സീ പ്ലെയിൻ വരട്ടെ, ആശങ്കകൾ പരിഹരിച്ച്

സീ പ്ലെയിനിന്‍റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്
സീ പ്ലെയിൻ വരട്ടെ, ആശങ്കകൾ പരിഹരിച്ച് | Let Sea Plane project come after addressing concerns
സീ പ്ലെയിൻ വരട്ടെ, ആശങ്കകൾ പരിഹരിച്ച്
Updated on

ടൂറിസം മേഖലയ്ക്കു പ്രതീക്ഷയുടെ പുതിയ ചിറകുകൾ നൽകുന്നതാണു സീ പ്ലെയിൻ പദ്ധതിയെന്നു ചൂണ്ടിക്കാണിക്കുന്നവർ പലരുണ്ട്. എന്നാൽ, ഈ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും അതിനാൽ സീ പ്ലെയിൻ നമുക്കു വേണ്ടെന്നും പറയുന്നവരുമുണ്ട്. അടുത്തിടെ സീ പ്ലെയിനിന്‍റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. ഭരണപക്ഷത്തു തന്നെ സീ പ്ലെയിനെക്കുറിച്ചു രണ്ടഭിപ്രായമാണുള്ളത്. സിപിഎം പദ്ധതിക്കു വേണ്ടി നിലകൊള്ളുമ്പോൾ സിപിഐ അതിനെ എതിർക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു മുൻപ് ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ കക്ഷികൾ തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആശങ്കകളും കണക്കിലെടുക്കേണ്ടതുണ്ട്. പദ്ധതിയെ എതിർക്കുന്നവർ എന്തൊക്കെയാണോ ചൂണ്ടിക്കാണിക്കുന്നത് അതെല്ലാം സംബന്ധിച്ച് വിദഗ്ധരുടെ തലത്തിൽ പരിശോധനകളും പഠനങ്ങളും നടക്കണം. ആശങ്കകൾ പരിഹരിച്ച ശേഷം എല്ലാവരുടെയും പിന്തുണയോടെ പദ്ധതി നടപ്പാക്കുന്നതാവും ഉചിതം. ഇതിനു മുൻകൈയെടുക്കേണ്ടതു സർക്കാരാണ്.

ടൂറിസം രംഗത്ത് ആവേശമുണ്ടാക്കാൻ കഴിയുന്നതാണ് ഈ പദ്ധതി എന്നതിൽ സംശയമില്ല. ടൂറിസം വകുപ്പിന്‍റെ കുതിപ്പിനു വേഗം കൂട്ടുന്നതാണ് സീ പ്ലെയിൻ എന്ന സർക്കാർ നിലപാട് കണ്ണടച്ചു തള്ളേണ്ടതുമല്ല. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനമാണ് സീ പ്ലെയിൻ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് അതിൽ വാട്ടർഡ്രോമുകൾ ഒരുക്കി സീ പ്ലെയിൻ സേവനം തുടങ്ങാനാവും. സംസ്ഥാനത്തെ വിമാനത്താവളങ്ങളും ജലാശ‍യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിലൂടെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റമാണുണ്ടാവുക. ടൂറിസത്തിനു മാത്രമല്ല മറ്റു പല അത്യാവശ്യ ഘട്ടങ്ങളിലും സീ പ്ലെയിൻ ഉപയോഗപ്പെടുത്താനാവും. ഏതാനും ദിവസം മുൻപ് സീ പ്ലെയിനിന്‍റെ പരീക്ഷണ പറക്കൽ നടന്നത് കൊച്ചി ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്കായിരുന്നു. ഇതു കൂടാതെ കോവളത്തും അഷ്ടമുടിയിലും പുന്നമടയിലും കുമരകത്തും മലമ്പുഴയിലും ബേക്കലിലും എല്ലാം സീ പ്ലെയിനുകൾ പരീക്ഷിക്കാവുന്നതാണ്.

കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടി ഡാം വരെ 130 കിലോമീറ്ററിലധികം ദൂരമുണ്ട്. ഈ ദൂരം താണ്ടാൻ പരീക്ഷണ പറക്കലിൽ ഉപയോഗിച്ച സീ പ്ലെയിൻ 25 മിനിറ്റാണ് സമയമെടുത്തത്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് ഇത്രയും വേഗത്തിൽ എത്താൻ സൗകര്യമുണ്ടായാൽ നിരവധിയാളുകളെ അത് ആകർഷിക്കും. പുറത്തുനിന്നു വരുന്നവർക്ക് വലിയ ആകർഷണമായി അതു മാറും. കനേഡിയൻ കമ്പനി ഡി ഹാവിലൻഡ് എയർക്രാഫ്റ്റിന്‍റെ 17 സീറ്റുള്ള ജല വിമാനമാണു പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. മുപ്പതു പേർക്കു വരെ യാത്ര ചെയ്യാവുന്ന സീ പ്ലെയിനുകൾ നിലവിലുണ്ട്. ഇതിൽ ഏതൊക്കെയാണ് നമുക്ക് അനുയോജ്യമാവുകയെന്നു പരിശോധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാവുന്നതാണ്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഈ രംഗത്ത് എത്രമാത്രം ഉപയോഗിക്കാനാവുമെന്നും പരിശോധിക്കപ്പെടണം. കേന്ദ്രാനുമതി വാങ്ങുന്നതടക്കം കടമ്പകൾ പലതാണ്. പരീക്ഷണ പറക്കലുകൾ പലയിടത്തായി പലതു നടത്തേണ്ടതായി വരും. അതിലൊക്കെ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ നാട് ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.

ഗ്രാമീണ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളെ വിമാനങ്ങളിൽ എത്തിക്കാൻ പ്രോത്സാഹനം നൽകുന്ന കേന്ദ്ര സർക്കാരിന്‍റെ "ഉഡാൻ' പദ്ധതിയുടെ ഭാഗമാണ് സീ പ്ലെയിൻ സർവീസുകൾ. നാലു വർഷം മുൻപ് ഗുജറാത്തിൽ രാജ്യത്തെ ആദ്യ സീ പ്ലെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തെങ്കിലും അത് ഏറെ നീണ്ടുനിന്നില്ല. രണ്ടോ മൂന്നോ മാസത്തിനകം രാജ്യത്ത് റഗുലർ സീ പ്ലെയിൻ സർവീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങളാണു നടന്നുവരുന്നത്. ലക്ഷദ്വീപിലാകും ആദ്യം ഈ സർവീസ് വരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. വൈകാതെ തന്നെ മറ്റു പല സംസ്ഥാനങ്ങളും ഈ പാത സ്വീകരിച്ചേക്കാം. കേരളവും അതിൽ നിന്നു പിന്മാറേണ്ടതില്ല. പക്ഷേ, വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആശങ്കകൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മാട്ടുപ്പെട്ടിയിലേക്കു പരീക്ഷണ പറക്കൽ നടത്തിയപ്പോൾ വനം വകുപ്പ് ഉന്നയിച്ച ഒരാശങ്ക വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് ജല വിമാനം തടസമാകുമെന്നതാണ്. ആനകളുടെ സഞ്ചാരപാതയാണു മാട്ടുപ്പെട്ടിയെന്ന് അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. പദ്ധതി കായലിലേക്കു കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തുമെന്ന് അവരും പരാതിപ്പെടുന്നുണ്ട്. ഇത്തരം ആശങ്കകൾ അകറ്റുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായും സർക്കാർ ചർച്ച നടത്തണം. പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും രണ്ടു വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com