ഉറപ്പാക്കാനാവട്ടെ, സ്ത്രീകളുടെ സുരക്ഷ

കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപെടാമെന്ന ചിന്തയാണു പലപ്പോഴും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
Let's ensure the safety of women.

ഉറപ്പാക്കാനാവട്ടെ, സ്ത്രീകളുടെ സുരക്ഷ

Denis Zavhorodnii

Updated on: 

രാജ്യതലസ്ഥാനത്തു സ്ത്രീകൾക്കു രാപകൽ ഭേദമില്ലാതെ യാത്രകളിൽ പൂർണ സുരക്ഷിതത്വം ഉറപ്പാക്കണമെന്നു സുപ്രീം കോടതി സർക്കാരിനു കർശന നിർദേശം നൽകിയിരിക്കുകയാണ്. ഡൽഹിയിൽ സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ വളരെയേറെ പ്രസക്തിയുള്ളതാണ് ഈ നിർദേശം. കർശനമായ നടപടികൾ സ്വീകരിക്കുമ്പോൾ എതിർപ്പുകൾ ഉയർന്നേക്കാമെങ്കിലും അതു ഗൗനിക്കാതെ പൊലീസ് സ്വന്തം കടമ കൃത്യമായി നിർവഹിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിക്കുന്നതിനു പ്രത്യേക പ്രസക്തിയുണ്ട്. സുരക്ഷാ നിർദേശങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങരുതെന്നാണു കോടതി പറയുന്നത്. സമൂഹവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസുകളിൽ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകില്ല. ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ് എന്ന തരത്തിലുള്ള ഭയം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപെടാമെന്ന ചിന്തയാണു പലപ്പോഴും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ജീവൻ തന്നെ നഷ്ടപ്പെടുമെന്നു വന്നാൽ വലിയ തോതിൽ അതിക്രമങ്ങൾ കുറയും. അതുകൊണ്ടു തന്നെ കോടതിയുടെ പരാമർശം അർഥവത്താണ്.

ഡൽഹിയടക്കം ഉത്തരേന്ത്യയിൽ വരാനിരിക്കുന്നത് ഉത്സവകാലമാണ്. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്കു ഡൽഹി ഒരുങ്ങുകയാണ്. കാർണിവലുകളുടെയും മേളകളുടെയുമൊക്കെ സമയമാണിത്. ഈ സമയത്തെ വലിയ ജനത്തിരക്ക് കണക്കിലെടുത്ത് മെട്രൊയിലും പ്രധാന പൊതുസ്ഥലങ്ങളിലുമൊക്കെ ഡൽഹി പൊലീസിന്‍റെ പ്രത്യേക പട്രോളിങ്ങും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാവാറുണ്ട്. അത് സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ ശക്തമായ നിലയിൽ ഇത്തവണയും ഉണ്ടാവണം. സാമൂഹിക വിരുദ്ധരെ കർശനമായി നിയന്ത്രിക്കാൻ പൊലീസിനു സാധിക്കേണ്ടതുണ്ട്. ആവശ്യമായ ഏതു കടുത്ത നടപടികളും സ്വീകരിക്കാൻ പൊലീസിനു പൂർണ സ്വാതന്ത്ര്യം നൽകുന്ന പരമോന്നത കോടതിയുടെ വിധി ഇതിനു പിന്തുണ നൽകുന്നതാണ്. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതടക്കം നടപടികൾ ഒട്ടും വൈകാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകൾ വന്നു താമസിക്കുന്ന സ്ഥലമാണു ഡൽഹി. പഠനാവശ്യങ്ങൾക്കും ജോലി സംബന്ധമായും മറ്റു പല കാര്യങ്ങൾക്കും വീടിനു പുറത്തിറങ്ങുന്ന ആയിരക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും ഡൽഹി നഗരത്തിലുണ്ട്. അവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയാണു പൊലീസിനുള്ളത്. അത് തങ്ങളുടെ പ്രധാന ദൗത്യമായി തന്നെ പൊലീസ് ഏറ്റെടുക്കണം. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ ഡൽഹി പൊലീസിലെ ഒരുദ്യോഗസ്ഥൻ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ഗുരുതരമായ ആരോപണം ഈ ദിവസങ്ങളിൽ ഉയർന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെ പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. പൊലീസ് സ്ത്രീകൾക്കു പൂർണ സുരക്ഷയൊരുക്കണമെന്നു പരമോന്നത കോടതി നിർദേശിക്കുമ്പോൾ തന്നെയാണു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം ആരോപണങ്ങളിൽ പെടുന്നത് എന്നതു നിർഭാഗ്യകരമാണ്.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കു ഭീഷണി ഉയർത്തി ക്രിമിനലുകൾ വിലസുന്ന നഗരമായി ഡൽഹി തുടരുന്നു എന്നതിന് അടുത്തിടെയുണ്ടായ പല സംഭവങ്ങളും തെളിവാണ്. പതിനാറു വയസുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിൽ വിജനമായ പറമ്പിൽ ഉപേക്ഷിച്ചത് അടുത്തിടെയാണ്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന്‍റെ ഒരു കൈ വേർപെട്ട നിലയിലായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നുവെന്നും ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. സദർ ബസാറിൽ പഠനോപകരണങ്ങൾ വാങ്ങാൻ പോയ പത്തു വയസുകാരിയെ കടയ്ക്കുള്ളിൽ കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ കടയിലെ ജോലിക്കാരനായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തതും അടുത്തിടെ തന്നെ. കിഷൻഗഞ്ചിൽ ആറു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുപ്പത്തിനാലുകാരനും പൊലീസ് പിടിയിലാവുകയുണ്ടായി. കൽക്കാജി മന്ദിറിനു സമീപം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവവും മറക്കാറായിട്ടില്ല. പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തും കൽക്കാജി മന്ദിറിൽ പോയ ശേഷം സമീപമുള്ള പാർക്കിൽ എത്തിയപ്പോഴാണ് പൊലീസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ആൺ സുഹൃത്തിനെ തടഞ്ഞുവച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകൾക്ക‌ു ഭയരഹിതമായി പുറത്തിറങ്ങാനും യാത്ര ചെയ്യാനും കഴിയുന്ന വിധത്തിൽ രാജ്യതലസ്ഥാനം സുരക്ഷിതമാവേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്നതാവട്ടെ സുപ്രീം കോടതി വിധി.

logo
Metro Vaartha
www.metrovaartha.com