മാവേലി നാടിന്റെ പ്രസക്തി വെട്ടിത്തിളങ്ങുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. എന്താണോ മാവേലി നാട് അതിനു നേരേ വിപരീതമാണു കാര്യങ്ങൾ. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പോലും പൊളിവചനമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലി നാട് സങ്കൽപ്പം എത്രയോ അകലെയാണെന്ന് അനുദിനം നമുക്കു ബോധ്യപ്പെടുന്നു. സമ്പദ്സമൃദ്ധമായ മാവേലി നാടും സാമ്പത്തിക പ്രതിസന്ധിയിൽ തലപൊക്കാൻ കഴിയാത്ത കേരള നാടും തമ്മിൽ എന്തു യോജിപ്പാണുള്ളത്?
ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ ഉദ്യോഗസ്ഥർക്കു ടാർജറ്റ് കൂട്ടിക്കൂട്ടി നൽകുന്ന ഭരണകൂടങ്ങൾ അത് ആരുടേതായാലും മാവേലിയുടേതല്ല. അഴിമതിയും കൊള്ളയും തട്ടിപ്പും വെട്ടിപ്പും അക്രമവും കൊലപാതകവും ബലാത്സംഗവും "ലഹരി'ക്കാരുടെ അഴിഞ്ഞാട്ടവും വാർത്തകളിൽ നിറയുന്നത് നിത്യേന വായിക്കേണ്ടിവരുന്നു നമുക്ക്. ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം നാം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വീടിന്റെ പൂട്ട് തകർത്ത് പൊലീസ് അകത്തുകയറിനോക്കുമ്പോൾ പെൺകുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ടിരിക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇത് ഒരൊറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സമാധാനിക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കുന്നവർ ഇതിനു തൊട്ടുമുൻപുണ്ടായ ആരെയും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ തുടർ വാർത്തകൾ കൂടി ഓർക്കണം; കുട്ടിയെ പീഡിപ്പിച്ചു കൊന്ന് മാർക്കറ്റിലെ മാലിന്യത്തിൽ തള്ളിയതും സുജിത കൊലക്കേസും അടക്കമുള്ളവ.
അഴിമതി കുറയ്ക്കുന്നു, കുറച്ചു എന്നൊക്കെയാണു ഭരണപക്ഷക്കാർ സ്ഥിരം അവകാശപ്പെട്ടു കാണുന്നത്. കാണുന്നതോ അഴിമതിയുടെ കൂത്തരങ്ങുകൾ. സംസ്ഥാനത്തെ മികച്ച വില്ലെജ് ഓഫിസർക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം അഴിമതിക്കു പിടികൂടിയത്! എന്താണ് നമ്മുടെ പുരസ്കാര നിർണയത്തിന്റെ ഗരിമ! ആറു മാസം മുൻപ് റവന്യൂ വകുപ്പ് മികച്ച വില്ലെജ് ഓഫിസറായി തെരഞ്ഞെടുത്ത വില്ലെജ് ഓഫിസർ വില്ലെജ് അസിസ്റ്റന്റിനൊപ്പം കാസർഗോട്ട് വിജിലൻസിന്റെ പിടിയിലായത് രണ്ടായിരവും ആയിരവും വീതം കൈക്കൂലി വാങ്ങിയതിനാണത്രേ! സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷ കൈക്കൂലി നൽകാതെ പരിഗണിക്കില്ലെന്ന് പുരസ്കാര ജേതാവും സഹായിയും ഒരു പ്രവാസിയോട് ഉണർത്തിയത്രേ! കൈമടക്കു നൽകാതെ ഓഫിസിന്റെ പടികൾ കയറിയിറങ്ങിയിട്ടു കാര്യമില്ല എന്നു ബോധ്യപ്പെട്ടപ്പോഴാവാം അപേക്ഷകൻ വിജിലൻസിനെ സമീപിച്ചത്. നമ്മുടെ ഓഫിസർമാരെക്കുറിച്ച് സർക്കാരിന് എത്ര നല്ല ധാരണയാണുള്ളതെന്നറിയാൻ ഇതിലും നല്ല ഉദാഹരണം വേണ്ട. സർക്കാർ സർവീസിൽ അഴിമതിക്കാരായി വളരെ കുറച്ചു പേരേയുള്ളൂ എന്നു പറഞ്ഞാൽ പോലും സംവിധാനങ്ങളെ മുഴുവൻ പുഴുക്കുത്തിലാക്കാൻ അവർ മതിയാവും. ഉദ്യോഗസ്ഥരെക്കുറിച്ച് വ്യക്തമായി ഒരറിവും ഇല്ലാതെയാണ് മികച്ച ഓഫിസർക്കുള്ള പുരസ്കാരങ്ങൾ നൽകുന്നത് എന്നാണു തെളിയുന്നതെങ്കിൽ കഷ്ടം എന്ന് എത്രവട്ടം പറയണമെന്നറിയില്ല.
