
കാത്തിരിപ്പ് അവസാനിക്കട്ടെ, വന്ദേ ഭാരത് സ്ലീപ്പറിന്
രാജ്യത്തെ ട്രെയ്‌ൻ യാത്രയിൽ പുതിയ അനുഭവമാകുമെന്നു കരുതുന്ന "വന്ദേ ഭാരത് സ്ലീപ്പർ'' ട്രെയ്‌നുകൾ വൈകാതെ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിവേഗ യാത്രയ്ക്കു സഹായകരമാവും വിധം വന്ദേ ഭാരത് ട്രെയ്‌നുകൾ ഇറങ്ങിയ ശേഷം ട്രെയ്‌ൻ യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് വന്ദേഭാരത് സ്ലീപ്പർ. രാത്രി കിടന്നുറങ്ങിയുള്ള ദീർഘയാത്രകൾക്ക് വന്ദേ ഭാരതിന്‍റെ സൗകര്യം ലഭിക്കുക എന്നതാണ് യാത്രക്കാരുടെ മോഹം.
ലോകോത്തര നിലവാരമുള്ള യാത്ര ഉറപ്പുവരുത്താൻ വന്ദേ ഭാരത് സ്ലീപ്പറിനു കഴിയും എന്നാണു പറയുന്നത്. രാജധാനിയെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഈ ട്രെയ്‌നിൽ ഉണ്ടാവും. എസി കംപാർട്ട്മെന്‍റുകൾ, ഓട്ടൊമാറ്റിക് ഡോറുകൾ, കവച് സുരക്ഷാ സംവിധാനം, ആധുനിക ഇന്‍റീരിയർ ഡിസൈനുകളും സ്ലീപ്പിങ് ബെർത്തുകളും, യാത്രക്കാർക്കു വായനയ്ക്കായി പ്രത്യേക ലൈറ്റിങ് സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങൾ റെയ്‌ൽവേ അവകാശപ്പെടുന്നുണ്ട്.
വന്ദേ ഭാരത് ആദ്യമായി ഇറങ്ങിയപ്പോൾ കേരളത്തിനു മുൻഗണന കിട്ടിയില്ല എന്ന പരാതി നമുക്കുണ്ടായിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തും ഓടിത്തുടങ്ങിയ ശേഷമാണ് കേരളത്തിനു വന്ദേ ഭാരത് അനുവദിച്ചത്. ഇപ്പോൾ രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- കാസർഗോഡ്, മംഗളൂരു- തിരുവനന്തപുരം സർവീസുകളും അവയുടെ മടക്കയാത്രകളുമാണ് ഇപ്പോഴുള്ളത്.
എറണാകുളം- ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയ്ൻ സർവീസ് നടത്തിയിരുന്നെങ്കിലും അതു സ്ഥിരപ്പെടുത്തിയില്ല. ആയിരക്കണക്കിനു യാത്രക്കാരുള്ള ഈ റൂട്ടിൽ അത്യാവശ്യമായി വന്ദേ ഭാരത് വേണ്ടതാണ്. ഈ ആവശ്യം ശക്തമായി ഉയരുമ്പോഴും റെയ്‌ൽവേ കണ്ണടയ്ക്കുന്നുവെന്ന പരാതി സംസ്ഥാനത്തിനുണ്ട്. എന്തായാലും പുതിയ വന്ദേ ഭാരത് സ്ലീപ്പറുകൾ വരുമ്പോൾ അതിൽ ആദ്യ ട്രെയ്‌നുകളിൽ ഒന്നു കേരളത്തിനു കിട്ടും എന്നതാണു പുതിയ വാർത്ത. അതു ശരിയായാൽ റെയ്‌ൽവേയുടെ ഭാഗത്തുനിന്നുള്ള സ്വാഗതാർഹമായ നിലപാടായി അതിനെ കാണണം.
കേരളവും മലയാളികളും അർഹിക്കുന്നതു തന്നെയാണു പുതിയ ട്രെയ്‌ൻ. കാരണം വന്ദേ ഭാരതിനോട് അത്രയേറെ താത്പര്യം കാണിച്ചിട്ടുണ്ട് മലയാളികൾ. ഇവിടെ ഓടുന്ന രണ്ട് വന്ദേ ഭാരതുകളും ഫുൾ ഒക്യുപ്പൻസിയിലാണ് സർവീസ് നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരതിന്‍റെ കോച്ചുകൾ പതിനാറിൽ നിന്ന് ഇരുപതായി ഉയർത്തിയത് അടുത്തിടെയാണ്. മംഗളൂരു- തിരുവനന്തപുരം വന്ദേഭാരതിന്‍റെ കോച്ചുകൾ ഉയർത്തുന്നതും റെയ്‌ൽവേയുടെ പരിഗണനയിലാണത്രേ. വേണ്ടത്ര യാത്രക്കാരില്ലാതെ വന്ന ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതിനെക്കുറിച്ച് നേരത്തേ ആലോചനയുണ്ടായതും കേരളത്തിലെ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ്. എന്നാൽ, അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല.
