കുറ്റമറ്റതാവട്ടെ, പരീക്ഷാ സംവിധാനം

നന്ദൻ നിലേകനിയുടെ സാങ്കേതിക രംഗത്തെ അനുഭവസമ്പത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുമെന്നാണു സർക്കാരിന്‍റെ പ്രതീക്ഷ.
 The examination system is impeccable.

കുറ്റമറ്റതാവട്ടെ, പരീക്ഷാ സംവിധാനം

Updated on

രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും പിഴവുകളില്ലാത്തതുമാക്കുന്നതിനു വിപ്ലവകരമായ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ദൗത്യ സംഘം രൂപീകരിച്ചിട്ടുള്ളത്. പുതിയ കാലത്തിന് ഇണങ്ങുന്ന രീതിയിൽ കുറ്റമറ്റ പരീക്ഷാ സംവിധാനം എങ്ങനെ നടപ്പാക്കാമെന്നു ശുപാർശ ചെയ്യാൻ കഴിവുള്ള വിദഗ്ധർ തന്നെയാണ് ഈ സംഘത്തിലുള്ളത്. അവർ നൽകുന്ന നിർദേശങ്ങൾ നടപ്പാക്കുമ്പോൾ സമീപകാലത്തു കണ്ടതുപോലുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകളും മറ്റും പൂർണമായി ഒഴിവാകുമെന്നു പ്രതീക്ഷിക്കാം. അതിനൊപ്പമാണ് പരീക്ഷാ ചോദ്യ പേപ്പർ ചോർത്തുന്ന കേസുകളിൽ കുറ്റക്കാർക്കു 10 കോടി രൂപ വരെ പിഴയും കഠിനമായ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്‍റിൽ കൊണ്ടുവന്നതും. പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ അതിവേഗ കോടതികൾ രൂപീകരിക്കാനുള്ള തീരുമാനവും പരീക്ഷാ രംഗത്തെ ശുദ്ധീകരണത്തിന്‍റെ ഭാഗമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കേണ്ടിവന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രക്ഷോഭം ആ നിലയ്ക്കു നോക്കിയാൽ വിദ്യാഭ്യാസ സമ്പ്രദായത്തിനു മൊത്തത്തിൽ ഗുണകരമായി മാറുകയാണ്.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകൾ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനും വ്യവസ്ഥാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുള്ള ഉന്നതതല ദൗത്യ സംഘത്തിൽ നിലേകനിയെ കൂടാതെ ഇസ്രൊ മുൻ ചെയർമാൻ എസ്. സോമനാഥ്, ഐബി മുൻ ഡയറക്റ്റർ തപൻ ഡേക, ഐഐടി മദ്രാസ് ഡയറക്റ്റർ വി. കാമകോടി, വിദ്യാഭ്യാസ വകുപ്പിലെ മുൻ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരും ഉൾപ്പെടുന്നുണ്ട്. ഈ ദൗത്യസംഘം തയാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നാണു പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇ-ഗവ് ഫൗണ്ടേഷൻ, എക്സ്-സ്റ്റെപ്പ് ഫൗണ്ടേഷൻ എന്നിവയുടെ സഹസ്ഥാപകനും മുൻ യുഐഡിഎഐ ചെയർമാനുമായ നന്ദൻ നിലേകനിയുടെ സാങ്കേതിക രംഗത്തെ അനുഭവസമ്പത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുമെന്നാണു സർക്കാരിന്‍റെ പ്രതീക്ഷ. ആധാർ കാർഡിന്‍റെ ആവിഷ്കർത്താവ് എന്ന നിലയിൽ രാജ്യത്തു സുപ്രധാന സാങ്കേതിക വഴിത്തിരിവിനു തുടക്കം കുറിച്ച നിലേകനി പദ്മഭൂഷൺ ഉൾപ്പെടെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ്. ഭര‍ണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ സാങ്കേതിക വിദഗ്ധൻ. രാഷ്ട്രീയമായി പ്രതിപക്ഷം അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. മൻമോഹൻ സിങ് സർക്കാരിന്‍റെ കാലത്താണല്ലോ ആധാർ പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഇത്രയും ബൃഹത്തായ സാങ്കേതിക പദ്ധതി ആവിഷ്കരിച്ച നിലേകനിയെ പരീക്ഷാ സംവിധാനങ്ങളുടെ പരിഷ്കരണത്തിനും ചുമതലപ്പെടുത്തുമ്പോൾ അതിനു പ്രത്യേക പ്രസക്തിയുണ്ട്. എൻടിഎ പരീക്ഷകൾ സാങ്കേതികപ്പിഴവുകളിൽനിന്നു മുക്തമാവുന്നതിനു നിലേകനിയുടെ സംഭാവനകൾ ഉപകരിക്കും.

