മയക്കുമരുന്ന്: തെറ്റു തിരുത്തട്ടെ, സിനിമാ മേഖല

അടിയന്തരമായൊരു ശുദ്ധികലശം സിനിമാ രംഗത്ത് ഉണ്ടാവേണ്ടതുണ്ടെന്ന് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാണ്
Malayalam film industry and drugs

മയക്കുമരുന്ന്: തെറ്റു തിരുത്തട്ടെ, സിനിമാ മേഖല

Freepik

Updated on

സിനിമാ മേഖലയിലെ ലഹരി ഉപയോഗം കർശനമായി തടയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു മുഖപ്രസംഗത്തിൽ പറഞ്ഞത് ഏതാനും ദിവസം മുൻപാണ്. അടിയന്തരമായൊരു ശുദ്ധികലശം സിനിമാ രംഗത്ത് ഉണ്ടാവേണ്ടതുണ്ടെന്ന് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാണ്. ഒന്നിച്ച് അഭിനയിച്ച ഒരു നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്‍റെ ആരോപണം ഏറെ ചർച്ചാ വിഷയമായതാണ്. നിരവധിയാളുകൾ വിൻ സിക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവരുകയും ചെയ്തു. നടൻ സെറ്റിലിരുന്ന് വെള്ളപ്പൊടി തുപ്പിയെന്നും ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വിൻ സി വെളിപ്പെടുത്തുകയുണ്ടായി. നടന്‍റെ പേരു പറയാതെയാണ് പരസ്യമായി അവർ ആരോപണം ഉന്നയിച്ചത്. എന്നാൽ, ഫിലിം ചേംബറിനും താരസംഘടനയായ അമ്മയ്ക്കും അടക്കം നൽകിയ പരാതിയിൽ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് ആരോപിക്കുകയുണ്ടായി. ഇതിനിടെയാണ് പൊലീസിന്‍റെ ലഹരി പരിശോധനക്കിടെ നടൻ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയെന്ന റിപ്പോർട്ടും വന്നത്. പിന്നീട് അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ പൊലീസ് ജാമ്യത്തിൽ വിട്ടു. അതിനിടെ, നടൻ ശ്രീനാഥ് ഭാസിക്കെതിരേയും മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ആരോപണം ഉയർന്നു. ആലപ്പുഴയിൽ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ആലപ്പുഴ എക്സൈസ് ഓഫിസിൽ ഇന്നലെ വിശദമായി ചോദ്യം ചെയ്യുകയുണ്ടായി.

ഇതിനെല്ലാം ഇടയിലാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഛായാഗ്രാഹകൻ സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഞായറാഴ്ച പുലർച്ചെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തായ ഷാലിഹ് മുഹമ്മദും ഇവർക്കൊപ്പം പിടിയിലായി. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചിരിക്കുകയാണ്. ഇതിനും ശേഷമാണ് ആയിരക്കണക്കിന് ആരാധകരുള്ള റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയും സഹപ്രവർത്തകർക്കൊപ്പം കഞ്ചാവുമായി പിടിയിലാവുന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തുന്നത്.

രാസലഹരിക്കെതിരായ ബോധവത്കരണത്തിന് സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട സന്ദേശങ്ങളിലൊന്നു വേടന്‍റേതായിരുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്. "വേണ്ട, മക്കളേ, നമുക്ക് സിന്തറ്റിക് ഡ്രഗ്സ് വേണ്ട, അതു നമ്മുടെ തലച്ചോറിനെ കാർന്നു തിന്നുന്ന ചെകുത്താനാണ്. ദയവു ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുത്'' എന്നു പറഞ്ഞ് തന്‍റെ പരിപാടിക്കിടെ സദസിന്‍റെ കൈയടികൾ വാങ്ങിക്കൂട്ടിയതാണു വേടൻ. സംസ്ഥാന സർക്കാരിന്‍റെ പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന താരം. കഞ്ചാവു കേസിൽ പിടിക്കപ്പെട്ടതോടെ ഇടുക്കിയിലെ സർക്കാരിന്‍റെ വാർഷികാഘോഷ പരിപാടികളിൽ നിന്ന് വേടനെ ഒഴിവാക്കിയിട്ടുണ്ട്. ലഹരിയിൽ നിന്ന് അകന്നു നിൽക്കാൻ ആരാധകരെ ഉദ്ബോധിപ്പിക്കുന്ന സെലിബ്രിറ്റികൾ ലഹരി കേസുകളിൽ പെടുന്നുവെങ്കിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എന്ത് ആത്മാർഥതയാണുള്ളത്.

എന്തായാലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന റെയ്ഡുകൾ സ്വാഗതാർഹമാണ്. അതു തുടരണം. മയക്കുമരുന്നിന്‍റെ പിടിയിൽ നിന്ന് ഈ മേഖലയെ പൂർണമായി രക്ഷപെടുത്തേണ്ടതുണ്ട്. അമ്മയും ഫെഫ്കയും അടക്കം സിനിമാ രംഗവുമായി ബന്ധപ്പെട്ട സംഘടനകൾ സർക്കാരിന്‍റെ നീക്കങ്ങളോടു സഹകരിക്കുകയും ചെയ്യണം. ലഹരി കേസുകളിൽ വലുപ്പ ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്‍റ് സിബി മലയിൽ പറയുന്നുണ്ട്. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു എന്നതും ഇതിനോടു ചേർത്തു കാണണം. ഷൈൻ ടോം ചാക്കോയ്ക്കുള്ള അവസാന അവസരമാണിതെന്നാണ് ഫെഫ്ക മുന്നറിയിപ്പു നൽകിയിരിക്കുന്നത്. തെറ്റുകളിൽ പെടുന്നവർക്ക് തിരുത്താൻ അവസരം നൽകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഈ നിലപാടു കൊണ്ട് തെറ്റ് തിരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമാ രംഗത്തെ പലർക്കെതിരേയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ഫെഫ്കയുടെ നിലപാട്. ഇത്തരക്കാരെ വിളിച്ചുവരുത്തി ഫെഫ്ക സംസാരിക്കുമെന്നും പറയുന്നു. അതുകൊണ്ട് ഫലമുണ്ടാവുമെങ്കിൽ വളരെ നല്ലത്.

സിനിമാരംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഏറെക്കാലമായി പരാതികൾ ഉയരുന്നുണ്ട്. പക്ഷേ, കർശന നടപടിയുണ്ടാവുമെന്ന് പറയുന്നതല്ലാതെ ഇതുവരെ അതു പ്രാവർത്തികമായിട്ടില്ല. സിനിമാ സെറ്റുകളിൽ മിന്നൽ പരിശോധനയടക്കം ശക്തമായ നടപടികൾ ഉണ്ടാവേണ്ടിയിരിക്കുന്നു. സിനിമയിൽ ലഹരി മാഫിയയുടെ സ്വാധീനത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും പിന്നിൽ ലഹരി ഉപയോഗമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമാ പ്രവർത്തകർക്ക് സ്ഥിരമായി ലഹരി എത്തിച്ചുനൽകുന്ന സംഘങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കണം. മയക്കുമരുന്നിന്‍റെ കണ്ണികൾ മുറിച്ചു നീക്കേണ്ടത് അനിവാര്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com