
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. കുവൈറ്റ് മാത്രമല്ല, ഗൾഫ് രാജ്യങ്ങളുമായി മൊത്തത്തിൽ ഇന്ത്യയ്ക്കു വൈകാരികമായ അടുപ്പമുണ്ട്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിലുണ്ട് എന്നതാണ് അതിനു കാരണമായിട്ടുള്ളതും. സാമ്പത്തിക, വ്യാപാര, ഊർജ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായി അതിശക്തമായ ബന്ധങ്ങളുണ്ട് എന്നതും വിസ്മരിക്കാനാവില്ല. എണ്ണ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നതു ഗൾഫ് മേഖലയെയാണ്. ഗൾഫ് പണം എത്രയോ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതമാർഗമാണ്. കേരളം പോലെ പല സംസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് ഈ പണം ഉപകരിച്ചിട്ടുമുണ്ട്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലുണ്ടാകുന്ന ഓരോ മാറ്റവും നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്.
നേരത്തേ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി സന്ദർശനം നടത്തിയിരുന്നു. ഏഴു തവണയാണ് മോദി യുഎഇ സന്ദർശിച്ചത്. സൗദി അറേബ്യയിലും ഖത്തറിലും രണ്ടു വട്ടം വീതം സന്ദർശനം നടത്തി. ഒമാനിലും ബഹറിനിലും ഓരോ തവണ പോയി. ഈ സന്ദർശനങ്ങളെല്ലാം ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കിയിട്ടേയുള്ളൂ. ഇപ്പോൾ കുവൈറ്റിലും മോദിയെത്തി. 2022 ജനുവരിയിൽ യുഎഇയും കുവൈറ്റും സന്ദർശിക്കാൻ പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നതാണ്. കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ഉയർത്തിയ ആശങ്ക മൂലം അന്നത്തെ സന്ദർശനം ഉപേക്ഷിച്ചു. പിന്നീട് 2022 ജൂണിൽ മോദി യുഎഇ സന്ദർശിച്ചെങ്കിലും കുവൈറ്റ് സന്ദർശനം നീണ്ടുപോവുകയായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ഈ വർഷത്തെ കുവൈറ്റ് സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്. അതിന്‍റെ തുടർച്ചയെന്നവണ്ണമാണ് പ്രധാനമന്ത്രി തന്നെ ആ രാജ്യത്ത് എത്തുന്നത്.
വ്യാപാരം, മുതൽമുടക്ക്, ഫാർമസ്യൂട്ടിക്കൽസ്, ടെക്നോളജി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഏറെ സാധ്യതകൾ നിലനിൽക്കുകയാണ്. കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായുള്ള ജയശങ്കറിന്‍റെ ചർച്ചകളിൽ നേരത്തേ അതു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മേഖലയിലെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നതും പ്രധാനമാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സുദൃഢമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് അവിടെയുള്ള ഇന്ത്യൻ സമൂഹമാണ്. കുവൈറ്റിന്‍റെ ആകെ ജനസംഖ്യയിൽ 21 ശതമാനം ഇന്ത്യക്കാരാണ് എന്നാണു കണക്ക്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ആ രാജ്യത്തെ ഒരു തരത്തിലും അവഗണിക്കാനാവില്ല. എന്നിട്ടും 43 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിൽ എത്തുന്നതെന്നത് എടുത്തുപറയേണ്ടതാണ്. 1981ൽ ഇന്ദിര ഗാന്ധിക്കു ശേഷം ഇപ്പോൾ മോദിയാണ് കുവൈറ്റിന്‍റെ മണ്ണിൽ കാലുകുത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി.
വളരെ ഹൃദ്യമായ സ്വീകരണമാണു പ്രധാനമന്ത്രിക്കു കുവൈറ്റിൽ ലഭിച്ചതെന്ന് അവിടെ നിന്നുള്ള മുഴുവൻ റിപ്പോർട്ടുകളിലും കാണുന്നുണ്ട്. ബയാൻ കൊട്ടാരത്തിൽ അമീർ ഷെയ്ഖ് മിഷാൽ അൽ- അഹമ്മദ് അൽ- ജാബർ അൽ- സബാഹുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താൻ ഇവരുടെ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. കുവൈറ്റിന്‍റെ പരമോന്നത ബഹുമതിയായ "മുബാറക് അൽ കബീർ' കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റ് അമീർ മോദിക്കു സമ്മാനിക്കുകയും ചെയ്തു. രാജ്യത്തിനു കിട്ടിയ വലിയ അംഗീകാരം തന്നെയാണിത്. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഇന്ത്യൻ ലേബർ ക്യാംപ് സന്ദർശിക്കുകയും ചെയ്ത മോദി കുവൈറ്റുമായുള്ള ഇന്ത്യയുടെ ഹൃദയബന്ധത്തെക്കുറിച്ച് അവരോടു പറയുകയുണ്ടായി.
പുതിയ കുവൈറ്റിന്‍റെ നിർമാണത്തിന് ഇന്ത്യയുടെ മനുഷ്യശേഷിയും നൈപുണ്യവും സാങ്കേതിക വിദ്യയും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമൂഹത്തിന്‍റെ കഠിനാധ്വാനത്തെക്കുറിച്ച് കുവൈറ്റ് ഭരണാധികാരികൾക്കുള്ള മതിപ്പിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അറേബ്യൻ ഗൾഫ് കപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുത്തു. 2023-24ൽ 10.47 ബില്യൻ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും കുവൈറ്റും തമ്മിലുണ്ടായത്. ഇന്ത്യയ്ക്കു ക്രൂഡോയിൽ നൽകുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനമുണ്ട് കുവൈറ്റിന്. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള കയറ്റുമതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റിന്‍റെ ഇന്ത്യയിലെ മുതൽമുടക്കും വർധിച്ചുകൊണ്ടിരിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളിലുള്ള ഈ പുരോഗതി ഒന്നുകൂടി വേഗത്തിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകരിക്കട്ടെ.