മദ്യനയം: സ്വാധീനങ്ങൾക്ക് വഴങ്ങരുത്| മുഖപ്രസംഗം

കോഴയുമായി ബന്ധപ്പെട്ട കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു
മദ്യനയം: സ്വാധീനങ്ങൾക്ക് വഴങ്ങരുത്

വീണ്ടുമൊരു ബാർ കോഴ ആരോപണം സംസ്ഥാനത്തു സജീവ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. മുൻ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയിലേക്കു നയിച്ചതാണ് ബാർ കോഴ ആരോപണം. പൂട്ടിയ ബാറുകൾ തുറക്കാൻ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നും അതിൽ ഒരു കോടി രൂപ ധനമന്ത്രിക്കു കൈമാറിയെന്നും ആരോപിച്ചത് അക്കാലത്ത് ബാർ ഉടമകളുടെ സംഘടനയുടെ നേതാവായിരുന്ന ബിജു രമേശ് ആയിരുന്നു. കോഴ ആരോപണത്തിൽ കുടുങ്ങിയ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ നിയമസഭയിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം സംസ്ഥാനത്തെയാകെ ലജ്ജിപ്പിക്കും വിധമുള്ള അക്രമത്തിനാണു വഴിയൊരുക്കിയത്. കോഴയുമായി ബന്ധപ്പെട്ട കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. മദ്യനയത്തിൽ അഴിമതിയെന്ന ആരോപണം അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരേയും എൽഡിഎഫ് ഉയർത്തി. മദ്യനയത്തിനെതിരേ അന്നത്തെ പ്രതിപക്ഷത്തിന്‍റെ അതിശക്തമായ പ്രതിഷേധം യുഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു.

അന്ന് ബാർ കോഴയുടെ പേരിൽ യുഡിഎഫിനെതിരേ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിനു രംഗത്തിറങ്ങിയ എൽഡിഎഫ് ഇപ്പോൾ സ്വന്തം സർക്കാരിന്‍റെ നേരേ ഉയരുന്ന അതേ ആരോപണം പ്രതിരോധിക്കുകയാണ്. ബാർ ഉടമകളുടെ സംഘടനാ നേതാവാണ് ഇത്തവണയും വിവാദത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ ജില്ലയിലെ അംഗങ്ങൾക്കുള്ള വാട്സ്ആപ് സന്ദേശത്തിൽ വെളിപ്പെടുത്തിയ കോഴ ആരോപണം സംഘടന നിഷേധിച്ചിട്ടുണ്ട്. അനിമോൻ തന്നെ മലക്കം മറിഞ്ഞിട്ടുണ്ട്. പണം പിരിക്കുന്നതു സംഘടനയ്ക്കു കെട്ടിടം വാങ്ങാനാണെന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിന്‍റെ നിലപാട് ആവർത്തിക്കുകയാണ് ഇപ്പോൾ അനിമോൻ. വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യനയത്തിൽ മാറ്റം വരുത്താൻ ആലോചിച്ചിട്ടുപോലുമില്ലെന്നു സർക്കാർ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ, അനിമോൻ തിരുത്തുന്നത് സർക്കാരിന്‍റെ സമ്മർദത്തിനു വഴങ്ങിയാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കാരും ബാർ ഉടമകളും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശക്തമായ പ്രക്ഷോഭത്തിനാണ് യുഡിഎഫ് തയാറെടുക്കുന്നത്. ജുഡീഷ്യൽ അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

വാസ്തവം എന്താണെന്നറിയാത്ത ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. മദ്യനിരോധനം പ്രാവർത്തികമല്ല, മദ്യമില്ലെങ്കിൽ മ‍യക്കുമരുന്നുകളുടെ ഉപയോഗം വർധിക്കും തുടങ്ങിയ നിലപാടുകൾ വാദത്തിനായി അംഗീകരിച്ചാൽ പോലും മദ്യം നല്ലതാണ് എന്നതല്ല അതിനർഥം. വിഷം എന്തായാലും വിഷം തന്നെയാണ്. അതിന്‍റെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണു വേണ്ടത്. നിരവധി കുടുംബങ്ങളുടെ സ്വസ്ഥത തകർക്കുന്നതിൽ മദ്യം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ബാർ ഉടമകൾക്കു വേണ്ടി അവരുടെ പണം വാങ്ങി മദ്യം ഒഴുക്കാൻ സഹായം ചെയ്തു കൊടുക്കുന്നത് നാടിനോടു ചെയ്യുന്ന നന്മയായി ആരും കണക്കാക്കില്ല. സർക്കാർ ഖജനാവു കാലിയാവാതിരിക്കാനുള്ള മാർഗം മദ്യലഭ്യതയും അതിൽ നിന്നുള്ള വരുമാനവും വർധിപ്പിക്കുന്നതുമല്ല. മദ്യവർജനമാണു സർക്കാർ നയം എന്നു പറയുമ്പോഴും മദ്യ ഉപയോഗം കുറയുകയല്ല എന്ന വൈരുധ്യം നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മദ്യലഭ്യത കുറയുന്ന നടപടികൾ പ്രതീക്ഷിക്കാനാവില്ല. എന്നാൽ, ഇനിയും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഉണ്ടാവാതിരിക്കണം.

ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിനു പിന്നിലെ യാഥാർഥ്യമെന്തെന്നു ജനങ്ങൾക്കു ബോധ്യമാവുന്ന തരത്തിലുള്ള അന്വേഷണം അനിവാര്യമാണ്. ഡ്രൈ ഡേ ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക തുടങ്ങിയ ബാർ ഉടമകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. മദ്യവിൽപ്പന വർധിപ്പിക്കുന്നതിനു സഹായകരമാവുന്ന പുതിയ മദ്യനയമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണു റിപ്പോർട്ടുകൾ. അതിനിടെയാണ് മദ്യനയത്തിലെ ഇളവുകൾ അനുവദിക്കണമെങ്കിൽ കോഴ കൊടുക്കണമെന്ന് അനിമോന്‍റെ സന്ദേശത്തിൽ പറയുന്നത്. ഓരോ ബാർ ഉടമയും രണ്ടര ലക്ഷം രൂപ വീതം നൽകണമത്രേ. പണം കൊടുക്കാതെ ആരും കാര്യം നടത്തിത്തരില്ലെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. ആർക്കാണു പണം കൊടുക്കുന്നത്, ആരാണു ചോദിച്ചിട്ടുള്ളത് തുടങ്ങിയ സംശ‍യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇതു സംബന്ധിച്ച എല്ലാ ആശങ്കകളും ദുരീകരിക്കാൻ സർക്കാരിനാവണം. മദ്യനയത്തെ സ്വാധീനിക്കാൻ ഒരു ബാർ ഉടമയെയും ഒരു സംഘടനയെയും സർക്കാർ അനുവദിക്കരുത്.

Trending

No stories found.

Latest News

No stories found.