ബ്രിക്സ് ഉച്ചകോടിയിലെ നമ്മുടെ നയതന്ത്ര വിജയം

പരസ്പരം പോരടിക്കുന്ന ഇറാനെയും യുഎഇയെയും ബ്രിക്സ് വേദിയിൽ സമവായത്തിന്‍റെ മാർഗത്തിലെത്തിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു
 Our diplomatic victory at the BRICS summit

ബ്രിക്സ് ഉച്ചകോടിയിലെ നമ്മുടെ നയതന്ത്ര വിജയം

Updated on

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ന്യൂഡൽഹിയിൽ സമാപിച്ചപ്പോൾ നയതന്ത്ര തലത്തിൽ ഇന്ത്യ നേടിയ വിജയങ്ങളാണു പ്രത്യേകം എടുത്തുപറയാനുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ശത്രുപക്ഷങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളെ വരെ സമവായത്തിലെത്തിച്ച് സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ ഇന്ത്യ വിജയിച്ചു എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. സംഘർഷങ്ങൾ പരിഹരിക്കേണ്ടത് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണെന്ന ഇന്ത്യൻ കാഴ്ചപ്പാട് സംയുക്ത പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചിരിക്കുകയാണ്. പരസ്പരം പോരടിക്കുന്ന ഇറാനെയും യുഎഇയെയും ബ്രിക്സ് വേദിയിൽ സമവായത്തിന്‍റെ മാർഗത്തിലെത്തിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. കഴിഞ്ഞ മേയിൽ ചേർന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഭിന്നത മൂലം സംയുക്ത പ്രഖ്യാപനം പുറത്തിറക്കാനായിരുന്നില്ല. ഡൽഹിയിലെ രാഷ്‌ട്രത്തലവന്മാരുടെ യോഗത്തിലും ഇത് ആവർത്തിച്ചാൽ അധ്യക്ഷ- ആതിഥേയ രാജ്യമെന്ന നിലയിൽ നമുക്കു ക്ഷീണമാവുമായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഉച്ചകോടി രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ഉച്ചകോടി വ്യക്തമാക്കുന്നു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങളുടെ പേരെടുത്തു പരാമർശിക്കാതെ പ്രമേയം തയാറാക്കി ഇറാനെയും യുഎഇയെയും സൗദി അറേബ്യയെയും ഒപ്പം നിർത്താൻ ഇന്ത്യയ്ക്കായി. പശ്ചിമേഷ്യൻ സംഘർഷം പരാമർശിക്കുമ്പോൾ യുഎസിനെ പേരെടുത്തു വിമർശിക്കുന്നത് ഒഴിവാക്കിയതും ശ്രദ്ധേയമാണ്. അംഗരാജ്യങ്ങൾക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരത്തിലുള്ള പ്രഖ്യാപനം അംഗീകരിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഗാസയിൽ വെടിനിർത്തൽ തുടരണമെന്നും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനു ശാശ്വതമായ പരിഹാരമുണ്ടാവണമെന്നും സംയുക്ത പ്രഖ്യാപനം ആവശ്യപ്പെടുന്നുണ്ട്. പലസ്തീനികളെ ഗാസയിൽ നിന്നു നിർബന്ധിച്ചു കുടിയിറക്കുന്നതിനും പ്രഖ്യാപനം എതിരാണ്. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നത് പഹൽഗാം ആക്രമണം പരാമർശിച്ചുകൊണ്ടാണ് എന്നതും ഇന്ത്യയുടെ വിജയമായി കാണണം.

