
വൈദ്യുതി ബോർഡിന്റെ അടുത്ത ഇരുട്ടടിക്കുള്ള സമയമാവുകയാണ്. സംസ്ഥാനത്ത് വൈകാതെ തന്നെ വൈദ്യുതി ചാർജ് വർധനയുണ്ടാവുമെന്ന് ഉറപ്പാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടി അതു പരസ്യപ്പെടുത്തിക്കഴിഞ്ഞു. വൈദ്യുതി നിരക്കു വർധന അനിവാര്യമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പാലക്കാട്ട് പറഞ്ഞത്. കെഎസ്ഇബിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണത്രേ. ബോർഡ് ആവശ്യപ്പെടുന്ന അത്രയും വലിയ വർധനയുണ്ടാവില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനം എടുക്കുമെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ബുദ്ധിമുട്ടിക്കില്ലെന്നത് മന്ത്രിയുടെ ഭംഗിവാക്കായി കണ്ടാൽ മതിയാവും. നിരക്ക് വർധിപ്പിക്കുന്നത് എന്തായാലും ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതു തന്നെയാണല്ലോ. ഉപ്പു തൊട്ട് കർപ്പൂരം വരെ സകലതിനും വില കയറിനിൽക്കുന്ന കാലത്ത് മറ്റൊരു വൈദ്യുതി ചാർജ് വർധന കൂടി താങ്ങേണ്ടിവരുന്നത് സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കില്ല. ഇപ്പോൾ തന്നെ വലിയ ബില്ലാണ് നിരവധിയാളുകൾക്ക് അടയ്ക്കേണ്ടിവരുന്നത്.
താരിഫ് വർധനയ്ക്കു പുറമേ പുറത്തുനിന്ന് അധിക വിലയ്ക്കു വൈദ്യുതി വാങ്ങിയ വകയിൽ മറ്റൊരു സെസ് കൂടി ഏർപ്പെടുത്താനുള്ള നീക്കത്തെക്കുറിച്ചും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുകൂടിയായാൽ ഇരട്ടപ്രഹരമായി അനുഭവിക്കേണ്ടിവരും. ഇപ്പോൾ തന്നെ യൂണിറ്റിന് ബോർഡ് തീരുമാനിച്ച പത്തു പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതു പൈസയും സെസ് ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സെസ് ഏർപ്പെടുത്താനുള്ള ആലോചന. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിലുണ്ടായ അധികച്ചെലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ യൂണിറ്റിന് 22 പൈസ പുതിയ സെസ് ചുമത്തുമെന്നാണു പറയുന്നത്. യൂണിറ്റിന് 10 പൈസയിൽ അധികം വരുന്ന സെസിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. അതു കിട്ടിയാൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനമായേക്കും. കഴിഞ്ഞ രണ്ടു മാസങ്ങളിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ 341 കോടിയിലേറെ രൂപയാണ് ബോർഡിന് അധികം ചെലവാക്കേണ്ടിവന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതീക്ഷിച്ച പോലെ മഴ കിട്ടാതെ വന്നതോടെ കടുത്ത വൈദ്യുതി ക്ഷാമമാണ് ബോർഡ് നേരിടുന്നത്. ഇതു പരിഹരിക്കാൻ ദിവസം 20 കോടി രൂപ വരെ അധികം ചെലവിടേണ്ടിവരുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ റദ്ദാക്കിയതു കനത്ത തിരിച്ചടിയായി. യൂണിറ്റിന് 4.11 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറാണ് റദ്ദാക്കിയത്. അതിനു പകരം ഇപ്പോൾ യൂണിറ്റിന് ഏഴു രൂപയ്ക്ക് അടുത്ത് നൽകി വാങ്ങേണ്ടിവരുന്നു. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ അധികച്ചെലവ് ഉപയോക്താക്കളുടെ തലയിലാവുകയാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ വഴിയുണ്ടോയെന്ന് സർക്കാർ ആരായുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. അതു നടന്നില്ലെങ്കിൽ വലിയ ഭാരമാണ് ജനങ്ങൾ ചുമക്കേണ്ടതായി വരുന്നത്. സംസ്ഥാനത്തിനകത്ത് വൈദ്യുതി ഉത്പാദനം കുറഞ്ഞു നിൽക്കുന്ന അവസ്ഥ തുടർന്നാൽ സെസും ദീർഘകാലം തുടരുമെന്നു വേണം കരുതാൻ.
ഈ വർഷം ജൂണിൽ നടപ്പാക്കേണ്ടതായിരുന്നു താരിഫ് വർധന. ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ നീണ്ടുപോയത്. കഴിഞ്ഞ ദിവസം ഈ സ്റ്റേ നീങ്ങിയിട്ടുണ്ട്. നാലുവര്‍ഷത്തേക്ക് യൂണിറ്റിനു ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ 41 പൈസ വർധന അംഗീകരിക്കില്ലെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. അപ്പോഴും കാര്യമായൊരു വർധന പ്രതീക്ഷിക്കുക തന്നെ വേണം. ജീവനക്കാരുടെ പെന്ഷന് ബാധ്യതയും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനൊരു നീക്കം ബോർഡ് നടത്തിയിരുന്നു. എന്നാൽ, അതു കോടതി തടഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം.
പുറത്തുനിന്നു വൈദ്യുതി വാങ്ങാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലെത്തിപ്പെട്ട വൈദ്യുതി ബോർഡിന്റെ നിലവിലുള്ള പ്രതിസന്ധി കൂടുതൽ വഷളാവുന്നതല്ലാതെ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാനാവില്ല. ബോർഡിന്റെ ധൂർത്തും പിടിപ്പുകേടും അടക്കമുള്ളവയ്ക്ക് ജനങ്ങൾ വില നൽകേണ്ടിവരുന്നുണ്ട്. അതിനൊപ്പമാണ് മഴ ചതിച്ച സാഹചര്യവും. ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും എല്ലാവരും പ്രൊഫഷനൽ സമീപനം സ്വീകരിക്കാനും തയാറായില്ലെങ്കിൽ അതിന്റെ ഭാരം മുഴുവൻ പേറേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.