
പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടവും പരിശോധിക്കണം
സംസ്ഥാനത്തു സംരംഭക വർഷം ആരംഭിച്ച ശേഷം 3.51 ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി. രാജീവിനു വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചത് ഏതാനും ദിവസം മുൻപാണ്. അതിനൊപ്പം മറ്റൊരു കണക്കു കൂടി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. അത് വനിതകൾ ആരംഭിച്ച സംരംഭങ്ങളുടെ കണക്കാണ്. സംരംഭക വർഷം പദ്ധതിയിൽ ആരംഭിച്ച സംരംഭങ്ങളിൽ 1.11 ലക്ഷവും വനിതകളുടേതാണ്. ആകെ സംരംഭങ്ങളുടെ ഏതാണ്ട് മൂന്നിലൊന്ന് വനിതാ സംരംഭങ്ങൾ എന്നത് എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. 40 ട്രാൻസ്ജെൻഡർ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണു സർക്കാർ അറിയിക്കുന്നത്. പുതിയ സംരംഭങ്ങളിൽ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. മൂന്നര ലക്ഷത്തിലേറെ പുതിയ സംരംഭങ്ങൾ, അതിൽ തന്നെ ഒരു ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾ എന്നു പറയുമ്പോൾ സർക്കാരിന് അഭിമാനിക്കാവുന്ന നേട്ടമായി അതു മാറുന്നുണ്ട്. പുതിയ സംരംഭങ്ങളിലൂടെ 22,526 കോടി രൂപയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിക്കാനായെന്നാണു പറയുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാര്യമല്ല.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി കണ്ടുകൊണ്ടാണ് സംരംഭക വർഷം പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ചെറുകിട- ഇടത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിക്കൊണ്ട് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിക്കു വഴിതെളിയുമല്ലോ. സംരംഭകർ ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി അവർക്കു മികച്ച സാധ്യതകൾ വ്യവസായ വകുപ്പ് പ്രദാനം ചെയ്യുന്ന പദ്ധതിയായാണ് ഇതു രൂപപ്പെട്ടത്. 2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട് പദ്ധതി ആരംഭിക്കുകയും ചെയ്തു. അതിനു ശേഷവും തുടർന്നുവരുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംരംഭക സഭകൾക്കും തുടക്കമായിട്ടുണ്ട്. സംരംഭകർക്ക് അനുഗുണമായ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുക, വിവിധ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുക, നയരൂപീകരണത്തിൽ സംരംഭകരുടെ അഭിപ്രായങ്ങൾക്കു പ്രാധാന്യം നൽകുക, സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുക, മാർക്കറ്റിങ് രംഗത്തുവേണ്ട സഹായങ്ങൾ ലഭ്യമാക്കുക, സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾക്കു പ്രാദേശിക തലത്തിൽ തന്നെ പരിഹാരം കാണുക എന്നിവയ്ക്കാണ് സഭ പ്രാധാന്യം നല്‍കുന്നത്. ശാസ്ത്രീയമായ കർമപദ്ധതിയും പ്രൊഫഷണലായ നിർവഹണ സംവിധാനവും ലക്ഷ്യം കടന്നു മുന്നേറാൻ പദ്ധതിയെ സഹായിച്ചു എന്നാണു കണക്കുകൾ കാണിക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങളുണ്ടാക്കുന്നതിനും സംസ്ഥാനത്തിന്‍റെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിനും വ്യവസായങ്ങൾ അനിവാര്യമാണ്. പുതിയ സംരംഭങ്ങൾ എത്രമാത്രം ഉയർന്നുവരുന്നുവോ അത്രയും സംസ്ഥാനത്തിനു നേട്ടവുമാണ്.
സ്വകാര്യ സംരംഭകരുടെ എണ്ണത്തിലും വ്യവസായ രംഗത്ത് അവരുടെ സംഭാവനയിലുമുള്ള വർധനയ്ക്ക് സർക്കാർ ഇത്തരത്തിൽ കണക്കുകൾ നിരത്തുമ്പോൾ തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കുകളും വരുന്നത് എന്നു കൂടി ഇതിനൊപ്പം കാണണം. സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നതും ഏതാനും ദിവസം മുൻപാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടി രൂപയാണെന്നാണ് 2020 മുതൽ 2023 മാർച്ച് വരെയുള്ള റിപ്പോർട്ടിൽ പറയുന്നത്. 44 സ്ഥാപനങ്ങൾ പൂർണമായി തകർന്ന നിലയിലാണത്രേ. 18 സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊർജിതമാക്കണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. 2016നു ശേഷം കെഎസ്ആർടിസി ഓഡിറ്റിനു രേഖകൾ നൽകിയിട്ടില്ലെന്നാണ് സിഎജിയുടെ വെളിപ്പെടുത്തൽ. കെഎംഎംഎല്ലിലെ ക്രമക്കേടിനെക്കുറിച്ചും സിഎജി പറയുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ അസംസ്കൃത വസ്തുക്കൾ വാങ്ങി, ടെൻഡർ വിളിക്കാതെ വാങ്ങിയതിൽ നഷ്ടമുണ്ടായി, യോഗ്യതയില്ലാത്തവർക്ക് കരാർ നൽകി എന്നൊക്കെയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതേസമയം, ലാഭത്തിൽ പ്രവർത്തിക്കുന്ന അമ്പതിലേറെ പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ട്. എന്തുകൊണ്ട് ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലോടുന്നുവെന്നു സർക്കാർ പരിശോധിക്കേണ്ടതാണ്. അവയെ നഷ്ടക്കയത്തിൽ നിന്നു കരകയറ്റാൻ വ്യക്തമായ പദ്ധതികളുണ്ടാവണം.
നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഉദാഹരണമാണ് കെൽട്രോൺ. ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് വിറ്റുവരവാണ് ഈ വർഷം കമ്പനി നേടിയത്. 1056.94 കോടി രൂപയുടെ വിറ്റുവരവ് ഈ വർഷം കെൽട്രോൺ കരസ്ഥമാക്കി. ഇതിനു പുറമെ സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെസിസിഎൽ (104.85 കോടി രൂപ), മലപ്പുറത്തെ കെഇസിഎൽ (38.07 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 1,199.86 കോടി രൂപയുടെ വിറ്റുവരവും 62.96 കോടി രൂപ പ്രവർത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ നേടിയ 643 കോടി രൂപയായിരുന്നു ഇതിനു മുൻപുള്ള കമ്പനിയുടെ റെക്കോഡ് വിറ്റുവരവ്. പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനെജ്‌മെന്‍റ് സ്വീകരിക്കുന്ന നടപടികളും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളും കമ്പനിയുടെ മികവിനു കാരണമാവുന്നുവെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് കേരളം ഇപ്പോൾ. സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികൾ ഫലം കാണുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ മാത്രമല്ല വലിയ കമ്പനികളും കേരളത്തിലേക്ക് ധാരാളമായി എത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങളിൽ കുറവുണ്ടാവരുത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും വൻകിട സ്വകാര്യ കമ്പനികളെ ആകർഷിക്കുകയും ചെയ്യേണ്ടത് വ്യവസായ വികസനവുമായി ബന്ധപ്പെട്ടു പറയുമ്പോൾ പ്രധാനമാണ്.