോകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പലതും അധികാരികൾ ഒതുക്കി തീർക്കുകയാണു ചെയ്യുന്നത്. റാഗിങ് വിരുദ്ധ സമിതിയൊക്കെ പേരിനു മാത്രമായി പോകുന്നു. മർദനത്തിന് ഇരയാകുന്ന വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്ന പ്രിൻസിപ്പൽമാരും അധ്യാപകരും വരെയുണ്ട്. അത്തരക്കാർ യഥാർഥത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്നവരാണ്. കുറ്റവാസനയുള്ളവരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങളുണ്ടായാൽ മാത്രം പോരാ അതു ഫലപ്രദമായി പ്രവർത്തിക്കുകയും വേണം.

logo
Metro Vaartha
www.metrovaartha.com