
ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയ്‌ൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കിൽപെട്ട് 18 പേർ മരിക്കുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവം വളരെ ഗൗരവമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരേ സമയം ആയിരക്കണക്കിനു യാത്രക്കാർ വിവിധ പ്ലാറ്റ്ഫോമുകളിൽ തടിച്ചുകൂടി തിക്കിത്തിരക്കി അപകടങ്ങളുണ്ടാക്കുന്നതു തടയാൻ എന്തൊക്കെ സുരക്ഷാസംവിധാനങ്ങളാണ് റെയ്‌ൽവേക്കുള്ളത് എന്നതാണു പ്രധാന ചോദ്യം. സംവിധാനങ്ങളിലെ പോരായ്മയും ആശയക്കുഴപ്പവും കൃത്യമായി വെളിച്ചത്തുകൊണ്ടുവരുകയാണ് ഈ ദുരന്തം ചെയ്തത്. അതുകൊണ്ടു തന്നെ ആളുകൾ തടിച്ചുകൂടുന്ന അവസരങ്ങളിൽ ഇനി റെയ്‌ൽവേ കൂടുതൽ ജാഗ്രത പുലർത്തുമെന്നു കരുതാം. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലേക്കുള്ള ട്രെയ്‌നുകളിൽ കയറാൻ തീർഥാടകർ തിരക്കുകൂട്ടിയതാണ് അപകടത്തിനു വഴിവച്ചത്. പ്രയാഗ് രാജിലേക്കുള്ള രണ്ടു ട്രെയ്‌നുകൾ റെയ്‌ൽവേ സ്റ്റേഷനിലുണ്ടായിരുന്നു. മറ്റു ചില ട്രെയ്‌നുകൾ വൈകിയതുമൂലം പ്ലാറ്റ്ഫോമുകളിൽ യാത്രക്കാർ നിറഞ്ഞിരിക്കെയാണ് കുംഭമേളയ്ക്കുള്ള തീർഥാടകർ കൂടിയെത്തുന്നത്. റെയ്‌ൽവേ സ്റ്റേഷനിലെ തിരക്ക് അനിയന്ത്രിതമായിരിക്കുന്നുവെന്ന് അപകടമുണ്ടാവുന്നതിനു രണ്ടു മണിക്കൂർ മുൻപു തന്നെ പ്ലാറ്റ്ഫോമിലുള്ള പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷവും ഈ തിരക്ക് നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ റെയ്‌ൽവേ ഒരുക്കിയില്ല എന്നാണ് ആരോപണം ഉയരുന്നത്. വ്യക്തമായ മുന്നറിയിപ്പുണ്ടായ ശേഷവും തിരക്ക് കൂടിവരുകയായിരുന്നു. അവസാന നിമിഷം ഒരു ട്രെയ്‌നിന്‍റെ പ്ലാറ്റ്ഫോം മാറ്റിയതും യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണു പറയുന്നത്. എന്നാൽ, പ്ലാറ്റ്ഫോം മാറ്റം ഉണ്ടായിട്ടില്ലെന്ന് റെയ്‌ൽവേ അവകാശപ്പെടുന്നുണ്ട്.
ട്രെയ്നുകളുടെ പേരിലെ സാമ്യം യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പതിനാലാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ് രാജ് എക്സ്പ്രസും പന്ത്രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ് രാജ് സ്പെഷ്യലുമാണ് എത്തേണ്ടിയിരുന്നത്. പ്രയാഗ് രാജ് സ്പെഷ്യൽ പന്ത്രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുന്നുവെന്ന് അനൗൺസ്മെന്‍റ് വന്നപ്പോൾ ഇതു തങ്ങളുടെ ട്രെയ്നാണെന്ന് പ്രയാഗ് രാജ് എക്സ്പ്രസിനായി പതിനാലാം നമ്പർ പ്ലാറ്റ്ഫോമിൽ കാത്തുനിന്നിരുന്നവർ കരുതി. പ്ലാറ്റ്ഫോം മാറി തങ്ങളുടെ ട്രെയ്‌ൻ വരുന്നു എന്ന ധാരണയിൽ പന്ത്രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഇവർ കുതിച്ചു. എസ്കലേറ്ററിലും മേൽപ്പാലത്തിലുമൊക്കെ തിരക്ക് നിയന്ത്രണാതീതമായി. ഇതിനിടെ ചിലർ വീഴുകയും മറ്റു ചിലർ അവരെ ചവിട്ടി വീഴുകയും ചെയ്തു എന്നാണു പറയുന്നത്.
