
വേണ്ടത്ര സീറ്റുകളുണ്ടാവട്ടെ, ഉപരിപഠനത്തിന് | മുഖപ്രസംഗം
സംസ്ഥാനത്ത് എസ്എസ്എൽസിക്കു പിന്നാലെ പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്എസ്എൽസി വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവ് ഇക്കുറിയുണ്ടായിരുന്നു. അതുപോലെ തന്നെയാണ് പ്ലസ് ടു ഫലവും പുറത്തുവന്നിരിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷയിൽ കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയമെങ്കിൽ ഇക്കുറി 77.81 ശതമാനമാണ്. 2023ൽ 82.95 ശതമാനവും 2022ൽ 83.87 ശതമാനവും വിജയമുണ്ടായിരുന്നതാണ് വർഷം ചെല്ലുന്തോറും കുറഞ്ഞുവരുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും മുൻ വർഷത്തെക്കാൾ കുറഞ്ഞ വിജയ ശതമാനമാണുള്ളത്. ഇത്തവണ 70.06 ശതമാനവും കഴിഞ്ഞ തവണ 71.42 ശതമാനവുമായിരുന്നു. 2023ൽ വിഎച്ച്എസ്ഇയിൽ 78.39 ശതമാനം വിജയമുണ്ടായിരുന്നതാണ്. പരീക്ഷയുടെയും മൂല്യനിർണയത്തിന്‍റെയും നിലവാരത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതുകൊണ്ടാണു വിജയശതമാനത്തിൽ ഇങ്ങനെ കുറവുണ്ടാകുന്നതെങ്കിൽ അതു ശ്രദ്ധേയമായ മാറ്റമാണ്. അതല്ല വിദ്യാഭ്യാസ നിലവാരത്തിലുണ്ടാവുന്ന കുറവാണു കാരണമെങ്കിൽ അതും പരിശോധിക്കപ്പെടേണ്ടതാണ്.
ഹയർ സെക്കൻഡറിയിൽ 2024ൽ ഏഴു സർക്കാർ സ്കൂളുകൾ അടക്കം 63 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇക്കുറി അത് 57 സ്കൂളുകളായി കുറഞ്ഞിട്ടുണ്ട്. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ ഇക്കുറി ആറാണ്. കഴിഞ്ഞ തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 39242 കുട്ടികളായിരുന്നെങ്കിൽ ഇക്കുറി 30145 വിദ്യാർഥികൾക്കാണ് ഫുൾ എ പ്ലസ് ഉള്ളത്. വിജയ ശതമാനം ഏറ്റവും കുറവുള്ളത് സർക്കാർ സ്കൂളുകളിലാണ്. റഗുലർ വിഭാഗത്തിൽ സർക്കാർ സ്കൂളുകളിലെ വിജയശതമാനം 73.23 ആയിരിക്കെ അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 ശതമാനം വിജയമുണ്ട്. അതേസമയം എയ്ഡഡ് സ്കൂളുകളിലെ വിജയശതമാനം 82.16 ആണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഇനിയും മെച്ചപ്പെട്ട വിജയമുണ്ടാവേണ്ടതുണ്ടെന്നാണ് ഇതു കാണിക്കുന്നത്. കഴിഞ്ഞ തവണ സർക്കാർ സ്കൂളുകളിലെ വിജയശതമാനം 75.06 ശതമാനമായിരുന്നുവെന്നും ഓർക്കണം. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 74.51 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
മേയ് ഒമ്പതിന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനമായിരുന്നു വിജയം. മുൻവർഷത്തെ 99.69 ശതമാനത്തിൽ നിന്നു നേരിയ കുറവ്. 4,27,020 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതിയതിൽ 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യത നേടിയിട്ടുണ്ട്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 61,449 പേർക്കാണ്. കഴിഞ്ഞ തവണ 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നതാണ്. എസ്എസ്എൽസി പാസായവർക്കും പ്ലസ് ടു കടന്നവർക്കും തുടർന്നുള്ള പഠനത്തിന് അവസരമൊരുക്കുക എന്നത് സംസ്ഥാന സർക്കാരിനു മുന്നിലുള്ള പ്രധാന ദൗത്യമാണ്. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ സീറ്റ് ക്ഷാമം ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ മലബാർ മേഖലയിലാണ് ഇത്തവണയും സീറ്റ് ക്ഷാമം കൂടുതലാവുക. മലപ്പുറം ജില്ലയിൽ മാത്രം 82,000ൽ ഏറെ അപേക്ഷകരുണ്ട്. 71,000ൽ ഏറെ സീറ്റുകളാണുള്ളത്. കോഴിക്കോടും കണ്ണൂരും കാസർഗോഡും പ്ലസ് വൺ സീറ്റിനു ക്ഷാമമുണ്ടാവും.
പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാനും ഉപരി പഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും പ്രവേശനം ഉറപ്പാക്കാനും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ മാർജിനൽ സീറ്റ് വർധന അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തേ അറിയിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനവും വർധന അനുവദിക്കുമെന്നാണു മന്ത്രി പറഞ്ഞിരിക്കുന്നത്. കൂടുതൽ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതിന് അനുമതി നൽകും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനമാണ് മാർജിനൽ സീറ്റ് വർധനയെന്നും മന്ത്രി അറിയിച്ചിരിക്കുന്നു. എന്തായാലും കുട്ടികളുടെ ഉപരിപഠന മോഹങ്ങൾ തല്ലിക്കെടുത്താതിരിക്കാൻ സർക്കാരിനു കഴിയണം.
പ്ലസ് ടു ഫലം വന്നു കഴിഞ്ഞ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റിനു വേണ്ടിയുള്ള നെട്ടോട്ടവും ആരംഭിക്കുകയായി. ഡിഗ്രിക്കും ഡിപ്ലോമയ്ക്കുമൊക്കെയായി ഉപരി പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് അവർ ആഗ്രഹിക്കുന്ന കോഴ്സിൽ ചേർന്നു പഠിക്കാൻ അവസരമുണ്ടാവുക എന്നതു പ്രധാനമാണ്. വിദ്യാർഥികളുടെ താത്പര്യങ്ങൾക്കനുസരിച്ച് ഉപരിപഠനം സാധ്യമാകുമ്പോഴാണ് അവരുടെ അക്കാഡമിക് മികവ് പരമാവധി പുറത്തെടുക്കാൻ കഴിയുക. താത്പര്യമില്ലാത്ത കോഴ്സുകൾ മറ്റൊരു മാർഗവുമില്ല എന്ന നിലയിൽ തെരഞ്ഞെടുത്തു പഠിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായാൽ നല്ലത്. വിദ്യാർഥികൾക്കു വേണ്ട കോഴ്സുകൾ പഠിക്കാൻ കേരളത്തിൽ തന്നെ അവസരമൊരുക്കിയാൽ സംസ്ഥാനത്തിനു പുറത്തേക്കുള്ള ഒഴുക്ക് കുറെയൊക്കെ നിയന്ത്രിക്കാനാവും. മുൻപ് ആവശ്യക്കാർ ഏറെയുണ്ടായിരുന്ന പല കോഴ്സുകൾക്കും ഇന്ന് ആവശ്യക്കാർ കുറവാണ്. പുതിയ വിഷയങ്ങളും പുതിയ കോഴ്സുകളും ഇഷ്ടപ്പെടുന്നവരെ മുന്നിൽക്കണ്ടു വേണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളുണ്ടാക്കാൻ.