
വിപണി മൂല്യത്തിൽ രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ടയാണ് കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കൊച്ചി പുറംകടലിൽ നടത്തിയത്. നാവിക സേനയുടെ കൂടി സഹായത്തോടെ കപ്പൽ വളഞ്ഞ് പിടികൂടിയത് 25,000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരക ലഹരി വസ്തു. 2525 കിലോഗ്രാം തൂക്കം വരുന്ന ഈ മയക്കുമരുന്ന് 134 ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് അന്തിമ കണക്ക് തിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ടു പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് മയക്കുമരുന്നു വേട്ട ഒന്നുകൂടി ശക്തമാക്കാനും ലഹരി മാഫിയകളുടെ ശൃംഖലകൾ തകർക്കാനും കഴിയുമെന്നു പ്രതീക്ഷിക്കാം. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനു പുറമേ കൊച്ചിയടക്കം ഇന്ത്യയിലെ പല നഗരങ്ങളിലും എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത് എന്നാണു സൂചനകൾ. കേരളത്തിലും ഇതു കൊണ്ടുവന്നിരുന്ന സംഘത്തിനു കണ്ണികളുണ്ടാവാം. അങ്ങനെയെങ്കിൽ അവ ഏതെന്നും എത്രമാത്രം വലുതാണെന്നും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പാക്കിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പാണ് ഈ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നതെന്നാണ് എൻസിബി പറയുന്നത്. പാക് ചാരസംഘടന ഐഎസ്ഐയ്ക്കും മയക്കുമരുന്നു കടത്തിൽ പങ്കുണ്ടെന്നും പറയുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇറാനിലെത്തിച്ച് അവിടെ നിന്നാണത്രേ ഇവർ കടൽമാർഗം ഇന്ത്യയിലടക്കം കൊണ്ടുവരുന്നത്. മയക്കുമരുന്നു കടത്തിന്റെ ഹബ്ബായി കൊച്ചിയെ മാറ്റുകയും കേരളത്തിലും സംസ്ഥാനത്തിനു പുറത്തും വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്ത് ഇവിടുത്തെ തലമുറകളെ നശിപ്പിച്ച് സ്വന്തം ബിസിനസ് സാമ്രാജ്യം വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യം അന്താരാഷ്ട്ര സംഘങ്ങൾക്കുണ്ടെങ്കിൽ അത് എത്രയും വേഗം തടയപ്പെടേണ്ടതാണ്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ കൊച്ചി പുറംകടലിൽ നിന്ന് എൻസിബിയും നാവിക സേനയും ചേർന്ന് 1,200 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നുവെന്നും ഓർക്കുക. ഇറേനിയൻ ബോട്ടിലായിരുന്നു അന്ന് ലഹരിവസ്തുക്കൾ കൊണ്ടുവന്നിരുന്നത്.
ഇന്ത്യൻ തീരം വഴിയുള്ള അന്താരാഷ്ട്ര ലഹരികടത്ത് തടയുന്നതിനാണ് കഴിഞ്ഞ വർഷം ആദ്യം എന്സിബി ഓപ്പറേഷൻ സമുദ്ര ഗുപ്ത ആരംഭിച്ചത്. അതിന്റെ ഭാഗമായി ഗുജറാത്ത് തീരത്തും നേരത്തേ എന്സിബിയുടെ മയക്കുമരുന്നു വേട്ട നടന്നിട്ടുണ്ട്. ശതകോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുകൾ ഇങ്ങനെ പലപ്പോഴായി പിടികൂടിക്കഴിഞ്ഞു. എന്നിട്ടും ലഹരി കടത്തു സംഘങ്ങൾ കടൽവഴിയുള്ള കടത്ത് തുടരുകയാണ്. കടലിലും തീരത്തും അതിശക്തമായ നിരീക്ഷണം ആവശ്യമുണ്ട് എന്നതാണ് ഇതു കാണിക്കുന്നത്. അതിനൊപ്പം തന്നെ നാട്ടിലും അതീവ ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി തന്നെ എല്ലായിടത്തും മയക്കുമരുന്നിന്റെ ഉപയോഗം ഉയർത്തുന്ന ഭീഷണി വർധിച്ചുവരുന്നുണ്ട്. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സ്കൂൾ കുട്ടികളെയും യുവാക്കളെയും അകറ്റിനിർത്തേണ്ടതുണ്ട്. സ്കൂളുകളിൽ കുട്ടികളെ സ്വാധീനിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പലയിടത്തായി പിടികൂടുന്നുണ്ട്. കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നതു പലപ്പോഴും വൈകിയാണു തിരിച്ചറിയുന്നത്. ലഹരിവസ്തുക്കൾ കുട്ടികളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും പൊലീസും എല്ലാം പതിവിൽക്കവിഞ്ഞ ജാഗ്രത കാണിക്കേണ്ട കാലമാണിത്.
കോഴിക്കോട് മെഡിക്കൽ കോളെജ് പരിസരം ലഹരി മാഫിയ കൈയടക്കിയതായുള്ള ആശുപത്രി സുരക്ഷാ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരിക്കുന്നത്. ക്യാംപസ് പരിസരം ലഹരി മാഫിയയുടെ താവളമായി മാറിയതിനാൽ ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ രാത്രികാലങ്ങളിൽ ഇറങ്ങിനടക്കാനാവാത്ത സ്ഥിതിയാണ്. സുരക്ഷാ ജീവനക്കാർ മർദിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. പരിസരത്തെ 12 ഇടങ്ങൾ പ്രത്യേകം ചൂണ്ടിക്കാണിച്ച് പൊലീസ് നിരീക്ഷണവും പട്രോളിങ്ങും കർശനമാക്കാൻ ആവശ്യപ്പെട്ട് മെഡിക്കൽ കോളെജ് അധികൃതർ പൊലീസിനു കത്തു നൽകിയിരിക്കുകയാണ്. ഇത് ഒരു സംഭവം മാത്രമാണ്. മറ്റ് മെഡിക്കൽ കോളെജ് പരിസരങ്ങളും ആശുപത്രി പരിസരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളും എല്ലാം മയക്കുമരുന്നു മാഫിയ ഉറ്റുനോക്കുന്നവയാവാം. അയൽ രാജ്യങ്ങളിൽ നിന്ന് യഥേഷ്ടം മയക്കുമരുന്ന് ഇന്ത്യയിലെത്തുകയും അത് ഇവിടെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നത് രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനും അപകടകരമാണ്. മയക്കുമരുന്നിനോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും നമുക്കു കാണിക്കാനാവില്ല.