ഭീകരവാദത്തിനെതിരായ നിലപാടിൽ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്ന പരാമർശം പാക്കിസ്ഥാനെ ലക്ഷ്യമിടുന്നതാണ്. അതേസമയം തന്നെ പാക്കിസ്ഥാന്‍റെ പേര് നേരിട്ടു പരാമർശിക്കുന്നുമില്ല. അതിർത്തി കടന്നുള്ള ഭീകരവാദം, ഭീകരർക്കുള്ള സാമ്പത്തിക സഹായം എന്നിവക്കെതിരേ കർശന നിലപാടാണു പ്രമേയം സ്വീകരിക്കുന്നത്. ഭീകരവാദത്തിനെതിരേ സീറോ ടോളറൻസ് നയം വേണമെന്നു പാക്കിസ്ഥാനുമായി അടുത്ത ബന്ധമുള്ള ചൈന കൂടി ഉൾപ്പെട്ട കൂട്ടായ്മയാണു പറയുന്നത്. ബ്രിക്സിൽ അംഗത്വം നേടാനുള്ള പാക്കിസ്ഥാന്‍റെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പു മൂലമാണു നടക്കാതെ പോവുന്നതും. അമെരിക്കയുടെ ഉപരോധങ്ങൾക്കും താരിഫുകൾക്കുമെതിരേ ശക്തമായ നിലപാട് സംയുക്ത പ്രസ്താവന സ്വീകരിക്കുന്നുണ്ട്. ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങളെ ബ്രിക്സ് കൂട്ടായ്മ എതിർക്കുകയാണ്. ഏകപക്ഷീയമായ ഉപരോധങ്ങളും ബലപ്രയോഗവും അന്താരാഷ്‌ട്ര നിയമങ്ങൾക്കു വിരുദ്ധമെന്നു സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു. റഷ്യയ്ക്കെതിരായ ഏകപക്ഷീയ ഉപരോധങ്ങളെ പരോക്ഷമായി സൂചിപ്പിക്കുകയാണിത്. അതേസമയം, അമെരിക്കയെ പേരെടുത്തു വിമർശിക്കുന്നുമില്ല. ഈ കൂട്ടായ്മ അമെരിക്കയ്ക്കു വെല്ലുവിളിയാവും എന്ന ആശങ്കകൾക്കിടെ ബ്രിക്സ് ആർക്കും എതിരല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതും യുഎസിനെ സമാധാനിപ്പിക്കും.

യുഎസ് ഡോളറിന്‍റെ ആധിപത്യം തകർക്കാൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഒരു പൊതു കറൻസിയുണ്ടാവുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതിനെതിരേ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ, അങ്ങനെയൊരു നിർദേശം പരിഗണനയിലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരം സ്വന്തം കറൻസിയിലാക്കുന്നതു പ്രോത്സാഹിപ്പിക്കുക മാത്രമാണു ചെയ്യുക. പ്രധാന വ്യാപാര പങ്കാളികളിൽ ഉൾപ്പെട്ട യുഎസിനെ പിണക്കാതെ തന്നെ ബ്രിക്സിൽ നേതൃത്വം വഹിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചു നേരിട്ടുള്ള പരാമർശങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയതു റഷ്യയെയും സമാധാനിപ്പിക്കുന്നുണ്ട്. നയതന്ത്രപരമായ സമവായമാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാമെന്നു നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും വാഗ്ദാനം ചെയ്തതായും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അതിനെ സ്വാഗതം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സമാധാന ചർച്ചകളിലൂടെ പരിഹാരം എന്നതാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിർദേശം.

യുഎന്‍ രക്ഷാസമിതിയുടെ സമഗ്രമായ പരിഷ്കരണത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട് ഡൽഹി പ്രഖ്യാപനം. സമിതിയിൽ ഇന്ത്യയ്ക്കും ബ്രസീലിനും നിർണായക പങ്കു നൽകുന്നതിനെ ചൈനയും റഷ്യയും പിന്തുണയ്ക്കുന്നുവെന്നതു ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ ഭാഗമായി മൂന്നു ദിവസത്തിനിടെ 15 ഉഭയകക്ഷി ചർച്ചകളാണു നരേന്ദ്ര മോദി നടത്തിയത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങി ലോക നേതാക്കളുമായുള്ള മോദിയുടെ ചർച്ച ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കും.

logo
Metro Vaartha
www.metrovaartha.com