വിശ്വാസ്യതയും സുരക്ഷയും ഉറപ്പിക്കുന്നതിലും രഹസ്യ സ്വഭാവം നിലനിർത്തുന്നതിലും ഇസ്രൊ മുൻ ചെയർമാൻ എന്ന നിലയിൽ എസ്. സോമനാഥിനുള്ള പ്രാവീണ്യം പരീക്ഷാ സമ്പ്രദായത്തിലും ഉപയോഗപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നത്. ലക്ഷക്കണക്കിനു വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പറുകൾ തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമൊക്കെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ സോമനാഥിന്‍റെ നിർദേശങ്ങൾ സഹായിക്കുമെന്നു കരുതണം. ഇതിനൊപ്പമാണ് ഇന്‍റലിജൻസ് സംവിധാനത്തിന്‍റെ വശങ്ങൾ കൂടി പരിശോധിക്കുന്നതിന് തപൻ ഡേകയെ നിശ്ചയിച്ചിട്ടുള്ളത്. 2026 ജൂൺ 30 വരെ നാലു വർഷക്കാലം ഇന്‍റലിജൻസ് ബ്യൂറോയുടെ ഡയറക്റ്ററായിരുന്ന തപൻ ഡേക മികച്ച ഇന്‍റലിജൻസ് ഓഫിസർ എന്നു പേരെടുത്ത വ്യക്തിയാണ്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച ഓഫിസറാണ് അദ്ദേഹം. അക്കാദമിക് വശങ്ങളും സാങ്കേതിക വശങ്ങളും പരിശോധിക്കാനും തിരുത്തലുകൾ നിർദേശിക്കാനും കഴിവുള്ള വിദഗ്ധൻ എന്ന നിലയിൽ വേണം കംപ്യൂട്ടർ സയന്‍റിസ്റ്റ് കൂടിയായ വി. കാമകോടിയുടെ നിയമനത്തെ കാണാൻ. 2022 ജനുവരി മുതൽ ഐഐടി മദ്രാസ് ഡയറക്റ്ററാണ് അദ്ദേഹം.

വിദ്യാഭ്യാസ നയ രൂപീകരണത്തിലുള്ള പരിചയമാണ് അനിത കർവാളിനെ ഈ സമിതിയിൽ എത്തിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന അവർ സിബിഎസ്ഇയുടെ ചെയർ പെഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥയാണ്. 36 വർഷത്തെ പൊതുഭരണ പരിചയമുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് അമൃത് ലാൽ മീണ. ഭരണതലത്തിലെ അദ്ദേഹത്തിന്‍റെ പരിചയവും ലോജിസ്റ്റിക്സ് വൈദഗ്ധ്യവും സമിതിക്കു മുതൽക്കൂട്ടാവും. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ, സുതാര്യവും വിശ്വാസയോഗ്യവുമായ പുതിയ പരീക്ഷാ സമ്പ്രദായം ആവിഷ്കരിക്കുന്നതിന് ഈ സമിതിക്കു കഴിയട്ടെ. ദൗത്യസംഘത്തിന്‍റെ നിർദേശങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ ശക്തിപ്പെടുത്തട്ടെ. ധർമേന്ദ്ര പ്രധാന്‍റെ പിൻഗാമിയായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതലയേറ്റിരിക്കുന്നത് മന്ത്രി പ്രൾഹാദ് ജോഷിയാണ്. വ്യത്യസ്ത ചിന്താഗതിക്കാരെ ഏകോപിപ്പിക്കാനുള്ള കഴിവിന്‍റെ പേരിൽ പലപ്പോഴും "ക്രൈസിസ് മാനെജർ' എന്ന തരത്തിൽ ബിജെപി നേതൃത്വം ആശ്രയിക്കാറുള്ള നേതാവാണു ജോഷി. സങ്കീർണമായ പ്രശ്നങ്ങൾക്ക് അതിവേഗത്തിൽ പരിഹാരം കാണാൻ അദ്ദേഹത്തിനു കഴിവുണ്ടെന്നാണു പാർട്ടി കരുതുന്നത്. പരീക്ഷാ സംവിധാനത്തിൽ വിദ്യാർഥികളുടെ വിശ്വാസം വീണ്ടെടുക്കാനും അദ്ദേഹത്തിനു സാധിക്കട്ടെ.

logo
Metro Vaartha
www.metrovaartha.com