
മഹാ സംഭവമായ മഹാ കുംഭമേള|മുഖപ്രസംഗം
file
45 ദിവസത്തെ മഹാ കുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ സമാപനമായിരിക്കുകയാണ്. 66 കോടിയിലേറെ ഭക്തർ കുംഭമേളയിൽ പുണ്യസ്നാനം ചെയ്തുവെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത്രയേറെ തീർഥാടകർ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനെത്തി എന്നത് സവിശേഷമായ റെക്കോഡ് തന്നെയാണ്. ഗംഗ, യമുന, സരസ്വതി എന്നീ 3 പുണ്യനദികളുടെ സംഗമഭൂമി കോടിക്കണക്കിനു ഭക്തരെക്കൊണ്ടു നിറഞ്ഞ നാളുകളിൽ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഉത്തരവാദിത്വമായിരുന്നു.
ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. ജനുവരി 29ന് കുംഭമേളക്കിടെ പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കു ജീവൻ നഷ്ടമായി. ഫെബ്രുവരി 15ന് ന്യൂഡൽഹി റെയ്‌ൽവേ സ്റ്റേഷനിൽ പ്രയാഗ് രാജിലേക്കുള്ള ട്രെയ്‌ൻ വന്നപ്പോഴുണ്ടായ തിക്കിലും തിരക്കിലും 20 പേർ മരിച്ചു. ഇത്തരം ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴിച്ചാൽ 66 കോടി ജനങ്ങൾക്കു വേണ്ടി നടത്തിയ ഒരുക്കങ്ങൾ മാതൃകാപരമായിരുന്നു എന്നു പറയാവുന്നതാണ്.
ലോക ചരിത്രത്തിൽ അത്യപൂർവമായ ഒരു പരിപാടിയായി കുംഭമേളയെ മാറ്റിയെടുത്ത ഉത്തർപ്രദേശ് സർക്കാർ അതിനു വേണ്ടി വർഷങ്ങളായി നടത്തിയ തയാറെടുപ്പുകൾ തീർഥാടന ടൂറിസത്തിൽ താത്പര്യമുള്ളവർക്കെല്ലാം പഠിക്കാവുന്നതുമാണ്. ലോകത്തെ ഏറ്റവും വലിയ ആത്മീയ സമ്മേളന വേദിയായി പ്രയാഗ് രാജിനെ യുപി സർക്കാർ മാറ്റിയെടുത്തു.
സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ശുചിത്വ തൊഴിലാളികളും സന്നദ്ധ സംഘടനകളും മത സ്ഥാപനങ്ങളുമെല്ലാം ഈ കുംഭമേളയുടെ വിജയത്തിനായി നൽകിയ സംഭാവനകൾ വളരെ വലുതാണ്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക എന്ന ഭാരിച്ച ചുമതലയാണ് ഉത്തർപ്രദേശ് സർക്കാർ നിറവേറ്റിയത്.
അതിനൊരു രാഷ്‌ട്രീയ നേട്ടം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടാവാം. അതു സ്വാഭാവികമാണ്. അപ്പോഴും കുംഭമേളയുടെ നടത്തിപ്പിലെ മികവുകൾ കാണാതിരിക്കാനാവില്ല. ഇത്രയേറെ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. അടിസ്ഥാന സൗകര്യങ്ങളിലെ ചില പോരായ്മകൾ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
വിമർശനങ്ങൾ നിലനിൽക്കുമ്പോഴും ഇത്രയേറെ തീർഥാടകർക്ക് അത്രയൊന്നും പരാതിയില്ലാതെ സൗകര്യങ്ങൾ ഒരുക്കി എന്നതു ചെറിയ കാര്യമായി കാണരുത്. കിലോമീറ്ററുകൾ അകലെ വച്ച് വാഹന ഗതാഗതം തടയുന്നതടക്കം ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു. തീർഥാടകർക്ക് കിലോമീറ്ററുകൾ നടക്കേണ്ടിവന്നു. അതൊക്കെ മേള ഭംഗിയായി നടക്കുന്നതിന് അനിവാര്യമായിരുന്നു.
