
സാധ്യത തെളിയട്ടെ, തിരുവനന്തപുരം മെട്രൊയ്ക്ക്
പ്രധാന നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളിൽ മെട്രൊ റെയ്‌ലിനുള്ള പ്രാധാന്യം വർധിച്ചുവരുകയാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് ഇപ്പോൾ ഈ സൗകര്യമില്ലാത്ത പല നഗരങ്ങളും മെട്രൊ റെയ്‌ലിനായി രംഗത്തുവരുന്നുണ്ട്. കഴിഞ്ഞ ഒരു ദശകക്കാലം കൊണ്ട് രാജ്യത്തെ മെട്രൊ റെയ്‌ൽ ശൃംഖലയിലുണ്ടായ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2014ലെ കണക്കനുസരിച്ച് അഞ്ചു നഗരങ്ങളിലായി 248 കിലോമീറ്റർ മെട്രൊ റെയ്‌ൽ ശൃംഖലയാണുണ്ടായിരുന്നത്. ഇപ്പോൾ ഇരുപത്തിമൂന്നു നഗരങ്ങളിൽ മെട്രൊ റെയ്‌ൽ പ്രവർത്തനക്ഷമമാവുകയോ നിർമാണം നടക്കുകയോ ചെയ്യുന്നുണ്ട്. 1000 കിലോമീറ്ററിലേറെ മെട്രൊ ശൃംഖലയുണ്ട്. ഒരു പതിറ്റാണ്ടുകൊണ്ട് 760ൽ ഏറെ കിലോമീറ്റർ മെട്രൊ റെയ്‌ലുണ്ടായി എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. 2013-14ൽ 28 ലക്ഷം പേരാണ് പ്രതിദിനം മെട്രൊയിൽ യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഒരു കോടിയിലേറെ യാത്രക്കാരുണ്ട്. മെട്രൊ പദ്ധതികൾക്കുള്ള വാർഷിക ബജറ്റ് 2013-14ൽ 5,798 കോടി രൂപയായിരുന്നത് 2025-26ൽ 34,807 കോടി രൂപയായിട്ടുണ്ട്.
കേരളത്തിൽ തന്നെ കൊച്ചി മെട്രൊ വന്നതുകൊണ്ടുള്ള പ്രയോജനം നമുക്കറിയാം. ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്ന ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയിൽ യാത്രാ സർവീസുകൾക്കു പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ കൊച്ചി മെട്രൊ റെയ്‌ൽ ലിമിറ്റഡ് പദ്ധതിയിടുകയാണ്. ഇതുവഴി മെട്രൊയുടെ വരുമാനം കൂട്ടാനാവും എന്നതു മാത്രമല്ല കാര്യം. നഗരത്തിലുള്ള ചെറുകിട ബിസിനസുകാർക്ക് ഇത് എറെ പ്രയോജനം ചെയ്യും. കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ ആലുവയിൽ നിന്ന് നെടുമ്പാശേരിയിലേക്കു നീട്ടാനുള്ള ആലോചനകളും നടക്കുന്നു. അങ്കമാലിയിലേക്കു നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനൊപ്പമാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും മെട്രൊ റെയ്‌ൽ വേണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരിക്കുന്നത്. രണ്ടു നഗരങ്ങളിലും മെട്രൊ യാഥാർഥ്യമാക്കുമെന്ന് നേരത്തേ തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എന്നാൽ, പ്രാരംഭ പ്രവർത്തനങ്ങൾ വേണ്ടതുപോലെ നടക്കുന്നില്ല എന്നതാണു നഗരവാസികളെ നിരാശപ്പെടുത്തുന്നത്.
