ജനഹിതം നിറവേറ്റട്ടെ, രേഖ ഗുപ്ത സർക്കാർ

ആം ആദ്മി പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജനവിധി ബിജെപിയിൽ പ്രതീക്ഷ അർപ്പിച്ചുള്ളതാണ്. ആകർഷകമായ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി ജനങ്ങളുടെ മുമ്പാകെ വച്ചിട്ടുള്ളത്
Delhi Chief Minister Rekha Gupta
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Updated on

ഇരുപത്താറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ ഒരു ബിജെപി സർക്കാർ അധികാരമേറ്റിരിക്കുന്നു. അതിനെ നയിക്കുന്നത് ഇതാദ്യമായി ഡൽഹി നിയമസഭയിലെത്തിയ ഒരു വനിതാ നേതാവാണ്. അമ്പതു വയസുള്ള രേഖ ഗുപ്ത. ഷാലിമാർ ബാഗ് എംഎൽഎ. ആകെയുള്ള 70ൽ നാൽപ്പത്തെട്ടു സീറ്റു നേടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടിയുടെ തുടർച്ചയായ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജനവിധി തീർച്ചയായും ബിജെപിയിൽ ഏറെ പ്രതീക്ഷ അർപ്പിച്ചുകൊണ്ടുള്ളതാണ്. കോൺഗ്രസിന് ഒരു സീറ്റു പോലും നൽകാതെയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കു ഭൂരിപക്ഷം ഉറപ്പാക്കിയത്. ആകർഷകമായ നിരവധി വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് ബിജെപി ജനങ്ങളുടെ മുമ്പാകെ വച്ചിട്ടുള്ളത്. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം നൽകുന്ന മഹിളാ സ്മൃതി യോജന, ഗർഭിണികൾക്ക് 21,000 രൂപയുടെ ധനസഹായവും ആറു പോഷകാഹാര കിറ്റുകളും, ആദ്യ കുട്ടിക്ക് 5,000, രണ്ടാമത്തെ കുട്ടിക്ക് 6,000 വീതം സഹായം, എൽപിജി സിലിണ്ടറുകൾക്ക് 500 രൂപയുടെ സർക്കാർ സബ്സിഡി, ദീപാവലിക്കും ഹോളിക്കും സൗജന്യ സിലിണ്ടറുകൾ, ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിനു പുറമേ മുതിർന്ന പൗരന്മാർക്ക് അഞ്ചു ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ, മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതി, ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള ധനസഹായത്തിൽ വർധന, സ്ത്രീകൾക്കു ലഭിക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതി പുരുഷ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും കൂടി ബാധകമാക്കുക തുടങ്ങി പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പലതുണ്ട്.

ഇതെല്ലാം വോട്ടർമാരെ ആകർഷിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ഈ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ദൃഢനിശ്ചയം രേഖ ഗുപ്തയുടെ സർക്കാരിനുണ്ടായാൽ അതു ജനങ്ങളെ ഒപ്പം നിർത്താൻ സഹായിക്കും. ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണ്. ബിജെപിക്ക് 45.56 ശതമാനവും എഎപിക്ക് 43.57 ശതമാനവും വോട്ടാണ് ഇക്കുറി ലഭിച്ചത്. അതുകൊണ്ടു തന്നെ ഭരണകക്ഷിക്ക് ജനപിന്തുണ വർധിപ്പിക്കേണ്ടതുണ്ട്. ജനക്ഷേമ പദ്ധതികൾ അതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ബിജെപിയുടെ കേന്ദ്ര സർക്കാരാണു രാജ്യം ഭരിക്കുന്നത്. ഇരട്ട എൻജിൻ ഭരണം ഡൽഹിക്ക് ഒരുപാടു നേട്ടങ്ങളുണ്ടാക്കുമെന്നു കേന്ദ്ര സർക്കാരിലും പാർട്ടി കേന്ദ്ര നേതൃത്വത്തിലുമുള്ള നേതാക്കൾ ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പു നൽകിയതാണ്. ഡൽഹിയിലെ ഭരണം എങ്ങനെ പുരോഗമിക്കുന്നുവെന്നു രാജ്യം മുഴുവൻ ശ്രദ്ധിക്കും. അതുകൊണ്ടു തന്നെ ഒരു മാതൃകാഭരണം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നു പിറവിയെടുത്തതാണ് ആം ആദ്മി പാർട്ടി. അവർക്കു ഭരണം നഷ്ടമായത് അഴിമതിയാരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തന്നെയാണ് എന്നതും ഓർക്കേണ്ടതുണ്ട്. അരവിന്ദ് കെജരിവാളിന്‍റെയും കൂട്ടരുടെയും അഴിമതിക്കെതിരേ വോട്ടു ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് അധികാരത്തിൽ വന്നവർ അഴിമതിക്കറ പുരളാതെയും നോക്കേണ്ടതുണ്ട്.