45 കോടി തീർഥാടകർ എത്തുമെന്നായിരുന്നു നേരത്തേ യുപി സർക്കാർ കണക്കുകൂട്ടിയിരുന്നത്. ആ കണക്കുകൾ മറികടന്ന തീർഥാടക പ്രവാഹം ഉണ്ടായിട്ടും അതിനൊത്ത തയാറെടുപ്പുകൾ അവർ സ്വീകരിച്ചിരുന്നു എന്നുവേണം മനസിലാക്കാൻ. മൗനി അമാവാസി ദിനത്തിൽ എട്ടു കോടി ഭക്തരാണ് സ്നാനം ചെയ്തത്. മകര സംക്രാന്തിക്ക് 3.5 കോടി തീർഥാടകരെത്തി. ജനുവരി 30നും ഫെബ്രുവരി ഒന്നിനും രണ്ടു കോടിയിലേറെ തീർഥാടകർ എത്തിയെന്നാണു കണക്ക്.
ലോകത്തിന്‍റെ നാനാഭാഗത്തുനിന്നായി ഉത്തർപ്രദേശിലെത്തിയ ജനകോടികൾ ആ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണു ചില കണക്കുകൾ കാണിക്കുന്നത്. കുംഭമേളയുടെ തയാറെടുപ്പുകൾക്കായി 7,500 കോടി രൂപയാണു സർക്കാർ ചെലവഴിച്ചത്. അതിൽ നിന്നാണ് ഇത്രയേറെ സാമ്പത്തിക നേട്ടം സംസ്ഥാനത്തിനുണ്ടാവുന്നത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതിൽ വളർത്തുന്നതിന് കുംഭമേള സഹായിക്കുന്നുവെന്നാണ് ഇതു കാണിക്കുക.
പ്രയാഗ് രാജിൽ മാത്രമല്ല അയോധ്യയടക്കം ഉത്തർപ്രദേശിലെ പല പ്രമുഖ സ്ഥലങ്ങളിലും തീർഥാടന ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട്. അവിടെയെല്ലാം സാമ്പത്തിക നേട്ടത്തിന്‍റെ ആത്മവിശ്വാസം ഉണ്ടാവും. വലിയ തോതിലുള്ള സാമ്പത്തിക- വ്യാപാര പ്രവർത്തനങ്ങൾ കുംഭമേളക്കാലത്ത് യുപിയിൽ നടന്നിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് പോലുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, താത്കാലിക താമസസ്ഥലങ്ങൾ, ടെന്‍റ് ഹൗസുകൾ എന്നിവ ഒരുക്കിയവർക്കു നേട്ടങ്ങളുണ്ടായി. മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളും വലിയ തോതിൽ വിറ്റഴിക്കപ്പെട്ടു. ആരോഗ്യ മേഖലയ്ക്കും ടൂറിസ്റ്റുകളുടെ പ്രവാഹം നേട്ടമായി.
പ്രയാഗ് രാജിൽ കിലോമീറ്ററുകൾ വരുന്ന ടെന്‍റ് സിറ്റിയാണ് തീർഥാടകർക്കായി ഒരുക്കിയെടുത്തത്. നൂറുകണക്കിനു കിലോമീറ്റർ റോഡും ഇലക്‌ട്രിക് ലൈനും പൈപ്പ് ലൈനും ഒരുക്കി. മാലിന്യപ്രശ്നം ഒഴിവാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഒരിടത്തു പോലും ഒരു പ്ലാസ്റ്റിക് കുപ്പി പോലും കാണാനുണ്ടായില്ല എന്നത് വലിയ നേട്ടമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ വിപുലമായ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി.
2,700 എഐ ക്യാമറകളാണ് കുംഭമേള പ്രദേശത്ത് ഉണ്ടായിരുന്നത്. ജലമാർഗങ്ങളുടെ നിരീക്ഷണത്തിന് 113 അണ്ടർ വാട്ടർ ഡ്രോണുകൾ ഉപയോഗിച്ചു. ആയിരക്കണക്കിനു ജീവനക്കാരുടെ മാസങ്ങൾ നീണ്ട കഠിനാധ്വാനം തയാറെടുപ്പുകൾക്കു പിന്നിലുണ്ട്. കോടിക്കണക്കിനാളുകൾക്ക് ഉത്തർപ്രദേശിനെ അറിയാനുള്ള മാർഗമായി കുംഭമേള മാറി എന്നതാണ് എടുത്തുപറയേണ്ടത്. മേളയെ ആ വിധത്തിൽ കണ്ടു നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വിജയം കണ്ടു എന്നും പറയാം.