നമുക്കു വേണ്ടി നിയന്ത്രിക്കാം, വൈദ്യുതിയുടെ ഉപയോഗം

പകൽ ഓട്ടത്തിലുള്ള വൈദ്യുതി വാഹനങ്ങൾ രാത്രിയോടെ ചാർജ് ചെയ്യുമ്പോൾ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കൂടുന്നു.
Let's control our electricity usage for ourselves

നമുക്കു വേണ്ടി നിയന്ത്രിക്കാം, വൈദ്യുതിയുടെ ഉപയോഗം

file
Updated on

വേനൽ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. പാചക വാതക ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ അടുക്കളകളിലും വൈദ്യുതിയാവശ്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അതുകൂടിയാവുമ്പോൾ ഉപയോഗത്തിൽ കുത്തനെയുള്ള വർധനയുണ്ടാവുന്നു. ഏപ്രിൽ മാസം എത്തിയിട്ടില്ല. അതിനു മുൻപു തന്നെ വൈദ്യുതി ഉപയോഗത്തിൽ പുതിയ റെക്കോഡുകൾ പിറന്നുതുടങ്ങി. ഈ നിലയ്ക്കു പോയാൽ വരും ദിവസങ്ങളിൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവു കൂട്ടേണ്ടിവരും. അതിന്‍റെ സാമ്പത്തിക ഭാരം സ്വാഭാവികമായും ഉപയോക്താക്കളുടെ വരുംകാല ബില്ലിൽ ഷോക്കായി വരും. വൈദ്യുതിയില്ലാതെ ജീവിക്കാൻ നമുക്കാവില്ല. വേനൽക്കാലത്തു സ്വാഭാവികമായും ഉപയോഗം കൂടുകയും ചെയ്യും. പക്ഷേ, പരമാവധി നിയന്ത്രിച്ചില്ലെങ്കിൽ താങ്ങാനാവാത്ത സ്ഥിതിവിശേഷമുണ്ടാവും. അമിതമായ സാമ്പത്തിക ഭാരം മാത്രമല്ല സാങ്കേതിക പ്രശ്നങ്ങളും ഉയർന്ന ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാവാം. പീക്ക് സമയത്തെ ഉപയോഗം കുതിച്ചുയരുന്നതോടെ വൈദ്യുതി വിതരണ ശൃംഖലയിലും അമിത സമ്മർദമാവും. പീക്ക് സമയത്തെ ആവശ്യകത ഉയരുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനും ട്രാൻസ്ഫോർമർ തകരാറുകൾക്കും എല്ലാം കാരണമാവാം.

അതുകൊണ്ടു തന്നെ വൈദ്യുതി ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തുക എന്നതാണു വരും ദിവസങ്ങളിൽ അത്യാവശ്യമായിട്ടുള്ളത്. സ്വന്തം താത്പര്യം നോക്കി മാത്രമല്ല സംസ്ഥാനത്തിന്‍റെ മൊത്തം താത്പര്യങ്ങൾ മുൻനിർത്തി കൂടിയാണ് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഓരോരുത്തരും നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. അനാവശ്യമായ ഉപയോഗം നിയന്ത്രിക്കാൻ മുഴുവൻ ആളുകളും തയാറായാൽ വലിയ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ആളില്ലാത്ത മുറിയിൽ ലൈറ്റിട്ടും ഫാൻ കറക്കിയും നിയന്ത്രണമില്ലാതെ എസി ഉപയോഗിച്ചുമൊക്കെ എത്രയോ വൈദ്യുതിയാണ് ദിവസവും പാഴാക്കുന്നത്. ബിൽ അടയ്ക്കാൻ കൈയിൽ പണമുണ്ടെന്നു കരുതി അനാവശ്യമായി വൈദ്യുതി ഉപയോഗിച്ചാൽ അതിന്‍റെ കോട്ടവും അനുഭവിക്കേണ്ടിവരുന്നതു മറ്റുള്ളവർ കൂടിയാണ്. ആഡംബരങ്ങൾക്കു വൈദ്യുതി ഉപയോഗിക്കുന്നതു കർശനമായി നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തിൽ സ്വയം ബോധ്യമുണ്ടാവുക എന്നതാണു പ്രധാനം. എസിയുടെ ഉപയോഗം വ്യാപകമായതും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ കൂടിക്കൊണ്ടിരിക്കുന്നതും നമ്മുടെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചുചാട്ടമുണ്ടാക്കിയ രണ്ടു പ്രധാന ഘടകങ്ങളാണ്. പകൽ ഓട്ടത്തിലുള്ള വൈദ്യുതി വാഹനങ്ങൾ രാത്രിയോടെ ചാർജ് ചെയ്യുമ്പോൾ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കൂടുന്നു. വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് അർധ രാത്രിക്കു ശേഷമോ പകലോ ആക്കുന്നത് ഉചിതമാകുമെന്നു നിർദേശിക്കുന്നത് ഇതുകൊണ്ടാണ്. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്ന അഭ്യർഥനയും ഗൗരവത്തിൽ കാണേണ്ടതുണ്ട്. പീക്ക് സമയത്ത് അത്യാവശ്യമില്ലാത്ത വൈദ്യുതോപകര‍ണങ്ങൾ ഓഫ് ചെയ്യേണ്ടതുണ്ട്. മാറ്റിവയ്ക്കാവുന്നതെല്ലാം പകൽ സമയത്തേക്കു മാറ്റുകയാണു വേണ്ടത്. ഉപയോഗിക്കാത്ത ഉപകരണങ്ങൾ അൺ പ്ലഗ് ചെയ്യുന്നതും വൈദ്യുതി ബിൽ കുറയ്ക്കും.

