

പുരസ്കാര നേട്ടത്തിൽ വീണ്ടും മലയാള സിനിമ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാള സിനിമ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നതു പുതുമയുള്ള കാര്യമല്ല. മലയാള സിനിമയുടെ കരുത്തു വ്യക്തമാക്കിക്കൊണ്ടുള്ള പുരസ്കാര പ്രഖ്യാപനങ്ങൾ എത്രയോ തവണ ആവർത്തിച്ചിട്ടുള്ളതാണ്. ഇത്തവണയും നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന തീരുമാനങ്ങൾ അവാർഡ് ജൂറിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി നാലാം തവണയും മികച്ച നടനുള്ള പുരസ്കാരം നേടിയത് ആരെയും ഒട്ടും അതിശയിപ്പിക്കുന്നില്ല. അഭിനയ രംഗത്ത് മമ്മൂട്ടിയുടെ പ്രതിഭ തെളിയിക്കുന്ന എത്രയോ സിനിമകൾ കേരളത്തെയെന്നല്ല രാജ്യത്തെ തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇത്തവണ പുരസ്കാരം ലഭിച്ച "ഭ്രമയുഗം' എന്ന സിനിമയും അതുപോലെ തന്നെയാണ്. അതിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് എത്ര ഗംഭീരമായാണ്. "ഭ്രമയുഗ'വും അതിലെ മമ്മൂട്ടിയുടെ അഭിനയവും മുഴുവൻ ജൂറി അംഗങ്ങളെയും ആകർഷിച്ചു എന്നാണല്ലോ ജൂറി ചെയർമാൻ ജയരാജ് പറഞ്ഞത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ തന്നെ ഛായാഗ്രഹണത്തിനാണ് ഷെഹനാദ് ജലാൽ ദേശീയ പുരസ്കാരത്തിന് അർഹനായത് എന്നതും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും സന്തോഷിപ്പിക്കുന്നുണ്ടാവും. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഈ ചിത്രം കാഴ്ചക്കാർക്കു നൽകുന്ന സവിശേഷമായ ദൃശ്യാനുഭവം ഇതിനു മുൻപു തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ചിത്രത്തിന് ഇരുണ്ടതും ഭീതിജനകവുമായ അന്തരീക്ഷം സമ്മാനിക്കുകയായിരുന്നു ഷെഹനാദ് ജലാൽ ചെയ്തത്. നിറങ്ങളുടെ അതിപ്രസരമില്ലാതെ, വെളിച്ചവും നിഴലും ഉപയോഗിച്ച് പ്രേക്ഷകനെ മറ്റൊരു കാലഘട്ടത്തിലേക്ക് എത്തിക്കാൻ ചിത്രത്തിന്‍റെ ദൃശ്യഭാഷയ്ക്കു സാധിച്ചു. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തിന്‍റെ പശ്ചാത്തലവും കഥ നടക്കുന്ന മനയിലെ ഭീതിജനകമായ അന്തരീക്ഷവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിന്‍റെ കളർ ടോൺ വലിയ പങ്കുവഹിച്ചു. വെളിച്ചവും നിഴലും കൃത്യമായി ഉപയോഗിച്ചുള്ള ഛായാഗ്രഹണം ചിത്രത്തിനു ക്ലാസിക് ഭാവം നൽകിയെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണു വൈക്കം വിജയലക്ഷ്മി. അവർക്ക് ഏറ്റവും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിക്കുമ്പോൾ നൂറു ശതമാനവും അർഹിക്കുന്ന അംഗീകാരം തന്നെയാണത്. "അജയന്‍റെ രണ്ടാം മോഷണം' (എആർഎം) എന്ന സിനിമയിലെ വിജയലക്ഷ്മി ആലപിച്ച ""അങ്ങ് വാനക്കോണില്....'' എന്ന ഗാനം മലയാളികളുടെ മനസിൽ നിന്നു മായാതെ നിൽക്കുന്നതാണ്. മലയാള സിനിമാ സംഗീതത്തിന് ഇനിയും വിലപ്പെട്ട നിരവധി സംഭാവനകൾ നൽകാൻ കഴിവുള്ള ഗായികയാണു വൈക്കം വിജയലക്ഷ്മി.
മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട "ഫെമിനിച്ചി ഫാത്തിമ' കഴിഞ്ഞ ഡിസംബറിൽ ഐഎഫ്എഫ്‌കെയിൽ അഞ്ചു പുരസ്‌കാരങ്ങൾ നേടിയതാണ്. കേരളത്തിലെ സിനിമാ പ്രേമികൾ ഏറെ ചർച്ച ചെയ്തു കഴിഞ്ഞതാണ് ഈ ഫാസിൽ മുഹമ്മദ് ചിത്രം. മികച്ച നവാഗത സംവിധായകൻ, മികച്ച നടി, മികച്ച രണ്ടാമത്തെ സിനിമ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രം നേരത്തേ കരസ്ഥമാക്കിയിരുന്നു. ഒരു നവാഗത സംവിധായകന്‍റെ വളരെ ചെറിയൊരു സിനിമ ഇത്രയേറെ അംഗീകാരങ്ങൾ നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. സാമൂഹിക- ആചാരപരമായ വിലക്കുകളെ ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ വിമർശിക്കുകയായിരുന്നു "ഫെമിനിച്ചി ഫാത്തിമ'.
നോൺ ഫീച്ചർ വിഭാഗത്തിൽ അനന്തജ്യോതി സംവിധാനം ചെയ്ത "ഭദ്രകാളി നാടകം' പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായതും മലയാളത്തിനു നേട്ടം തന്നെയാണ്. പ്രമേയത്തിലും അവതരണത്തിലും മികവു പുലർത്തി ശ്രദ്ധിക്കപ്പെട്ടവയാണ് "മഞ്ഞുമ്മൽ ബോയ്സ്', "കിഷ്കിന്ധാ കാണ്ഡം' എന്നീ മലയാള ചിത്രങ്ങൾ. ദേശീയ പുരസ്കാരത്തിനു ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഈ സിനിമകൾക്കു കഴിഞ്ഞെങ്കിലും ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതു നിരാശാജനകമാണ്. "കിഷ്കിന്ധാ കാണ്ഡ'ത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും നായക തുല്യമായ പിതാവിന്‍റെ വേഷത്തിലെത്തിയ വിജയരാഘവനും മികച്ച നടന്മാരുടെ മത്സരത്തിൽ അവസാന പട്ടികയിലും ഇടം നേടിയിരുന്നു എന്നാണ് അറിയുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയെ തേടി ദേശീയ അവാർഡ് എത്തുന്നത്. "ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് നടൻ കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് മുരളികാന്ത് പേട്‌കറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി ചിത്രമാണ് ചന്തു ചാമ്പ്യൻ. തന്‍റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ചിത്രമാണ് ചന്തു ചാമ്പ്യനെന്ന് കാർത്തിക് ആര്യൻ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനായുള്ള അദ്ദേഹത്തിന്‍റെ മേക്കോവർ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
"ഭ്രമയുഗ'ത്തിൽ പതിവു നായക സങ്കൽപ്പങ്ങളെയും താരപരിവേഷങ്ങളെയും പൂർണമായും അഴിച്ചുവച്ചാണു മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തിലെ പ്രതിനായക പരിവേഷമുള്ള "കൊടുമൺ പോറ്റി' എന്ന ദുരൂഹ കഥാപാത്രത്തെ സൂക്ഷ്മമായ ശരീരഭാഷ കൊണ്ടും ഭയപ്പെടുത്തുന്ന ഭാവങ്ങൾ കൊണ്ടും അദ്ദേഹം അനശ്വരമാക്കി. "കൊടുമൺ പോറ്റി'യുടെ നെഗറ്റീവ് ഭാവങ്ങളും അട്ടഹാസങ്ങളും ഗൂഢമായ ചിരിയുമെല്ലാം പ്രേക്ഷകരിൽ ഭയവും അത്ഭുതവും നിറച്ചു. 1989ൽ "മതിലുകൾ', "ഒരു വടക്കൻ വീരഗാഥ', 1993ൽ "വിധേയൻ', "പൊന്തൻമാട', 1998ൽ "ഡോ. ബാബാ സാഹേബ് അംബേദ്കർ' എന്നീ ചിത്രങ്ങൾക്കാണ് മമ്മൂട്ടി ഇതിനു മുൻപ് ദേശീയ പുരസ്കാരം നേടിയിട്ടുള്ളത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനൊപ്പമുള്ള റെക്കോഡിലേക്കും ഇത്തവണത്തെ പുരസ്കാരത്തിലൂടെ മമ്മൂട്ടി ഉയർന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വൈവിധ്യവും സാങ്കേതിക മികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ മലയാളം എപ്പോഴും മുന്നിലാണെന്ന് ഈ 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും അടിവരയിടുന്നുണ്ട്. മമ്മൂട്ടിയുടെ ചരിത്ര നേട്ടവും മറ്റു പുരസ്കാരങ്ങളും വരുംതലമുറയിലെ സിനിമാ പ്രവർത്തകർക്കു വലിയൊരു പ്രചോദനമാണ്.