വനിതാ വോട്ടർമാരുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രേഖ ഗുപ്തയെ ബിജെപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രകടന പത്രികയിലും സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം പാർട്ടി നൽകിയിരുന്നു. നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് ഒരു വനിതാ മുഖ്യമന്ത്രിയില്ല എന്ന ആക്ഷേപവും ഇതോടെ ഒഴിവാകുകയാണ്. പശ്ചിമ ബംഗാൾ സർക്കാരിനെ നയിക്കുന്ന ടിഎംസി നേതാവ് മമത ബാനർജിയാണ് രേഖ ഗുപ്തക്കു പുറമേ ഇപ്പോൾ വനിതാ മുഖ്യമന്ത്രിയായിട്ടുള്ളത്. ഡൽഹിയിൽ ശക്തമായ ബനിയ സമുദായത്തിൽ നിന്നുള്ള നേതാവു കൂടിയാണ് രേഖ ഗുപ്ത. സമൂഹത്തിൽ ഏറെ സ്വാധീനമുള്ള വ്യാപാരികളുടെ സമുദായം കൂടിയാണിത്. വ്യാപാരികൾക്കിടയിൽ ബിജെപിയുടെ വോട്ടുകൾ ഉറപ്പിക്കാനും പുതിയ മുഖ്യമന്ത്രിക്കു കഴിയുമെന്നു പാർട്ടി വിശ്വസിക്കുന്നുണ്ടാവണം. സമൂഹത്തിന്‍റെ അടിത്തട്ടിൽ പ്രവർത്തിച്ചു പരിചയമുള്ള നേതാവാണ് രേഖ എന്നതും പ്രാധാന്യമർഹിക്കുന്നതാണ്. ക്യാംപസ് രാഷ്ട്രീയത്തിലും പിന്നീട് പാർട്ടി സംസ്ഥാന ഘടകത്തിലും മുനിസിപ്പൽ ഭരണത്തിലും എല്ലാം പ്രവർത്തന പരിചയമുള്ള നേതാവ്. പ്രവർത്തനമികവുള്ള യുവനേതാക്കളെ അധികാരത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് രേഖയുടെ സ്ഥാനലബ്‌ധി എന്നും ബിജെപിക്ക് അവകാശപ്പെടാം.

ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി രേഖ ഗുപ്തയ്ക്കുണ്ട്. 1998ൽ ചുരുങ്ങിയ കാലം മാത്രം അധികാരത്തിലിരുന്ന സുഷമ സ്വരാജാണ് ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. പിന്നീട് 15 വർഷം മുഖ്യമന്ത്രിക്കസേരയിലിരുന്നത് ഷീല ദീക്ഷിതാണ്. ഏറെ വിവാദങ്ങളും ഉയർന്നുവെങ്കിലും ഡൽഹിയുടെ വികസനത്തിന് നിർണായക പങ്കുവഹിച്ച സർക്കാരായിരുന്നു അവരുടേത്. ഷീലയ്ക്കു ശേഷം അധികാരത്തിലെത്തിയ അരവിന്ദ് കെജരിവാൾ സമീപകാലത്ത് അഴിമതിക്കേസിൽ ജയിലിലായി ജാമ്യം നേടി പുറത്തുവന്ന ശേഷമാണ് മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുണ്ടാവുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് അതിഷിയെ ഇരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു കെജരിവാൾ. പക്ഷേ, ജനങ്ങൾ വിധിയെഴുതിയത് ബിജെപി സർക്കാരിനു വേണ്ടിയാണ്. വികസിത ഡൽഹിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ പ്രയത്നിക്കുമെന്നാണു പുതിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞിരിക്കുന്നത്. പുതിയ കാലത്തിന് അനുയോജ്യമായ വിധത്തിലുള്ള വളർച്ച രാജ്യതലസ്ഥാനത്തുണ്ടാക്കാൻ ഈ സർക്കാരിനു കഴിയുമെന്ന് മുഴുവൻ പാർട്ടി പ്രവർത്തകരും വിശ്വസിക്കുന്നുണ്ടാവണം. സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് രാംലീല മൈതാനിയെ കാവിക്കടലാക്കി മാറ്റിയ ആയിരക്കണക്കിനു പ്രവർത്തകർ അത്യധികം ആവേശത്തിൽ തന്നെയാണ്. അവരുടെ പ്രതീക്ഷകൾ വെറുതെയാവില്ലെന്ന് ഉറപ്പിക്കാൻ രേഖ ഗുപ്ത സർക്കാരിനു കഴിയുമോയെന്നു വരുംനാളുകൾ കാണിച്ചുതരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com