

നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച മൂലം ഇരുപത്തിമൂന്നു ലക്ഷത്തോളം വിദ്യാർഥികൾക്കാണു വീണ്ടും പരീക്ഷയെഴുതേണ്ടിവന്നത്
ദേശീയ തലത്തിൽ പൊതുപ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ)യുടെ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും ആവർത്തിക്കുന്നത് ഈ സംവിധാനത്തിന്‍റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിനു വിദ്യാർഥികളോടു നീതി കാണിക്കാൻ കഴിയാത്ത ഒരു സംവിധാനം കേന്ദ്ര സർക്കാരിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും ആത്മാർഥതയെ തന്നെ ചോദ്യം ചെയ്യുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു വരെ കാരണമായത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളുമാണല്ലോ. ഈ പശ്ചാത്തലത്തിലാണു പരീക്ഷാ നടത്തിപ്പിൽ വൻ പരിഷ്കാരത്തിന് ഏജൻസി ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത്. ഇത്തവണയെങ്കിലും പരിഷ്കാരങ്ങൾ കൊണ്ടു ഫലമുണ്ടാവുമോയെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. മുൻപ് പല വർഷങ്ങളിലും എൻടിഎയുടെ പരീക്ഷാനടത്തിപ്പു വിവാദങ്ങളുണ്ടാക്കിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയടക്കം ആരോപിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് എൻടിഎയിൽ അഴിച്ചുപണികളും പരിഷ്കാരങ്ങളും നിർദേശിക്കപ്പെടുകയുണ്ടായി. പ്രവർത്തനങ്ങളിൽ സുതാര്യത വർധിപ്പിക്കുകയും പരീക്ഷാ നടത്തിപ്പിൽ കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന അവകാശവാദവുമുണ്ടായി. പക്ഷേ, പാളിച്ചകൾ ആവർത്തിക്കുകയാണു ചെയ്തത് എന്നതു കൊണ്ടാണ് പരിഷ്കാരങ്ങളുടെ ഫലം കണ്ടറിയണമെന്നു പറയേണ്ടിവരുന്നത്.
നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച മൂലം ഇരുപത്തിമൂന്നു ലക്ഷത്തോളം വിദ്യാർഥികൾക്കാണു വീണ്ടും പരീക്ഷയെഴുതേണ്ടിവന്നത്. ഇതിനെതിരായ പ്രതിഷേധമാണ് മന്ത്രിയുടെ അധികാരക്കസേര നഷ്ടമാക്കിയതും. ഈ വിഷയത്തിൽ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണു സിബിഐ ചൂണ്ടിക്കാണിക്കുന്നത്. ചില പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറ പോലും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. വിദഗ്ധരായ പ്രതികൾ ആസൂത്രിതമായ രീതികളിലൂടെയാണു ചോദ്യങ്ങൾ ചോർത്തിയതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. അതിനിടെയാണ് മറ്റൊരു പരീക്ഷാ പിഴവു കൂടി എന്‍ടിഎയ്ക്കു സമ്മതിക്കേണ്ടിവന്നിരിക്കുന്നത്. ജൂണിൽ നടത്തിയ യുജിസി നെറ്റ് പരീക്ഷയിൽ ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറിൽ പിശകുകളും ആവർത്തിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ വീണ്ടും പരീക്ഷ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സമയം നഷ്ടപ്പെടുത്തുകയും മാനസികാരോഗ്യം തകർക്കുകയും ചെയ്യുകയാണ് എൻടിഎ എന്നാണ് ആരോപണം ഉയരുന്നത്. ഈ ഏജൻസി പിരിച്ചുവിടണമെന്ന ആവശ്യം വരെ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. എൻടിഎ ആസ്ഥാനത്തേക്കു പ്രതിഷേധ മാർച്ചുകളും നടക്കുകയുണ്ടായി.
ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രാലയം എന്‍ടിഎയുടെ പരീക്ഷാ സംഘത്തിൽ വലിയ തോതിലുള്ള അഴിച്ചുപണി നടത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പാനലിൽ നിന്നും 600 വിദഗ്ധരെ ഒഴിവാക്കിയിരിക്കുകയാണ്. ചോദ‍്യപേപ്പറുകളിലെ പിഴവുകൾ ഒഴിവാക്കുന്നതിനായി നാലുഘട്ട പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എൻടിഎ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തേ ഏജൻസിയെ പൂർണമായും ഉടച്ചുവാർക്കുന്നതിന്‍റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഏജൻസിയുടെ സംവിധാനത്തിൽ പൂർണമായും മാറ്റം കൊണ്ടുവരാനാണു ലക്ഷ്യമിടുന്നത് എന്നാണ് അവകാശവാദം. നേതൃസ്ഥാനത്തു പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിൽ പ്രൊഫഷണലുകളെ കൊണ്ടുവരുന്നതടക്കം നടപടികളുണ്ടാവുമത്രേ. കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതെല്ലാം എന്തു മാറ്റമുണ്ടാക്കുമെന്നു കണ്ടറിയണം.
എന്‍ടിഎയെ ശക്തിപ്പെടുത്തണമെന്നും ഏജൻസിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസവും നിർദേശിക്കുകയുണ്ടായി. എൻടിഎയെ വ്യവസ്ഥാപിതമാക്കണമെന്നു നിർദേശിച്ച കോടതി ഇക്കാര്യത്തിൽ യുപിഎസ്‌സിയെ മാതൃകയാക്കാമെന്നും കേന്ദ്ര സർക്കാരിനെ ഉപദേശിക്കുന്നുണ്ട്. വർഷങ്ങളായുള്ള പരീക്ഷാ നടത്തിപ്പിലൂടെ യുപിഎസ്‌സി നേടിയെടുത്ത അറിവും പരിചയസമ്പത്തും വൈദഗ്ധ്യവും മാതൃകയാക്കാവുന്നതു തന്നെയാണ്. എൻടിഎയെ മികവുറ്റ സ്ഥാപനമാക്കി മാറ്റുന്നതിന് എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതിലൊന്നും അലംഭാവം ഉണ്ടായിക്കൂടാ. നീണ്ട തയാറെടുപ്പുകൾക്കു ശേഷമാണു വിദ്യാർഥികൾ പരീക്ഷകൾ എഴുതാൻ വരുന്നത്. അവരെ വഞ്ചിക്കുന്ന തരത്തിലാവരുത് ഒരു പരീക്ഷയും നടത്തുന്നത്. ഞങ്ങൾക്കു പിഴവുപറ്റി അതുകൊണ്ട് നിങ്ങൾ വീണ്ടും പരീക്ഷ എഴുതൂ എന്നു പറയേണ്ടിവരുന്നത് ഗുരുതരമായ തെറ്റു തന്നെയാണ്. ധർമേന്ദ്ര പ്രധാന്‍റെ പിൻഗാമിയായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതലയേറ്റിരിക്കുന്ന മന്ത്രി പ്രൾഹാദ് ജോഷിക്ക് പരീക്ഷാ സംവിധാനത്തിൽ വിദ്യാർഥികളുടെ വിശ്വാസം വീണ്ടെടുക്കാൻ സാധിക്കേണ്ടതുണ്ട്.