എന്തായാലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുള്ള റെയ്‌ൽവേയുടെ പരാജയം കൃത്യമായി വിലയിരുത്തേണ്ടതാണ്. പ്ലാറ്റ്ഫോമുകൾക്കും ട്രെയ്‌നുകൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചതു വിനയായി എന്നു പറയപ്പെടുന്നുണ്ട്. മൊത്തത്തിലുള്ള തിരക്ക് കണക്കിലെടുത്തല്ല ടിക്കറ്റുകൾ നൽകിയത്. മണിക്കൂറിൽ 1500ൽ ഏറെ ജനറൽ ക്ലാസ് ടിക്കറ്റുകൾ വച്ച് റെയ്‌ൽവേ നൽകിയത്രേ. ട്രെയ്‌നുകൾ വൈകുകയും തിരക്ക് കൂടുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ടിക്കറ്റ് വിൽപ്പന നിർത്തിവച്ച് കൂടുതൽ ആളുകൾ എത്തുന്നതു നിയന്ത്രിക്കേണ്ടതായിരുന്നു. ട്രെയ്നുകൾ വരുന്നതു സംബന്ധിച്ചു കൃത്യമായ അറിയിപ്പുകൾ നൽകാതിരുന്നതും പ്രശ്നമായെന്നാണു യാത്രക്കാർ പറയുന്നത്. അനൗൺസ്മെന്‍റുകൾ വ്യക്തമായി കേൾക്കുന്ന വിധത്തിലായിരുന്നില്ലെന്നും പറയുന്നുണ്ട്. ദുരന്തത്തിൽ പെട്ടവർക്ക് അടിയന്തര മെഡിക്കൽ സഹായം നൽകാനും സംവിധാനങ്ങളുണ്ടായിരുന്നില്ല. സാധാരണ ദിവസങ്ങളിൽ പോലും തിരക്കുവന്നാൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ കുറവാണെന്നു യാത്രക്കാർ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യതലസ്ഥാനത്തെ പ്രമുഖമായ റെയ്‌ൽവേ സ്റ്റേഷനിൽ ഏറ്റവും തിരക്കുള്ള അവസരങ്ങളിലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നാണെങ്കിൽ മറ്റു റെയ്‌ൽവേ സ്റ്റേഷനുകളുടെ അവസ്ഥയെന്താണ് എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.
പ്ലാറ്റ്ഫോമുകളും അതിലേക്കുള്ള പാലങ്ങളും ചവിട്ടുപടികളും യാത്രക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയുണ്ടാവുമ്പോൾ എന്തും സംഭവിക്കാമെന്ന് ആർക്കും മനസിലാവുന്നതാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കു പാളിച്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ട്രെയ്‌നിൽ കയറാൻ മെനക്കെടാതെ തിരക്കിൽ നിന്നു രക്ഷപെടാൻ പലരും ശ്രമിച്ചെങ്കിലും അവരും കുടുങ്ങിപ്പോവുകയായിരുന്നു. ഇനിയും ഒരാഴ്ചക്കാലം മഹാകുഭമേളയുണ്ട്. പ്രയാഗ്രാജിലേക്കു പോകാൻ ആയിരക്കണക്കിനു തീർഥാടകർ ഓരോ ദിവസവും രാജ്യത്തെ പല പ്രമുഖ റെയ്‌ൽവേ സ്റ്റേഷനുകളിലും എത്തും. അവിടെയൊക്കെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ റെയ്‌ൽവേ ഒരുക്കിയേ തീരൂ. ന്യൂഡൽഹി റെയ്‌ൽവേ സ്റ്റേഷനിൽ വരുന്ന ഒരാഴ്ച്ചക്കാലം വൈകിട്ട് നാലു മുതൽ രാത്രി 11 വരെ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ലഭ്യമാക്കില്ലെന്ന് റെയ്‌ൽവേ അറിയിച്ചിട്ടുണ്ട്. ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നടപടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡൽഹി പൊലീസ്- സിആർപിഎഫ് സേനകളെയും ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളൊരുക്കാൻ ഏതാനും പേരുടെ ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നു എന്നതാണു ദുഃഖകരമായ വസ്തുത. ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ നിരവധി റെയ്‌ൽവേ സ്റ്റേഷനുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം. പലയിടത്തും പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്. ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുക തന്നെ വേണം.