എന്തായാലും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തിൽ പ്രതീക്ഷകൾക്കു വീണ്ടും ചിറകു മുളയ്ക്കുന്നുണ്ട്. മെട്രൊ റെയ്‌ലിന്‍റെ അലൈൻമെന്‍റ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുന്നതിനു സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതാവും ഈ സമിതി. ഇവർ എത്രയും വേഗം നിർദേശങ്ങൾ സമർപ്പിക്കുകയും അതിനനുസരിച്ച് വേഗത്തിൽ തുടർ നടപടികളുണ്ടാവുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. മൂന്ന് ഇടനാഴികളായാണ് ഇപ്പോൾ പദ്ധതി പരിഗണിക്കുന്നതെന്നാണ് ഡോ. ശശി തരൂർ എംപി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെയാണ് ആദ്യ ഇടനാഴി. ഇതിൽ ഉള്ളൂർ- കരമന 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയാണ്. ഇതിന്‍റെ ചെലവ് 6,775 കോടി രൂപ എന്നും കണക്കാക്കുന്നു. കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിയിലും ഭൂഗർഭ പാതയുണ്ടാവും.
5,775 കോടിയാണ് ഇതിന്‍റെ നിർമാണച്ചെലവ്. പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള മൂന്നാം ഇടനാഴിയിൽ ആറു കിലോമീറ്റർ ഭൂഗർഭ പാതയാണ്. 2,700 കോടി നിർമാണച്ചെലവ് കണക്കാക്കുന്നു. ഇത്തരത്തിൽ നിർദേശങ്ങളുണ്ടെങ്കിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിശദമായി എല്ലാം പഠിക്കേണ്ടതുണ്ട്. അലൈൻമെന്‍റ് അംഗീകരിച്ച് വ്യക്തമായ പദ്ധതി തയാറാക്കി വേണം കേന്ദ്ര സർക്കാരിനെ സമീപിക്കാൻ.
കേരളം വർഷങ്ങളായി ചർച്ച ചെയ്യുന്നതാണ് തിരുവനന്തപുരം മെട്രൊ റെയ്‌ൽ പദ്ധതി. മുൻ സർക്കാരുകളും ഇതിനെക്കുറിച്ചു പറയാറുണ്ടെങ്കിലും നടപടികൾ വേണ്ടപോലെ മുന്നോട്ടുപോവുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രൊ റെയ്‌ൽ നടപ്പാക്കാൻ കൊച്ചി മെട്രൊ റെയ്‌ൽ ലിമിറ്റഡിന്‍റെ മാതൃകയിൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർടിഎൽ) രൂപീകരിക്കുകയുണ്ടായി. ഡൽഹി മെട്രൊ റെയ്‌ൽ കോർപ്പറേഷൻ (ഡിഎംആർസി) തിരുവനന്തപുരം മെട്രൊയുടെ ആദ്യ ഡിപിആർ കൈമാറിയത് 2014ലാണ്. പദ്ധതി വൈകിയപ്പോൾ വീണ്ടും ഡിപിആർ തയാറാക്കേണ്ടിവന്നു. 2021ൽ പുതിയ ഡിപിആർ നൽകി. ഒരു സംസ്ഥാനത്തെ റെയ്‌ൽവേ പദ്ധതികൾക്ക് ഒന്നിലധികം സ്ഥാപനങ്ങൾ വേണ്ടെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചപ്പോൾ കെആർടിഎൽ പിരിച്ചുവിട്ടു. 2022ൽ ആയിരുന്നു അത്. അങ്ങനെ തിരുവനന്തപുരം, കോഴിക്കോട് മെട്രൊകളുടെ ചുമതല കൊച്ചി മെട്രൊ റെയ്‌ൽ ലിമിറ്റഡിനായി. അലൈൻമെന്‍റുകൾ മാറിമറിയുകയും പല തവണ ചർച്ചകൾ നടക്കുകയും ചെയ്തെങ്കിലും വ്യക്തമായൊരു തീരുമാനത്തിൽ എത്താനായിട്ടില്ല. സംസ്ഥാന തലസ്ഥാനത്തിന്‍റെ ഭാവി ആവശ്യങ്ങൾ കൂടി മുൻകൂട്ടിക്കണ്ട് എത്രയും വേഗം മെട്രൊ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയേണ്ടതുണ്ട്. അതിനു സർക്കാർ പ്രത്യേക താത്പര്യമെടുക്കുക തന്നെ വേണം.