വന്ദേ ഭാരത് ശ്രേണിയിലെ പുതിയ ട്രെയ്‌നുകൾ വരുമ്പോൾ ആദ്യ പരിഗണന കേരളത്തിനു നൽകാൻ തയാറായാൽ അതിന്‍റെ നേട്ടവും റെയ്ൽവേയ്ക്കുണ്ടാവുമെന്നുറപ്പാണ്. പത്തു വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്‌നുകളാണ് ഈ വർഷം പുറത്തിറങ്ങുകയത്രേ. അതിൽ ആദ്യത്തേത് ഉത്തര റെയ്‌ൽവേക്കാവും ലഭിക്കുക. ബാക്കിയുള്ള ഒമ്പതിൽ ഒന്ന് തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ ഓടും എന്നാണു പറയുന്നത്. തിരുവനന്തപുരം- ബംഗളൂരു, കന്യാകുമാരി- ശ്രീനഗർ അധിക റൂട്ടുകളും പരിഗണനയിലുണ്ടത്രേ.
ആയിരത്തിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്നവയാണ് വന്ദേ ഭാരത് സ്ലീപ്പറുകൾ. രാത്രിയും പകലുമായി പല ട്രെയ്നുകൾ മംഗലാപുരം- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. എന്നിട്ടും ഈ റൂട്ടിൽ തിരക്ക് കുറയുന്നില്ല. പ്രത്യേകിച്ച് രാത്രിയാത്രകൾക്കു ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളുള്ള പുതിയ ട്രെയ്‌ൻ ഈ റൂട്ടിൽ അനുവദിച്ചാൽ യാത്രക്കാർക്കു വലിയ അനുഗ്രഹമാവും. ആധുനിക സൗകര്യങ്ങളോടെ അതിവേഗ യാത്ര ആരാണ് ആഗ്രഹിക്കാത്തത്.
രണ്ടു വർഷത്തിനകം അറുപതോളം വന്ദേ ഭാരത് സ്ലീപ്പറുകൾ രാജ്യത്ത് സർവീസ് തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്നുണ്ടാവുമെന്നും കരുതാം. അതിനായി റെയ്‌ൽവേയിലും കേന്ദ്ര സർക്കാരിലും സമ്മർദം ചെലുത്താൻ ജനപ്രതിനിധികൾക്കു കഴിയണം. റെയ്‌ൽവേയുമായി യോജിച്ചുപോകുന്ന സമീപനം സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തും ഉണ്ടാവണം. യാത്രക്കാർക്കു സൗകര്യം ഒരുക്കുകയാണ് മറ്റെല്ലാത്തിനെക്കാളും മുഖ്യമായിട്ടുള്ളത്.
റെയ്‌ൽവേയ്ക്ക് ഉയർന്ന വരുമാനം നൽകുന്ന മേഖലകളിൽ ഉൾപ്പെട്ടിട്ടും കേരളത്തിനു വേണ്ടത്ര പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന ആരോപണത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ പാതകളും പുതിയ ട്രെയ്‌നുകളും മെച്ചപ്പെട്ട കോച്ചുകളും അനുവദിക്കുന്നതിൽ മറ്റു പല ഭാഗങ്ങൾക്കും കിട്ടുന്ന പ്രാധാന്യം കേരളത്തിനു ലഭിക്കാറില്ല എന്നതു വാസ്തവവുമാണ്. എന്നാൽ, സമീപകാലത്തു വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണു കേരളത്തിലും നടക്കുന്നതെന്നത് അവഗണിക്കാനുമാവില്ല.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയ്‌ൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3,042 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ 35 റെയ്‌ൽവേ സ്റ്റേഷനുകൾ അത്യാധുനിക രീതിയിൽ വികസിപ്പിക്കുകയാണ്.
അതിനു തന്നെ നല്ലൊരു ശതമാനം തുക മാറ്റിവച്ചിരിക്കുന്നു. ശബരി പാത അടക്കം കേരളത്തിന്‍റെ പല ആവശ്യങ്ങളും ഇപ്പോഴും പരിഗണന കിട്ടാതെ കിടക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ വേണം അവയെല്ലാം നടപ്പാക്കിയെടുക്കേണ്ടത്.