
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണം
file
കേരളം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ. കഴിഞ്ഞവർഷം ജൂലൈ 30നു പുലർച്ചെയുണ്ടായ ദുരന്തത്തിൽ 298 പേർക്കാണു ജീവൻ നഷ്ടമായത്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒരു രാത്രി ഉണർന്നെഴുന്നേൽക്കും മുൻപേ നാമാവശേഷമാവുകയായിരുന്നു. കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും എല്ലാം തകർത്തു കളഞ്ഞതു നിരവധിയാളുകളുടെ സ്വപ്നങ്ങളാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരും ഇക്കാലമത്രയും സമ്പാദിച്ചതൊക്കെയും ഒലിച്ചുപോയവരും ഇനി എങ്ങനെ ജീവിക്കുമെന്നറിയാതെ പകച്ചു നിൽക്കുന്നവരുമായ നിരവധി നിസഹായരെയാണു നാടിനു സംരക്ഷിക്കാനുള്ളത്. ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുകയാണ്. ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. അഞ്ചു സോണുകളിലായി നാഞ്ഞൂറിലേറെ വീടുകൾ ടൗൺഷിപ്പിന്‍റെ ഭാഗമാണ്. ഇവിടുത്തെ മാതൃകാ വീടിന്‍റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കുറച്ചു വീടുകളുടെ അടിത്തറയും പൂർത്തിയായി. ഡിസംബറോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. ആയിരം ചതുരശ്ര അടിയിൽ ഒറ്റ നിലയിലുള്ള ഈ വീടുകൾ പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയും വിധത്തിലുള്ളതാണ്. ഭാവിയിൽ രണ്ടു നിലയാക്കാൻ സൗകര്യത്തിന് അടിത്തറ ശക്തിപ്പെടുത്തുന്നുമുണ്ട്.
ജനങ്ങളുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്ന് വലിയ തോതിലുള്ള സഹായമാണ് വയനാടിനു വേണ്ടി ഉണ്ടായിട്ടുള്ളത്. എന്നാൽ, ദുരന്തബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാർ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന പരാതി തുടക്കം മുതലേയുണ്ട്. ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടു സ്വീകരിച്ചതു മുതൽ കേരളത്തോട് അവഗണന എന്ന പരാതി ഉയർന്നതാണ്. വയനാടിനു ലഭിക്കാവുന്ന പ്രത്യേക സഹായങ്ങൾ പലതും ഇതുമൂലം ലഭ്യമാവാതെ വന്നു എന്നാണു പറയുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2,200 കോടി രൂപയുടെ പാക്കെജ് കേരളം തേടിയിരുന്നു. ഈ പാക്കെജ് എത്രയും വേഗം അനുവദിച്ചു തരണമെന്ന് പലപ്പോഴായി കേരളം അഭ്യർഥിച്ചിട്ടുള്ളതാണ്. ദുരന്തമുണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല. ഇതിനിടെ 529.50 കോടി രൂപയുടെ വായ്പ കേന്ദ്രം അനുവദിക്കുകയുണ്ടായി. 50 വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണിത്. ഇതുകൊണ്ടു മാത്രം വയനാടിനോടു നീതി കാണിക്കുന്നു എന്നു പറയാനാവില്ല.
പ്രത്യേക പാക്കെജിനൊപ്പം കേരളത്തിൽ നിന്നുയർന്ന മറ്റൊരാവശ്യമാണ് വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്നത്. ഈ ആവശ്യത്തോടും കേന്ദ്ര സർക്കാർ ഇതുവരെ മുഖംതിരിക്കുകയായിരുന്നു. പലതവണ ഈ ആവശ്യം കേരള സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തിരുന്നു. ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന വിഷയം ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാണിക്കുകയാണു കേന്ദ്ര സർക്കാർ ചെയ്തത്. ഗുരുതരമായ ദുരന്തങ്ങൾക്ക് ഇരയാകുന്ന വ്യക്തികളുടെ വായ്പകൾ എഴുതിത്തള്ളാനോ പുതിയ വായ്പകൾ നൽകാനോ ബാങ്കുകളോടു ശുപാർശ ചെയ്യാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് അധികാരം നൽകുന്ന വകുപ്പ് ദുരന്ത നിവാരണ നിയമത്തിൽ നിന്ന് നീക്കം ചെയ്തുവെന്നാണു കേന്ദ്രം കോടതിയിൽ പറഞ്ഞത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള സാധ്യത ഇതുവഴി തടയുകയായിരുന്നു കേന്ദ്രം എന്നാണ് ആരോപണം ഉയരുന്നത്. ഒഴിവാക്കിയ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
അതേസമയം, ദുരന്തബാധിതരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഭരണഘടനാപരമായ അധികാരം ഉപയോഗിക്കാനാവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. ദുരന്ത നിവാരണ അഥോറിറ്റിയല്ല കേന്ദ്ര സർക്കാരാണ് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതെന്നും നേരത്തേ കോടതി നിർദേശിച്ചു. വായ്പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്ന കോടതിയുടെ ആവശ്യത്തോട് ഇതുവരെ കേന്ദ്ര സർക്കാർ അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ കോടതി കേന്ദ്ര സർക്കാരിന് അവസാന അവസരം നൽകിയിരിക്കുന്നത്. സെപ്റ്റംബർ പത്തിനകം തീരുമാനം അറിയിക്കാനാണു നിർദേശം. നാലാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് അടുത്തമാസം പത്തുവരെ സമയം അനുവദിച്ചിരിക്കുന്നത്. നേരത്തേ, ദുരന്തബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനു വായ്പ എഴുതിത്തള്ളിക്കൂടാ എന്നാണു കോടതി ആവർത്തിച്ചു ചോദിക്കുന്നത്. സമയം നീട്ടി ചോദിച്ചുകൊണ്ട് തീരുമാനത്തിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ ഇനിയും അമാന്തം കാണിക്കാതിരിക്കണം.