
അസാധാരണ സംഭവവികാസങ്ങളാണ് ഡൽഹി സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് കെജരിവാൾ സർക്കാരിൽ പ്രമുഖനായ രണ്ടാമത്തെ മന്ത്രിയും അറസ്റ്റിലായിരിക്കുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത് വിവാദ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ മാസങ്ങൾക്കു മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സത്യേന്ദർ ജയിൻ ഇപ്പോഴും ജയിലിലാണ്. സർക്കാരിൽ ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടുപേർ തടവിലാവുകയും അവർ മന്ത്രിസ്ഥാനത്തു തുടരുകയും ചെയ്യുന്നു എന്നതാണു സവിശേഷത. നേരത്തേ ജയിൻ അറസ്റ്റിലായപ്പോൾ ആരോഗ്യവും ആഭ്യന്തരവും അടക്കം അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ സിസോദിയയെയാണ് ഏൽപ്പിച്ചിരുന്നത്. സിസോദിയയും അറസ്റ്റിലായതോടെ ധനകാര്യവും വിദ്യാഭ്യാസവും അടക്കം നിരവധി വകുപ്പുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വമായിരിക്കുന്നത്.
രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാലും അഴിമതിക്കേസിൽ തടവിൽ കഴിയുന്ന മന്ത്രിമാർ കുറ്റവിമുക്തരാവുന്നതു വരെ ആ സ്ഥാനത്തു തുടരാമോ എന്നതു ചർച്ച ചെയ്യേണ്ട വിഷയമാണ്. "സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണ'മെന്നത് ജനാധിപത്യത്തിലെ പൊതു തത്വമാണല്ലോ. അറസ്റ്റിലാവുകയും തടവിൽ കഴിയേണ്ടിവരുകയും ചെയ്യുമ്പോഴും മന്ത്രിസ്ഥാനം നിലനിർത്തുന്നത് നാളെ പലർക്കും ചൂണ്ടിക്കാണിക്കാൻ ഉദാഹരണമായി മാറാം എന്നതാണ് അപകടകരം. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമാണോ യഥാർഥ കുറ്റവാളിയാണോ എന്നൊക്കെ നിയമ നടപടികളിലൂടെ തെളിയേണ്ടതാണ്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ മാർച്ച് നാലു വരെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അറസ്റ്റിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമെന്നു പറഞ്ഞ് അവർ പ്രക്ഷോഭവും നടത്തുന്നുണ്ട്. അതേസമയം തന്നെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അഴിമതിയിൽ പങ്കുണ്ട് എന്നതത്രേ ബിജെപിയുടെ ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്നുവെന്ന് രാജ്യവ്യാപകമായി പ്രചാരണം നടത്തിവരുന്ന കോൺഗ്രസ് പക്ഷേ, സിസോദിയയുടെ അറസ്റ്റിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടിലാണ് എന്നതും കൗതുകകരം. ഉപമുഖ്യമന്ത്രിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത ഡൽഹി കോൺഗ്രസ് നേതൃത്വം അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ ക്രെഡിറ്റ് എടുക്കാനും ശ്രമിക്കുന്നുണ്ട്. അഴിമതിയുടെ സൂത്രധാരനായ കെജരിവാളിനെയും അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസ് പറയുന്നത്.
ആദ്യം ഡൽഹിയിലും പിന്നീടു പഞ്ചാബിലും കോൺഗ്രസ് സർക്കാരുകളെ പരാജയപ്പെടുത്തിയാണല്ലോ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവു സാധ്യതകൾ തുടർച്ചയായി തട്ടിമറിക്കുന്നതും എഎപിയാണ്. ദേശീയ പാർട്ടിയെന്ന അംഗീകാരത്തിന് അർഹമായിക്കഴിഞ്ഞ എഎപി ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് കെജരിവാളിന്റെ പക്ഷക്കാർ പറയുന്നു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ് സിസോദിയ കേസിലും ഉന്നയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും സിസോദിയയുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമാണു കാണുന്നത്.
ഝാർഖണ്ഡ് മന്ത്രിസഭയിൽ ജെഎംഎമ്മിന്റെ സഖ്യകക്ഷിയാണ് കോൺഗ്രസ്. എന്നാൽ, കോൺഗ്രസിൽ നിന്നു വിരുദ്ധമായ നിലപാടാണ് ജെഎംഎം നേതാവായ മുഖ്യമന്ത്രി ഹേമന്ത് സോറനുള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര സർക്കാർ നീക്കമായി സോറനും സിസോദിയയുടെ അറസ്റ്റിനെ കാണുന്നു. അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണു ബിജെപിയെന്ന് അദ്ദേഹവും ആരോപിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും കേന്ദ്രം അധികാരം ദുരുപയോഗിക്കുകയാണെന്ന നിലപാടിലാണ്. അതായത് ദേശവ്യാപകമായി രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്കു യോജിച്ച നിലപാടുകൾ പ്രഖ്യാപിച്ചു രംഗത്തുവന്നിരിക്കുന്നു. പ്രമുഖരായ നേതാക്കൾ അറസ്റ്റിലാവുമ്പോൾ അതിൽ രാഷ്ട്രീയം ഉയരുന്നതു സ്വാഭാവികമാണ്. അപ്പോഴും ധാർമികത എല്ലാവർക്കും ഒരുപോലെ ബാധകമാവേണ്ടതല്ലേ?
മുഖ്യമന്ത്രി കെജരിവാളിന്റെ വലംകൈയാണ് സിസോദിയ. കൈകാര്യം ചെയ്യുന്നതോ ധനകാര്യവും വിദ്യാഭ്യാസവും ടൂറിസവും പൊതുമരാമത്തും തൊഴിലും അടക്കം പ്രധാനപ്പെട്ട വകുപ്പുകൾ. സംസ്ഥാന സർക്കാരിന്റെ മികവെന്ന് അവകാശപ്പെടുന്ന പലതും സിസോദിയയുടെ വകുപ്പുകളിലാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ പരിഷ്കാരങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണല്ലോ. ധനമന്ത്രിയെന്ന നിലയിലെ "ബജറ്റ് വിപ്ലവങ്ങളും' വലിയ ശ്രദ്ധ നേടി. അത്രയേറെ പ്രസക്തനായ നേതാവാണ് അഴിമതിക്കേസിൽ അറസ്റ്റിലായിരിക്കുന്നത്. സർക്കാർ ഏറെ പ്രശംസ നേടിയ മറ്റൊരു വകുപ്പ് ആരോഗ്യമാണ്. അതു കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു ജയിൻ എന്നും ഓർക്കണം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ ഒരുങ്ങുന്ന പാർട്ടിയാണ് എഎപിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയാണ് അറസ്റ്റും അതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും ഉണ്ടാവുന്നത്.