ഇനി വില്ലെജ് ഓഫിസിലെ കൈക്കൂലി ഒറ്റപ്പെട്ട സംഭവമാണ് എന്നാണു വാദമെങ്കിലും അടുത്തകാലത്തുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ മതി. പുഴുങ്ങിയ മുട്ടയും പുളിയും മുതൽ ജാതിക്ക വരെ കൈക്കൂലി വാങ്ങുന്ന ഒരു വില്ലെജ് ഓഫിസ് ജീവനക്കാരനെ വിജിലൻസ് പിടികൂടിയിട്ട് അധികമൊന്നും ആയിട്ടില്ല. അയാളുടെ മുറിയിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വത്താണ്. കൈക്കൂലി കിട്ടും വരെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കുന്നത് ഇയാളുടെ ശീലമായിരുന്നു എന്നാണു പറയുന്നത്. ഈ സംഭവം ഉണ്ടായതിനു ശേഷം പ്രതി ജോലിചെയ്തിരുന്ന വില്ലെജ് ഓഫിസിൽ ജീവനക്കാർക്കു കൂട്ട സ്ഥലംമാറ്റം നൽകുകയുണ്ടായി. സംസ്ഥാനത്തെ മുഴുവൻ വാർത്താമാധ്യമങ്ങളും വലിയ പ്രാധാന്യത്തിലാണ് ഈ അഴിമതി റിപ്പോർട്ടു ചെയ്തത്. എന്തുകാര്യം. അതിനു ശേഷവും വിവിധ ഓഫിസുകളിൽ കൈക്കൂലിക്കാർ യഥേഷ്ടം വിലസുന്നുണ്ട്. സർക്കാർ നടപടിയിലൊന്നും ഒരു പേടിയുമില്ല ഇത്തരക്കാർക്ക്. ഏറിയാൻ ഇത്രയേ സംഭവിക്കൂ എന്ന് നന്നായി അറിയാവുന്നതുപോലെ! ഏതാനും നാളുകൾ മുൻപാണ് മലപ്പുറം ജില്ലയിൽ മറ്റൊരു വില്ലെജ് ഓഫിസ് ജീവനക്കാരൻ നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. നിരവധി തവണ വില്ലെജ് ഓഫിസ് കയറിയിറങ്ങി സഹികെട്ടാണു താൻ വിജിലൻസിനെ സമീപിച്ചതെന്ന് ആ കേസിലും പരാതിക്കാരൻ പറയുകയുണ്ടായി. കാര്യസാധ്യത്തിന് വെറുതെ ഒരു സമ്മാനം കൊണ്ടുകൊടുക്കുകയല്ല, വിലപേശി വാങ്ങുകയാണ് ചെയ്യുന്നത് എന്നർഥം.
മലപ്പുറത്തു തന്നെ സ്വന്തം പുരയിടത്തിൽ നിന്നു ചെങ്കൽ വെട്ടുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥൻ പിടിയിലായതും മറക്കാറായിട്ടില്ല. ഇത്തരത്തിൽ വാർത്തകളിൽ പുറത്തുവരുന്നതിന്റെയും പിടികൂടുന്നതിന്റെയും എത്രയോ മടങ്ങാണ് കേരളത്തിൽ കൈക്കൂലിയാവശ്യങ്ങൾ ഉണ്ടാകുന്നത്. അത് വില്ലെജ് ഓഫിസുകളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല എന്നതും എടുത്തു പറയേണ്ടതാണ്. വാളയാർ ആർടിഒ ചെക്പോസ്റ്റിൽ നോട്ടുകെട്ടുകൾ കാന്തം ഉപയോഗിച്ച് ഒളിയിടങ്ങളിലേക്ക് എറിഞ്ഞുപിടിപ്പിക്കുന്ന "ആധുനിക വിദ്യ'യെക്കുറിച്ച് അടുത്തിടെ കേൾക്കുകയുണ്ടായി. പണം നൽകാതെ ശസ്ത്രക്രിയ നടത്തില്ലെന്ന് വാശിപിടിച്ച ഒരു മെഡിക്കൽ കോളെജിലെ ഡോക്റ്ററുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിനു രൂപയാണ് വിജിലൻസ് കണ്ടെടുത്തത്. കാഷ്വൽറ്റിയിൽ എത്തിക്കുമ്പോൾ തന്നെ മതിയായ ചികിത്സ ഉറപ്പുനൽകേണ്ട അത്രയും ഗുരുതരമായ സംഭവത്തിലാണ് ഡോക്റ്റർ പണത്തിനു വേണ്ടി തന്റെ ജോലി മാറ്റി മാറ്റി വച്ചുകൊണ്ടിരുന്നതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇങ്ങനെ ഓരോന്നായി എടുത്തുപറഞ്ഞാൽ ഉടനൊന്നും തീരില്ല. പുരസ്കാര ജേതാവ് കൈക്കൂലിക്കേസിൽ പിടിയിലായതു കൊണ്ട് വില്ലെജ് ഓഫിസുകളിലെ അഴിമതിക്കു പ്രാമുഖ്യം കിട്ടി എന്നു മാത്രം. സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഉദ്യോഗസ്ഥരും അഴിമതിക്കാരാണ് എന്നു പറയുന്നില്ല. ആത്മാർഥമായി ജോലി ചെയ്യുന്ന എത്രയോ നല്ല ആളുകളുണ്ട്. അവരുടെ കൂടി സേവനത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയാണ് കള്ളവും ചതിയും പൊളിവചനവും തൊഴിലാക്കുകയും കൈക്കൂലി കിട്ടാതെ ചെറുവിരൽ അനക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവർ.
വില്ലെജ് ഓഫിസുകളെ പൂർണമായും അഴിമതിരഹിതമാക്കാനുള്ള "ജനാധിപത്യ സംവിധാന'ത്തെക്കുറിച്ചൊക്കെ മുൻപു സർക്കാർ അവകാശപ്പെട്ടുകണ്ടിരുന്നു. സേവനാവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതു പോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകാതിരുന്നാൽ കർശന നടപടി സ്വീകരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്നും അവകാശവാദങ്ങളുണ്ടായി. അതൊന്നും ഫലവത്താക്കാൻ കഴിയുന്നില്ല എന്നതാണു വാസ്തവം. യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയ സംഭവത്തിൽ പോലും ആരാണു കുറ്റക്കാർ എന്നു കണ്ടെത്താൻ കഴിയാത്ത സംവിധാനങ്ങളാണോ ജീവനക്കാരെ പേടിപ്പിക്കുന്നത് എന്നുകൂടി ആലോചിക്കണം.