അടുത്ത വർഷം മാർച്ച് അവസാനത്തോടെ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിലാണു സംസ്ഥാനം ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികൾക്കു സർക്കാർ രൂപം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടം പ്രവർത്തനങ്ങൾ ജൂൺ അഞ്ചിനു പൂർത്തിയാക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. "മാലിന്യമുക്തം നവകേരളം' ക്യാംപെയിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യുകയുണ്ടായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതിൽ ഓൺലൈനായി പങ്കെടുത്തു. ക്യാംപെയിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കുന്നതിനു സർവരുടെയും യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത് ഉറപ്പാക്കാൻ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ സഹകരിച്ചുള്ള പ്രവർത്തനങ്ങൾ സഹായിക്കും. അതുവഴി ലക്ഷ്യം നേടാൻ കഴിഞ്ഞാൽ രാജ്യത്തിനു മാതൃകയായി മാറാനും സംസ്ഥാനത്തിനാവും.
ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മേയ് 15നു മുൻപ് എല്ലാ ഓഫിസുകളും ഹരിതചട്ടം അനുസരിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. എല്ലാ ഓഫിസുകളെയും ഹരിത ഓഫിസുകളായി മാറ്റുകയാണു ലക്ഷ്യം. സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ അഞ്ചിനു മുൻപ് ശുചിയായെന്ന് ഉറപ്പാക്കുമെന്നു സർക്കാർ വിശദീകരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഓഫിസുകളിലും ജൈവ മാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകും. അജൈവ മാലിന്യം യൂസർഫീ നൽകി ഹരിത കർമ സേനയ്ക്കു നൽകും.
ഓഫിസുകളിൽ മാത്രമല്ല എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം വേർതിരിക്കുന്ന പ്രക്രിയ നടക്കണം. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കപ്പെടണം. ഇതിനു സൗകര്യമില്ലാത്തവർക്കായി പൊതുസംവിധാനവും ഒരുക്കണം. മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യം ശേഖരിക്കുന്നതിനു ഹരിതകർമ സേനയെ നിയോഗിക്കുകയും വേണം. ഇക്കാര്യത്തിലൊക്കെ അലംഭാവമില്ലാത്ത പ്രവർത്തനങ്ങളാണു നടക്കേണ്ടത്. പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം മുഴുവനായി നീക്കം ചെയ്യുക എന്നതും പ്രധാന ദൗത്യമാണ്.
മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതതു സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ പഞ്ചായത്ത് വാർഡ് തലം വരെ വിലയിരുത്തുന്നതിനു വികസിപ്പിച്ചിരിക്കുന്ന ആപ്ലിക്കേഷനാണു ഹരിതമിത്രം. ഈ ആപ് ഉപയോഗിച്ചുള്ള മാലിന്യ ശേഖരണവും സംസ്കരണവുമാണു സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാവും. സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഇതിലുണ്ട്. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ അറിയുന്നതിനും ആപ്പ് സഹായിക്കും. ഇപ്പോൾ തന്നെ 400 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു സർക്കാർ വ്യക്തമാക്കുന്നത്. ബാക്കി സ്ഥലങ്ങളിലും ഇതിന്റെ ഉപയോഗം ഉറപ്പുവരുത്തേണ്ടതുണ്ട്. മാലിന്യ സംസ്കരണ രംഗത്തു പൂർണമായും ഡിജിറ്റൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുക എന്നതാണു സർക്കാർ ലക്ഷ്യം. അതിലേക്ക് എത്താനാണ് ഇനി ഒരു വർഷത്തിൽ താഴെ മാത്രം സമയമുള്ളത്.
സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ മാലിന്യ നിർമാർജനം ഏറ്റവും കാര്യക്ഷമമായി നടത്താനാവില്ല. ജനങ്ങളും പൂർണ മനസോടെ സഹകരിക്കേണ്ടതുണ്ട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും എല്ലാം മാതൃകയാവുന്ന നിലവാരം പുലർത്താൻ കഴിയുന്ന സംസ്ഥാനത്തിന് പൊതു ശുചിത്വത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കുമ്പോഴും പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ അത്രയും ശ്രദ്ധ നൽകാൻ പലരും തയാറാവുന്നില്ല. മാലിന്യം വലിച്ചെറിഞ്ഞ് ഉത്തരവാദിത്വം തീർക്കുന്നത് ഉപേക്ഷിക്കുക തന്നെ വേണം. മാലിന്യമെല്ലാം മതിലിനു പുറത്തേക്കു വലിച്ചിട്ട് സ്വന്തം വീട് വൃത്തിയാക്കിയതുകൊണ്ടായില്ല.
പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളാണു പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുന്നത്. നായ ശല്യവും കൊതുകു ശല്യവുമെല്ലാം വർധിക്കാനും മാലിന്യങ്ങൾ കാരണമാവുന്നു. യാതൊരു ഉത്തരവാദിത്വവുമില്ലാതെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും എന്തു പദ്ധതിയുണ്ടാക്കിയിട്ടും കാര്യമില്ല. യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത അധികൃതരും കൃത്യമായി നിറവേറ്റണം. മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥ എവിടെയും ഉണ്ടാകാതിരിക്കട്ടെ.