
ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനമാണ് ആരു ഭരിക്കണമെന്നത്. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിൽ നിയമ നിർമാണ സഭകളിൽ ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കളാണ് സർക്കാരുണ്ടാക്കുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭൂരിപക്ഷമുള്ള പാർട്ടിയുടെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തീരുമാനിക്കുന്നത്. സഭയിൽ ഭൂരിപക്ഷം ഉണ്ടാവുക എന്നതാണ് ഏതു ഭരണാധികാരിക്കും ആവശ്യം. സ്വാഭാവികമായ നിലയ്ക്കാണെങ്കിൽ പാർട്ടിയുടെ തീരുമാനം അംഗങ്ങൾ അനുസരിക്കേണ്ടിവരും. അല്ലാതെ വരുമ്പോഴാണല്ലോ പിളർപ്പുകൾ ഉണ്ടാകുന്നത്. കർണാടകയിൽ ജനങ്ങൾ ഭരണം ഏൽപ്പിച്ചിരിക്കുന്നത് കോൺഗ്രസിനെയാണ്. അതും വ്യക്തമായ ഭൂരിപക്ഷത്തോടെ. മൊത്തം 224 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 അംഗങ്ങളാണ്. എന്നാൽ, കോൺഗ്രസിന് ജനങ്ങൾ നൽകിയത് 135 അംഗങ്ങളെ. കഴിഞ്ഞ തവണ തൂക്കുസഭ ഉണ്ടായതിനെത്തുടർന്ന് കാലുമാറ്റവും രാജിയും ഉപതെരഞ്ഞെടുപ്പുകളും ഒക്കെ കണ്ട സംസ്ഥാനത്ത് ഇക്കുറി ഒരുവിധ രാഷ്ട്രീയ അനിശ്ചിതത്വവും ഉണ്ടാവരുത് എന്നാവണം ജനങ്ങൾ ആഗ്രഹിച്ചത്. കോൺഗ്രസ് നൽകിയ ജനപ്രിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന വിശ്വാസവും അവർക്കുണ്ടാവും. ഉത്തരവാദിത്വ ബോധമുള്ള ഭരണകക്ഷിയുടെ ചുമതലകൾ ഒറ്റക്കെട്ടായി നിന്നു നിറവേറ്റുകയാണ് ജനഹിതത്തെ മാനിക്കുന്ന ഏതു പാർട്ടിയും ചെയ്യേണ്ടതും.
എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലും രാജ്യതലസ്ഥാനത്തും കണ്ട രാഷ്ട്രീയ നാടകങ്ങൾ വോട്ടു ചെയ്ത ജനങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നല്ല. അധികാരത്തിനു വേണ്ടിയുള്ള നേതാക്കളുടെ വടംവലി അധികാരമേൽക്കാൻ പോകുന്ന സർക്കാരിന്റെ പ്രതിച്ഛായയെപ്പോലും ബാധിക്കുന്നതായി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ കൂടിയായ മുൻ മന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ മുഖ്യമന്ത്രിസ്ഥാനത്തിനു പോരടിച്ച മണിക്കൂറുകളിൽ ഇവരുടെ അനുയായികളും പരസ്യമായി രണ്ടു തട്ടിൽ നിന്നാണ് മുദ്രാവാക്യം വിളിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും അനുകൂലമായിരുന്ന ഘടകം സിദ്ധരാമയ്യയും ശിവകുമാറും എല്ലാ അഭിപ്രായങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു എന്നതാണ്. എന്നാൽ, ഈ ഒത്തൊരുമ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടിവന്ന അവസരത്തിൽ പ്രകടമായില്ല. അധികാരത്തിനു വേണ്ടി നേതാക്കൾ പരസ്പരം പോരടിക്കുന്ന കോൺഗ്രസ് രീതി ഇവിടെയും ആവർത്തിച്ചു.
2018ൽ മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു ഭരിക്കാൻ ജനങ്ങൾ അവസരം നൽകിയപ്പോഴും ഇതേ മട്ടിൽ നേതാക്കൾ മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി "ഗുസ്തി' പിടിക്കുകയുണ്ടായി. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലായിരുന്നു പോരാട്ടം. മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ. നേതാക്കൾ ഹൈക്കമാൻഡിൽ പലവിധത്തിൽ സമ്മർദം ചെലുത്തുമ്പോൾ പാർട്ടി പ്രവർത്തകർ നിരാശയോടെ അതെല്ലാം കാണേണ്ടിവന്നു. ഒടുവിൽ ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത് ഗെഹ്ലോട്ടിനും കമൽ നാഥിനും വേണ്ടി. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി തന്നെ പിളർത്തി ബിജെപിയിലേക്കു പോയി. കമൽ നാഥ് സർക്കാർ വീഴുകയും ബിജെപി സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലെത്തുകയും ചെയ്തു. രാജസ്ഥാനിലാവട്ടെ സർക്കാരിന്റെ കാലാവധി തീരാറായിട്ടും ഗെഹ്ലോട്ട്- സച്ചിൻ പോരാട്ടം തീർന്നിട്ടില്ല. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു മുന്നേറുകയാണ് രണ്ടു നേതാക്കളും അവരെ പിന്തുണയ്ക്കുന്ന രണ്ടു വിഭാഗങ്ങളും. വോട്ടു ചെയ്യുമ്പോൾ ജനങ്ങൾ എന്താണോ ഉദ്ദേശിച്ചത് അത് അട്ടിമറിക്കുകയാണ് അധികാരത്തോടുള്ള ആർത്തി മൂലം പിന്നീട് നേതാക്കൾ.
കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തിനു മാത്രമല്ല ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മന്ത്രിസ്ഥാനത്തിനും എല്ലാം അവകാശവാദം ഉന്നയിച്ച് നേതാക്കൾ രംഗത്തിറങ്ങി. അവരെ പിന്തുണച്ച് പല തരം സംഘടനകളും കളത്തിലെത്തി. മതവും ജാതിയും പ്രാദേശിക താത്പര്യവും അനുഭവ പരിചയവും എല്ലാം പറഞ്ഞാണ് വിലപേശലുകൾ. പരസ്യമായി അവകാശവാദങ്ങൾ ഉന്നയിച്ച് ഇവരെല്ലാം പാർട്ടി ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുന്നു. ഇതെല്ലാം കഴിഞ്ഞ് നിലവിൽ വരുന്ന സർക്കാർ അതിനു ശേഷമെങ്കിലും നേതാക്കൾ തമ്മിലുള്ള പരസ്പര ഭിന്നതകൾ മറന്ന് മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കട്ടെ. ജനാഭിലാഷം അട്ടിമറിക്കുന്ന തരത്തിലാവാതിരിക്കട്ടെ നേതാക്കളുടെ പ്രവർത്തനം. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രയും പെട്ടെന്ന് പാലിക്കപ്പെടട്ടെ. തെരഞ്ഞെടുപ്പു സമയത്ത് എത്ര ഐക്യത്തിൽ പ്രവർത്തിച്ചോ അതേ ഐക്യം തെരഞ്ഞെടുക്കപ്പെട്ട ശേഷവും കാണിക്കേണ്ടതുണ്ട്. ജനങ്ങളുടെ വോട്ടു വാങ്ങി കഴിയുന്നതോടെ അവരുടെ കാര്യങ്ങൾ മറന്ന് പരസ്പരം അധികാരത്തിനു പോരടിക്കുന്നതല്ല ആരോഗ്യമുള്ള ജനാധിപത്യം. മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ബാധകവുമാണിത്.