
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചും അവ നേരിടുന്നതിനെക്കുറിച്ചും അവബോധം നൽകാൻ പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "വിങ്സ് 2023' വിമൻ സേഫ്റ്റി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളിലെ കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതു നൂറു ശതമാനവും ശരിയാണുതാനും. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തു സ്ത്രീസുരക്ഷയിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനവും. അപ്പോഴും ഒറ്റപ്പെട്ടത് എന്നു പറഞ്ഞു തള്ളാനാവാത്ത സംഭവങ്ങൾ നാടിനെ നടുക്കുന്നുണ്ടെന്നു മറന്നുകൂടാ. കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ പീഡനത്തിന് ഇരയാക്കിയ സംഭവം ഒറ്റപ്പെട്ടതാണ് എന്നു പറഞ്ഞ് എങ്ങനെ സമാധാനിക്കാനാവും.
അനസ്തേഷ്യയുടെ മയക്കം പൂർണമായും വിട്ടുമാറാത്ത അവസ്ഥയിലായിരുന്ന രോഗിയോടാണ് അവിടുത്തെ ജീവനക്കാരൻ മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിക്കാത്ത വിധം പെരുമാറിയത്. ശബ്ദിക്കാനോ കൈയും കാലും അനക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന യുവതിക്കു നേരേ നടന്ന പീഡനം കേരളത്തിലെ സർക്കാർ ആശുപത്രികളിലെത്തുന്ന മുഴുവൻ ആളുകളെയും ആശങ്കപ്പെടുത്തുന്നതാണ്. എന്തു വിശ്വസിച്ചാണ് ഇവിടെയൊക്കെ ആളുകൾ എത്തേണ്ടത്. ഇത്തരം "ഒറ്റപ്പെട്ടഅതിക്രമങ്ങൾ' ആവർത്തിക്കപ്പെടില്ലെന്ന് എന്താണ് ഉറപ്പ്. രോഗികളോട് അയാൾ ആദ്യമായാണ് ഇങ്ങനെ പെരുമാറുന്നത് എന്നു വിശ്വസിക്കാനാവില്ല. പീഡനത്തിന് ഇരയായ യുവതി തന്നെ ഇതു സൂചിപ്പിച്ചിട്ടുണ്ട്. അയാളുടെ പെരുമാറ്റം ആദ്യമായി അതിക്രമം ചെയ്യുന്ന പോലെ ആയിരുന്നില്ലത്രേ.
ദിവസവും ആയിരക്കണക്കിനാളുകൾ ചികിത്സക്കെത്തുന്ന സംസ്ഥാനത്തെ പ്രമുഖമായ മെഡിക്കൽ കോളെജിൽ ഇത്തരം മാനസിക രോഗികൾ ജീവനക്കാർക്കിടയിലുണ്ടെങ്കിൽ അതിനർഥം ആദ്യം ചികിത്സ വേണ്ടത് മെഡിക്കൽ കോളെജിനാണ് എന്നതാണ്. എന്തു കാരണത്താലും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റു ചെയ്ത ജീവനക്കാരനെ രക്ഷിക്കാൻ ആശുപത്രിയിലെ മറ്റു ജീവനക്കാർ ശ്രമിച്ചു എന്നു കൂടി പറയുമ്പോൾ എത്ര മോശമാണ് മെഡിക്കൽ കോളെജിന്റെ മാനസികാരോഗ്യം എന്നു വ്യക്തമാവും. പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടിരിക്കുകയാണ്. അഞ്ചു ജീവനക്കാരെ സസ്പെന്ഡ് ചെയ്തിട്ടുമുണ്ട്. ക്രൂരനായ പ്രതിയോടു സഹതാപം തോന്നുന്ന സഹപ്രവർത്തകർക്ക് ഇര നേരിട്ട ദുരനുഭവത്തെക്കാൾ വലുതാണത്രേ പ്രതിക്കൊരു കുടുംബമുണ്ട് എന്നത്!
പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചവർ ആരൊക്കെയുണ്ടോ അവർക്കെല്ലാം എതിരേ അതിശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. മെഡിക്കൽ കോളെജിൽ ചികിത്സക്കെത്തുന്നവരിൽ ഒരാൾക്കുപോലും ഇനി ഇത്തരം അനുഭവം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണോ അതെല്ലാം ഉടൻ ഏർപ്പെടുത്തണം. പ്രതി ഭരണപക്ഷ രാഷ്ട്രീയ ചിന്താഗതിയുള്ളയാളാണോ അല്ലയോ എന്നൊന്നും നോക്കിയല്ല നടപടിയെടുക്കേണ്ടത്. മുഖം നോക്കി ഇത്തരക്കാരെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ യഥാർഥത്തിൽ സമൂഹവിരുദ്ധരാണ്. അവർ അതിൽ വിജയിക്കാനേ പാടില്ല.
കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെക്കുറിച്ച് അഭിമാനിക്കാൻ ഏറെയുണ്ട്. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങളിൽ പ്രശംസ പിടിച്ചുപറ്റാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വിസ്മരിക്കപ്പെടാൻ ഇടയാക്കുന്നതാണ് ഇത്തരം ചില ക്രൂരകൃത്യങ്ങൾ. ശസ്ത്രക്രിയയുടെ സമയത്തും അതുകഴിഞ്ഞ് വാർഡിലേക്കു മാറ്റുന്നതു വരെയും രോഗികളായ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഈ സംഭവം കാണിക്കുന്നത്. പൊതുചികിത്സാരംഗത്തെക്കുറിച്ച് എടുത്താൽ പൊന്താത്ത അവകാശവാദങ്ങൾ നിരത്തുന്ന കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണിത്. ഇപ്പോൾ കുറ്റം ചെയ്തവർക്കെതിരേ നടപടിയെടുത്തതു കൊണ്ടുമാത്രം അവസാനിക്കേണ്ടതല്ല ഈ പ്രശ്നം എന്നു സാരം. സർജിക്കൽ ഐസിയുവിൽ രോഗിക്ക് വനിതാ ജീവനക്കാരുടെ സാന്നിധ്യം എന്തുകൊണ്ട് ഉറപ്പാക്കിയില്ല എന്നത് അധികൃതർ ഉത്തരം പറയേണ്ട ചോദ്യമാണ്. അഥവാ അവിടെ ഉണ്ടാവേണ്ടിയിരുന്ന വനിതാ ജീവനക്കാർ ജോലിയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും വെളിച്ചത്തു വരണം.