

സർക്കാരിൽ ചേരുന്ന കുക്കി എംഎൽഎമാരെ ബഹിഷ്കരിക്കാനും ചിലർ ആഹ്വാനം ചെയ്യുന്നുണ്ട്.
വംശീയ കലാപം നിരവധി മനുഷ്യ ജീവനുകളെടുത്ത മണിപ്പുരിൽ ബിജെപി നേതാവ് എന്‍. ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കലാപത്തിനു പഴികേട്ട് രാജിവച്ചതു കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. ഒരു വർഷം നീണ്ട രാഷ്ട്രപതി ഭരണത്തിനു ശേഷം അവിടെ വീണ്ടും ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുന്നു. ബിരേൻ സിങ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് എൻഡിഎ മന്ത്രിസഭ അധികാരമേറ്റിരിക്കുന്നത്. 2017 മുതൽ നിയമസഭാംഗവും അഞ്ചുവർഷക്കാലം നിയമസഭാ സ്പീക്കറുമായിരുന്ന ഖേംചന്ദ് സിങ്ങിന് സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചു നല്ല ബോധ്യങ്ങളുണ്ടാവേണ്ടതാണ്. തമ്മിലടിക്കുന്ന വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ പദ്ധതികൾ വിജയത്തിലെത്തട്ടെയെന്നാണ് ഈ അവസരത്തിൽ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്.
ബിരേൻ സിങ്ങിനെപ്പോലെ മെയ്തി വിഭാഗത്തിൽ നിന്നുള്ള നേതാവാണു പുതിയ മുഖ്യമന്ത്രിയും. കുക്കി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ നേതാവ് നെംച കിപ്‌ജെൻ, നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎയും നാഗാ നേതാവുമായ എൽ. ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റിട്ടുണ്ട്. തങ്ങൾക്കു പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കുന്നതിൽ രേഖാമൂലം ഉറപ്പുനൽകാതെ കുക്കി എംഎൽഎമാർ മന്ത്രിസഭയിൽ ചേരരുതെന്ന ആവശ്യം ഏതാനും കുക്കി ഗ്രൂപ്പുകൾ ഉയർത്തിയിട്ടുണ്ട്. നെംച കിപ്‌ജെൻ ഉപമുഖ്യമന്ത്രിയായതിലും അവർക്ക് എതിർപ്പാണ്. കുക്കികളുടെ സ്വാധീന മേഖലയിൽ ആളുകൾ തെരുവിലിറങ്ങിയതിനെത്തുടർന്നു സംഘർഷങ്ങളുണ്ടായി. ചുരചാന്ദ്പുർ മേഖലയിൽ ഇന്നലെ കുക്കി സംഘടനകൾ ബന്ദ് ആചരിക്കുകയും ചെയ്തു. കലാപത്തിൽ പലായനം ചെയ്യപ്പെട്ട നൂറുകണക്കിനു കുക്കികൾ ക്യാംപുകളിൽ കഴിയുമ്പോഴാണ് ഗോത്ര വിഭാഗത്തിലെ നേതാക്കൾ മന്ത്രിസഭയിൽ സ്ഥാനങ്ങൾ സ്വീകരിക്കുന്നതെന്നു പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. സർക്കാരിൽ ചേരുന്ന കുക്കി എംഎൽഎമാരെ ബഹിഷ്കരിക്കാനും ചിലർ ആഹ്വാനം ചെയ്യുന്നുണ്ട്.
എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുകയെന്നതാണു പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന ദൗത്യം. സംസ്ഥാനത്തു ജനങ്ങൾക്കു സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകണം. ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പുകളെ ചർച്ചകളിലേക്കു കൊണ്ടുവരികയും പ്രശ്നങ്ങൾക്കു ജനാധിപത്യ രീതിയിൽ പരിഹാരമുണ്ടാക്കുകയും വേണം. കലാപത്തിൽ സർവവും നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു പ്രധാന പരിഗണന നൽകുമെന്നു ഖേംചന്ദ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. പലായനം ചെയ്യപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്കു തിരിച്ചെത്താൻ കഴിയണം. അതിനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നാണു കരുതുന്നത്.
മെയ്തികളും കുക്കികളും തമ്മിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ വംശീയ കലാപത്തിൽ 260ൽ ഏറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. അയ്യായിരത്തോളം വീടുകൾ അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളും തകർക്കപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടി. ആയിരങ്ങൾ പലായനം ചെയ്തു. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകളെ ഇതര സമുദായക്കാരായ ആക്രമികൾ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികളെ നേരിടാൻ സൈനികരെ നിയോഗിച്ച ശേഷവും കലാപകാരികൾ അടങ്ങിയില്ലെന്നതു പ്രശ്നത്തിന്‍റെ ഗൗരവം വ്യക്തമായി കാണിക്കുന്നതായിരുന്നു. അക്രമികൾ സേനയുടെ ആയുധങ്ങൾ പല തവണ കൊള്ളയടിച്ചു. സുപ്രീം കോടതിയുടെ കടുത്ത വിമർശനം ബിരേൻ സിങ് സർക്കാരിനു നേരേയുണ്ടായി. ഒടുവിൽ ബിജെപി കേന്ദ്ര നേതൃത്വം ബിരേൻ സിങ് സർക്കാരിന്‍റെ രാജി ചോദിച്ചുവാങ്ങുകയായിരുന്നു.
മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കു തുടക്കമാവുന്നത് 2023 മേയ് മാസത്തിലാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി സമുദായത്തിനു പട്ടികവർഗ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ 40 ശതമാനം വരുന്ന കുക്കി, നാഗ ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷ സമുദായത്തിനു സംവരണം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഇതാണു വലിയ കലാപമായി മാറിയത്. സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. സുരക്ഷാ സേനയും ആക്രമിക്കപ്പെട്ടു. ആ നാളുകൾ ഇനിയും ആവർത്തിക്കപ്പെടുന്നതു തടയുക തന്നെ വേണം. അതിനു പറ്റുന്ന അന്തരീക്ഷം ഒരുക്കാൻ പുതിയ ഭരണ സംവിധാനത്തിനു കഴിയട്ടെ. ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന അക്രമികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ ഭരണത്തിലുള്ളവർക്കു കഴിയേണ്ടതാണ്. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്. എൻപിപി-6, എൻപിഎഫ്- 5 എന്നീ കക്ഷികൾ കൂടിയാകുമ്പോൾ 48 എംഎൽഎമാരുടെ പിന്തുണ എൻഡിഎ സർക്കാരിനുണ്ട്. ഇതു നല്ല ഭൂരിപക്ഷമാണ്. അതു സർക്കാരിനു കരുത്തു നൽകുകയും ചെയ്യേണ്ടതാണ്. അടുത്ത വർഷം ഫെബ്രുവരിയിലാണ് മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. അതിനു മുൻപ് സംഘർഷ സാഹചര്യം പൂർണമായി ഇല്ലാതാവട്ടെ.