
ഒന്നിനു പുറകെ ഒന്നായി നിത്യജീവിതച്ചെലവ് ഉയരുകയാണ്. പൊതുവായ നാണയപ്പെരുപ്പ ഭീഷണിക്കൊപ്പമാണ് സർക്കാർ സംവിധാനങ്ങൾ ചാർജ് കൂട്ടുന്നതു മൂലമുണ്ടാവുന്ന അധികച്ചെലവ്. സംസ്ഥാന ബജറ്റിൽ നിർദേശിച്ചിട്ടുള്ള നികുതി വർധനകൾ ജനങ്ങളെ ബാധിക്കാനിരിക്കുന്നു. ഇതിനൊപ്പമാണ് പെട്രോളിനും ഡീസലിനും ബജറ്റിൽ പ്രഖ്യാപിച്ച അധിക സെസ്. സംസ്ഥാനം സെസ് ചുമത്തിയതിന് എന്തിനാണു പ്രതിഷേധിക്കുന്നതെന്നുപോലും ഭരണപക്ഷ നേതാക്കൾക്കു മനസിലാവുന്നില്ലത്രേ! അതേസമയം, കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചാൽ അതിശക്തമായി പ്രതിഷേധിക്കുകയും വേണം. എന്നു മാത്രമല്ല സംസ്ഥാനത്തു നികുതികൾ കൂട്ടേണ്ടിവരുന്നതും സെസ് ചുമത്തേണ്ടിവരുന്നതും എല്ലാം കേന്ദ്ര നയം മൂലമാണു താനും!
ജനങ്ങളുടെ തലയിൽ അധികച്ചെലവ് അടിച്ചേൽപ്പിക്കുന്നതിൽ കേന്ദ്രവും മടിച്ചുനിൽക്കുന്നില്ല. ഒരുസമയത്ത് തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധനയായിരുന്നു. ഇപ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾ പാചക വാതകത്തിലാണു പിടിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി വില വർധിപ്പിച്ചത് ഏതാനും ദിവസം മുൻപാണല്ലോ. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 351 രൂപയുമാണ് ഒറ്റയടിക്കു കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 1,100 രൂപ കടന്നിരിക്കുകയാണ്. വാണിജ്യ സിലിണ്ടറിന് 2,100 രൂപയിലേറെയായി. വീട്ടമ്മമാരുടെ അടുക്കളച്ചെലവു മാത്രമല്ല ഹോട്ടൽ ഭക്ഷണത്തിന്റെ ചെലവും ഇതുവഴി വർധിക്കുകയാണ്.
സംസ്ഥാനത്ത് വാട്ടർ അഥോറിറ്റിയുടെ വകയായി വെള്ളക്കരം വർധിപ്പിച്ചത് അടുത്തിടെയാണ്. അഥോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണത്രേ സംസ്ഥാന സർക്കാർ കുടിവെള്ളത്തിനു വില കൂട്ടാൻ അനുമതി നൽകിയത്. കേന്ദ്രം ഭരിക്കുന്നവർ സംസ്ഥാന സെസിനെയും വെള്ളക്കരത്തെയും സംസ്ഥാനം ഭരിക്കുന്നവർ ഇന്ധന വിലയെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. അവർ കൂട്ടുന്നത് നിങ്ങൾ കാണുന്നില്ലേ എന്നാണ് ഇരുപക്ഷവും ചോദിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതലാണ് വൈദ്യുതി നിരക്കിൽ നാലു മാസത്തേക്കുള്ള വർധന പ്രാബല്യത്തിൽ വന്നത്. ഇന്ധന സർച്ചാർജായി യൂണിറ്റിന് ഒമ്പതു പൈസയുടെ വർധനയാണു വൈദ്യുതി ബോർഡ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ 87 കോടി രൂപ അധികം ചെലവായത്രേ. ഈ അധികച്ചെലവ് നികത്താനാണ് ഈ സർച്ചാർജ്. അതുകൊണ്ടും നിൽക്കുന്ന ലക്ഷണമില്ല. അടുത്ത പ്രഹരത്തിന് ബോർഡ് നടപടി തുടങ്ങിക്കഴിഞ്ഞു. ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 41 പൈസയുടെ വർധന വരുത്താനാണ് ബോർഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുന്നത്. ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവർ 6.19 ശതമാനം വില വർധനയാണ് വൈദ്യുതി ഉപയോഗത്തിൽ നേരിടേണ്ടിവരിക. ആയിരം കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. ജനങ്ങളെ ഷോക്കടിപ്പിച്ചു മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നതാണ് വൈദ്യുതി ബോർഡിന്റെ അവകാശവാദം.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 736 കോടി രൂപയുടെ പ്രവർത്തന ലാഭം വൈദ്യുതി ബോർഡിനുണ്ടായി എന്നാണു കണക്ക്. പക്ഷേ, അതിന്റെ ഒരാനുകൂല്യവും ഉപയോക്താക്കൾക്കു ലഭിക്കില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളിൽ നിന്നു മനസിലാവുന്നത്. ഏറെ വർഷങ്ങളായി നഷ്ടം കുമിഞ്ഞുകൂടിയിരിക്കുകയാണ് ബോർഡിന്റെ കണക്കിൽ. 19,200 കോടി രൂപയുടെ സഞ്ചിത നഷ്ടം ബോർഡ് പേറുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ പ്രവർത്തന ലാഭമുണ്ടെങ്കിലും ജനങ്ങൾ കൂടിയ വൈദ്യുതി ചാർജ് നൽകിയേ തീരൂ എന്നാണു നിലപാട്. ചാർജ് ഈടാക്കാതെ ജനങ്ങൾക്കു വൈദ്യുതി നൽകിയതുകൊണ്ടൊന്നുമല്ല വൈദ്യുതി ബോർഡിന് ഇത്രയേറെ സഞ്ചിത നഷ്ടമുണ്ടായത്. കെടുകാര്യസ്ഥതയുടെ നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ കാലങ്ങളിലെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കാട്ടിലെ തടി, തേവരുടെ ആന എന്ന മട്ടിലാണല്ലോ പ്രവർത്തന രീതി തന്നെ. ബോർഡിനു ലാഭമുണ്ടായാൽ അതിന്റെ ഗുണം ഉപയോക്താക്കൾക്കും ലഭിക്കുമെന്നു സ്വാഭാവികമായും പ്രതീക്ഷിച്ചതാണ്. അതുണ്ടാവുന്നില്ലെന്നു മാത്രമല്ല പഴയ നഷ്ടം പറഞ്ഞ് പിന്നെയും പിന്നെയും പിഴിയുകയാണ്.