സംസ്ഥാനത്തെ ബഹുഭൂരിഭാഗം പ്രദേശങ്ങളിലും 36 മുതൽ 38 വരെ ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയത് ഏതാനും ദിവസം മുൻപാണ്. പാലക്കാട്ട് കഴിഞ്ഞ ദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്ത താപനില രേഖപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ചൂടു കൂടാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വേനലിന്‍റെ കാഠിന്യത്തിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പു കുറയുന്നതു സ്വാഭാവികമാണ്. അതു കണക്കിലെടുത്ത് ഡാമുകളിലെ വെള്ളം നിയന്ത്രിതമായി ഉപയോഗിക്കുമ്പോൾ അതിനനുസരിച്ചു കൂടുതൽ വൈദ്യുതി പുറത്തുനിന്നു കൊണ്ടുവരേണ്ടിയും വരുന്നു. ഇതിനൊപ്പമാണ് വൈദ്യുതി ഉപയോഗവും കൂടുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പുതിയ റെക്കോഡിലാണ്. 5836 മെഗാവാട്ട് വരെ അതെത്തി. 2024 മേയിൽ പീക്ക് സമയത്ത് 5797 മെഗാവാട്ട് വേണ്ടിവന്നതാണ് ഇതിനു മുൻപുള്ള റെക്കോഡ്. ഇപ്പോൾ തന്നെ അതു ഭേദിച്ചു എന്നു പറഞ്ഞാൽ ഏപ്രിലിലും മേയിലും എന്താവും അവസ്ഥയെന്നു ചിന്തിക്കേണ്ടതുണ്ട്. 6000 മെഗാവാട്ട് വരെ ഉപയോഗം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് കെഎസ്ഇബി അധികൃതർ സൂചിപ്പിക്കുന്നത്.

2024 മേയിൽ വൈദ്യുതിയുടെ പ്രതിദിന ഉപയോഗം 115 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ അതിനടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 110 ദശലക്ഷം യൂണിറ്റ് വരെയെത്തിയെന്നാണു കാണുന്നത്. ഇതിൽ 80 ദശലക്ഷം യൂണിറ്റും വലിയ വില കൊടുത്ത് പുറത്തുനിന്നു വാങ്ങുകയാണ്. ആഭ്യന്തര ഉത്പാദനം 30 ദശലക്ഷത്തിൽ താഴെ എന്നു പറയുമ്പോൾ കെഎസ്ഇബി മാനെജ് ചെയ്യേണ്ട സാഹചര്യം വ്യക്തമാവും. വൈദ്യുതി എത്തിക്കാനുള്ള ട്രാൻസ്മിഷൻ ചാർജ് ഇനത്തിൽ അടക്കം കോടികളുടെ അധിക ബാധ്യതയാണ് ആവശ്യം കൂടുമ്പോൾ ഉണ്ടാകുക. ഇത് സാധാരണക്കാരുടെ വൈദ്യുതി ബില്ലിൽ സർച്ചാർജായും മറ്റും പ്രതിഫലിക്കുമെന്നുറപ്പാണ്. നേരത്തേ സർച്ചാർജിനു യൂണിറ്റിനു പരമാവധി 10 പൈസ എന്ന പരിധിയുണ്ടായിരുന്നു. എന്നാൽ, ആ പരിധി ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരിധിയില്ലാത്ത സർച്ചാർജിനെയാണു ഭയക്കേണ്ടതും. സാമൂഹിക അവബോധത്തോടെയുള്ള ഇടപെടൽ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവുക എന്നതാണ് വൈദ്യുതിസമ്മർദം നിയന്ത്രിക്കുന്നതിന് ആവശ്യമായിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com