

വിഴിഞ്ഞം കുതിക്കട്ടെ, നേട്ടങ്ങളിലേക്ക്
ഒടുവിൽ ആ തീയതിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് ഔദ്യോഗികമായി കമ്മിഷൻ ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന തുറമുഖം കേരളത്തിന്‍റെ പുരോഗതിയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകൾ അടക്കം കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനവും ആരംഭിച്ചതാണ്. ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ടു തന്നെ പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ വിഴിഞ്ഞത്തിനായിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതോടെ പദ്ധതിയുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാവുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖത്തിന്‍റെ നടത്തിപ്പ് കരാർ അനുസരിച്ച് 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിനാണ്. അടുത്ത രണ്ടു ഘട്ടങ്ങൾ അദാനി ഗ്രൂപ്പ് സ്വന്തം ചെലവിൽ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷം കൂടി നീട്ടും. ഓഖി, പ്രളയം തുടങ്ങിയ കാരണങ്ങളാൽ നിർമാണം വൈകിയെന്ന അദാനി ഗ്രൂപ്പിന്‍റെ വാദം ശരിവച്ച് സർക്കാർ നിർമാണ കാലയളവ് അഞ്ചു വർഷം നീട്ടിനൽകിയിരുന്നു.
അതു കൂടിയാവുമ്പോൾ 65 വർഷമാവും അദാനിയുടെ നടത്തിപ്പവകാശം. എന്നാൽ, കരാർ അനുസരിച്ച് 2034 മുതൽ സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ടിനു ലാഭവിഹിതം ലഭിച്ചുതുടങ്ങും. അതിനു മുൻപു തന്നെ സർക്കാരിനുള്ള പ്രധാന നേട്ടം നികുതി വരുമാനം വർധിക്കുമെന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വികസന പ്രവർത്തനങ്ങളുടെയെല്ലാം നേട്ടം സംസ്ഥാനത്തിനുണ്ടാവും. ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണു വിഴിഞ്ഞം സൃഷ്ടിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
ഇതുവരെ തുറമുഖത്തു പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ കപ്പലുകൾ എത്തിയെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ "എംഎസ് സി തുർക്കി' വിഴിഞ്ഞത്തെത്തിയത് ഏതാനും ദിവസം മുൻപാണ്. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ കപ്പൽ ആദ്യമായാണ് എത്തുന്നതത്രേ. വിഴിഞ്ഞത്തിന്‍റെ ഖ്യാതി ഈ കപ്പലിന്‍റെ വരവു കൊണ്ടു തന്നെ വർധിച്ചിരിക്കുകയാണ്. എട്ടു മാസത്തിനിടെ 257 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. അതൊരു വലിയ നേട്ടമാണ്. ട്രയൽ റൺ ആരംഭിച്ച് ആറു മാസത്തിനകം മൂന്നു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു ചരിത്രം കുറിക്കാൻ ഈ തുറമുഖത്തിനു കഴിഞ്ഞു.
അതിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കൈകാര്യം ചെയ്ത ചരക്കിന്‍റെ അളവിൽ രാജ്യത്തെ തെക്കു-കിഴക്കൻ മേഖലയിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ തുറമുഖം എത്തി. ഫെബ്രുവരിയിൽ മാത്രം 40 കപ്പലുകളിൽ നിന്നായി 78,833 ടിഇയു ചരക്കാണു കൈകാര്യം ചെയ്തത്. ഡിസംബർ മുതൽ വാണിജ്യ തുറമുഖമെന്ന നിലയിൽ നല്ല തോതിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. ഈ നിലയ്ക്കു മുന്നോട്ടുപോയാൽ രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുമെന്നതിൽ സംശയമില്ല. സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കുന്നതിനുള്ള വിഴിഞ്ഞത്തിന്‍റെ ശേഷി പൂർണമായി പ്രയോജനപ്പെടുത്താൻ വരും നാളുകളിൽ കഴിയേണ്ടതാണ്. ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി വിഴിഞ്ഞത്തെ മാറ്റിയെടുക്കാനാവും.
രാജ്യത്തേക്കുള്ള കണ്ടെയ്നറുകളിൽ ഏതാണ്ട് നാലിൽ മൂന്നു ഭാഗവും ഇപ്പോൾ കൊളംബോ തുറമുഖത്താണ് ഇറക്കുന്നത്. അതിൽ നല്ലൊരു പങ്കും വിഴിഞ്ഞത്തേക്കു കൊണ്ടുവരാനാകും. രാജ്യത്തിനു പുറത്തു കൊണ്ടുവന്ന് ഇങ്ങോട്ട് എത്തിക്കുമ്പോഴുള്ള സമയനഷ്ടം ഒഴിവാകുന്നതു മാത്രമല്ല വിദേശനാണയ ശേഖരം ലാഭിക്കാനും ഇതിലൂടെ കഴിയും. രണ്ടും മൂന്നും ഘട്ടം വികസന പ്രവർത്തനങ്ങൾ പൂർത്തിയാവുമ്പോഴാണ് തുറമുഖത്തിന്‍റെ പൂർണ പ്രയോജനം ലഭ്യമാവുക. 2028ഓടെ തുറമുഖത്തിന്‍റെ പൂർണ വികസനം സാധ്യമാവും എന്നാണു പ്രതീക്ഷിക്കുന്നത്.
ഇക്കാര്യത്തിൽ ഒരു തടസങ്ങളും ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. 800 മീറ്ററാണ് ഇപ്പോഴുള്ള കണ്ടെയ്നർ ടെർമിനൽ. അടുത്ത ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ അത് 2000 മീറ്ററായി മാറും. നിലവിലെ 10 ലക്ഷം ടിഇയു കണ്ടെയ്നർ ശേഷി 44.5 ലക്ഷം ടിഇയു ആയി വർധിക്കും. ഈ വികസന പ്രവർത്തനങ്ങൾ നിരവധിയാളുകൾക്കു പുതുതായി തൊഴിൽ അവസരങ്ങളുണ്ടാക്കുകയും ചെയ്യും.
ഡ്രെഡ്ജിങ് ആവശ്യമില്ലാത്ത, സ്വാഭാവിക ആഴം 20 മീറ്ററിൽ അധികമുള്ള, അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ തുറമുഖം എന്നതാണു വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരന്താരാഷ്ട്ര തുറമുഖത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന തുറമുഖം രാജ്യത്തെ ആദ്യ മദർഷിപ്പ് പോർട്ട് എന്ന നിലയിലാണു ലോകം ശ്രദ്ധിക്കുന്നത്. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാനാവും. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല.
ഇത് മദർഷിപ്പുകൾക്കു പ്രോത്സാഹനം നൽകുന്നതാണ്. രാജ്യത്തേക്കു കടൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ വിഴിഞ്ഞത്തെത്തിച്ച് ഇവിടെ നിന്ന് ചെറുകപ്പലുകളിൽ മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകാം. ഈ സ്വപ്നപദ്ധതിയിലൂടെ സാമ്പത്തിക രംഗത്തു വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാനുള്ള അവസരം കേരളത്തിനു മുന്നിലുണ്ട്. അതു പ്രയോജനപ്പെടുത്താൻ ഇനിയുള്ള പ്രവർത്തനങ്ങളിലൂടെ സാധ്യമാവണം. തിരുവനന്തപുരം ഒരു വ്യവസായ ഇടനാഴിയായി മാറുന്നതിനു തുറമുഖം വഴി തുറക്കുമെന്നു കരുതാം.