ജനാധിപത്യം തിളങ്ങട്ടെ, പോളിങ് ബൂത്തുകളിൽ | മുഖപ്രസംഗം

ജനാധിപത്യത്തിന്‍റെ ഉത്സവം അതിന്‍റെ മുഴുവൻ ആവേശവും ഉൾക്കൊണ്ട് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുകയെന്നതാണ് ഈയൊരു ദിവസം ഇനി ചെയ്യാനുള്ളത്
lok sabha election 2024
lok sabha election 2024

ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം കത്തിനിൽക്കുന്ന രാഷ്‌ട്രീയച്ചൂടിൽ കേരളം ഇന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പോളിങ് ബൂത്തുകളിൽ എത്തുകയാണ്. സംസ്ഥാനത്തെ ഇരുപതു പാർലമെന്‍റ് മണ്ഡലങ്ങളിലും അതിശക്തമായ പോരാട്ടമാണു നടക്കുന്നത്. മത്സരവാശി വ്യക്തമായും പ്രതിഫലിപ്പിച്ചുകൊണ്ടാണു കഴിഞ്ഞ ദിവസം പ്രചാരണത്തിന്‍റെ കൊട്ടിക്കലാശമുണ്ടായത്. ജനാധിപത്യത്തിന്‍റെ ഉത്സവം അതിന്‍റെ മുഴുവൻ ആവേശവും ഉൾക്കൊണ്ട് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുകയെന്നതാണ് ഈയൊരു ദിവസം ഇനി ചെയ്യാനുള്ളത്. ഓരോരുത്തരും അവനവന്‍റെ പങ്ക് ഭംഗിയായി നിറവേറ്റിയാൽ ആകെത്തുക പരാതികളില്ലാത്ത സുതാര്യമായ തെരഞ്ഞെടുപ്പും ഉയർന്ന പോളിങ് ശതമാനവുമാകും.

25 സ്ത്രീകൾ അടക്കം 194 സ്ഥാനാർഥികളാണ് കേരളത്തിൽ നിന്നു പാർലമെന്‍റിലെത്താനുള്ള മത്സരത്തിലുള്ളത്. ഇവരുടെ വിധി നിർണയിക്കുന്നത് 2,77,49,159 വോട്ടർമാരാണ്. ഇതിൽ അഞ്ചു ലക്ഷം പേർ കന്നിവോട്ടർമാരാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 25,000ൽ ഏറെ ബൂത്തുകളിലാണ് വോട്ടെടുപ്പു നടക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി കൈകാര്യം ചെയ്യുന്നിന് 66,000ൽ അധികം സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിരിക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും ജാഗ്രതയോടെ രംഗത്തുണ്ട്.

നേതാക്കളായാലും പ്രവർത്തകരായാലും ഉദ്യോഗസ്ഥരായാലും വോട്ടർമാരായാലും മഹത്തായ ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് തങ്ങളെന്ന ബോധ്യം എല്ലാവർക്കുമു‍ണ്ടാവണം. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശത്തെയും മാനിച്ചുകൊണ്ടാവണം‍ ഓരോ പോളിങ് ബൂത്തുകളിലും വോട്ടെടുപ്പു പ്രവർത്തനങ്ങൾ നടക്കേണ്ടത്. ഏതു പാർട്ടിയിലും മുന്നണിയിലും പെട്ടവരായാലും ഒരേ അവകാശങ്ങളാണു നമുക്കുള്ളത്. അത് ഒരിടത്തും അട്ടിമറിക്കപ്പെട്ടുകൂടാ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണ് "വീട്ടിലെ വോട്ട് ' സൗകര്യം ഉപയോഗിച്ചത്. ഇതിൽ ചിലയിടങ്ങളിൽ ചില ക്രമക്കേടുകൾ അരങ്ങേറിയതു സംസ്ഥാനത്തു വലിയ ചർച്ചയായിരുന്നു. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പ്രവർത്തകരും വോട്ടർമാരും സത്യസന്ധമായി പ്രവർത്തിച്ചപ്പോൾ ഏതാനും ചിലർ കള്ളവോട്ടുകൾക്കു ശ്രമിച്ചത് കേരളത്തിന് അപമാനമായി എന്നു പറയാതെ വയ്യ. മരിച്ചയാളുടെ പേരിൽ പോലും വോട്ടു രേഖപ്പെടുത്തിയ സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇന്ന് ആളുകൾ കൂട്ടമായി പോളിങ് ബൂത്തുകളിൽ എത്തുമ്പോൾ ക്രമക്കേടുകൾക്കു കാത്തിരിക്കുന്ന അപൂർവം ചിലരെങ്കിലും ഉണ്ടാവാം. അവരെ ഫലപ്രദമായി തടയാൻ‌ നമുക്കു കഴിയണം. വലിയ തോതിൽ ഇരട്ട വോട്ടുകൾ ഉണ്ടെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രത അനിവാര്യമായിട്ടുള്ളതും.

ഇരട്ട വോട്ട് പരാതിയിൽ ഏറെയും കഴമ്പില്ലാത്തതാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. അത്രയും നല്ലത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും ആലത്തൂരും വടകരയിലും എല്ലാം ഇരട്ട വോട്ട് പരാതികൾ ഉയർന്നതാണ്. അതെല്ലാം കൃത്യമായി പരിശോധിക്കാനും ആശങ്കകൾ അകറ്റാനും കമ്മിഷനു കഴിഞ്ഞിട്ടുണ്ടെന്നു കരുതുക. കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ട് തുടങ്ങിയ ആരോപണങ്ങളും യാഥാർഥ്യവുമായി ബന്ധമില്ലാത്തതാവട്ടെ എന്നു പ്രത്യാശിക്കുന്നു. ആയിരത്തെണ്ണൂറോളം പ്രശ്നസാധ്യതാ ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. ഇവയിലെല്ലാം കൃത്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്. പ്രശ്നബാധിത മേഖലകളിൽ കേന്ദ്രസേന ഉൾപ്പെടെ അധിക സേനയെ വിന്യസിച്ചിരിക്കുന്നത് സമാധാനപരമായ വോട്ടെടുപ്പിനു സഹായകരമാവേണ്ടതാണ്. കള്ളവോട്ടുകാർക്കും അക്രമികൾക്കും പിന്തുണയോ പ്രോത്സാഹനമോ നൽകില്ലെന്നു രാഷ്‌ട്രീയ നേതാക്കൾ ഉറച്ച തീരുമാനമെടുക്കട്ടെ.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന പോളിങ്ങാണു കേരളത്തിൽ രേഖപ്പെടുത്തുക പതിവ്. നമ്മുടെ ഉറച്ച ജനാധിപത്യ വിശ്വാസത്തിന്‍റെ ഭാഗമാണത്. 2019ൽ 77.67 ശതമാനമായിരുന്നു കേരളത്തിലെ പോളിങ്. 2014ൽ 74ഉം 2009ൽ 73ഉം ശതമാനത്തിനു മുകളിൽ വോട്ടർമാർ ബൂത്തുകളിലെത്തി. സമീപകാലത്തെല്ലാം 70 ശതമാനത്തിനു മുകളിലാണു വോട്ടെടുപ്പ്. ഏറ്റവും മികച്ച പോളിങ് തന്നെ കാഴ്ചവയ്ക്കാൻ ഇക്കുറിയും കേരളത്തിനു കഴിയട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com