
വൻ വിജയമാവട്ടെ, ശുഭാംശുവിന്‍റെ യാത്ര
സാങ്കേതിക കാരണങ്ങളാൽ പല തവണ മാറ്റിവച്ച ചരിത്ര ദൗത്യത്തിനു തുടക്കമായിരിക്കുകയാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും അഭിലാഷങ്ങളും പ്രതീക്ഷകളുമെല്ലാം പേറിക്കൊണ്ട് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ശുഭാംശു ഉൾപ്പെട്ട ആക്സിയം- 4 ദൗത്യത്തിന്‍റെ വിക്ഷേപണം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നായിരുന്നു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01ന് കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് സേപ്സ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലും അതിന്‍റെ ആവേശം അലയടിച്ചു. നാസയുടെ മുൻ ബഹിരാകാശ യാത്രിക മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നെവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ശുഭാംശുവിനൊപ്പം ദൗത്യത്തിലുള്ള സഞ്ചാരികൾ. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ബഹിരാകാശ നിലയത്തിലെത്തുന്ന ഇവർ 14 ദിവസമാണ് അവിടെ ചെലവഴിക്കുക. 60 പരീക്ഷണങ്ങൾ സംഘം നടത്തുന്നുണ്ട്.
നാൽപ്പത്തൊന്നു വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത് എന്നതാണ് ശുഭാംശുവിന്‍റെ യാത്രയുടെ സവിശേഷത. 1984ൽ റഷ്യൻ ബഹിരാകാശ പേടകം സോയുസ് ടി-11ൽ രാകേഷ് ശർമയുടെ യാത്രയ്ക്കു ശേഷം ഇതാദ്യം. സോവ്യറ്റ് യൂണിയന്‍റെ സല്യൂട്ട്-7 ബഹിരാകാശ നിലയത്തിൽ എട്ടു ദിവസമാണ് രാകേഷ് ശർമ ചെലവഴിച്ചത്. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ രാകേഷ് ശർമ അന്ന് ലോകത്തെ നൂറ്റിമുപ്പത്തെട്ടാമത്തെ ബഹിരാകാശ സഞ്ചാരിയായിരുന്നു. പഞ്ചാബിലെ പട്യാലയിൽ ജനിച്ച രാകേഷ് ശർമ വ്യോമസേനാ ഉദ്യോഗസ്ഥനായിരിക്കെ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് ബഹിരാകാശ ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ ശുഭാംശു ശുക്ല 2006ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതാണ്. 2000 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള അദ്ദേഹം വ്യത്യസ്തങ്ങളായ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. സുഖോയ്- 30, മിഗ്-29, ജാഗ്വർ, ഡോർണിയർ-228 എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ എംടെക് നേടിയിട്ടുള്ള ശുഭാംശുവിന്‍റെ പറക്കൽ മോഹം ഇപ്പോൾ ബഹിരാകാശം വരെ എത്തിയിരിക്കുന്നു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ദൗത്യമായ ഗഗൻയാന് സഹായകരമാവുന്നതാണ് ശുഭാംശു ശുക്ലയുടെ ഇപ്പോഴത്തെ യാത്രയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2027ഓടെ ഗഗൻയാൻ ദൗത്യം സഫലമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതിനായി തെരഞ്ഞെടുക്കപ്പെട്ട നാല് ടെസ്റ്റ് പൈലറ്റുമാരിൽ ശുഭാംശുവും ഉൾപ്പെടുന്നുണ്ട്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരാണു മറ്റു മൂന്നു പേർ. റഷ്യയിലും ബംഗളൂരുവിലെ ഐഎസ്ആർഒയുടെ പരിശീലന കേന്ദ്രത്തിലും ഇവർക്കു പരിശീലനം ലഭിച്ചിട്ടുണ്ട്. അമെരിക്കയും റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്കു പിന്നാലെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യമായി ഇന്ത്യയും മാറുന്നതിനുള്ള തയാറെടുപ്പുകൾക്കു കൂടുതൽ ആവേശം പകരാൻ ശുഭാംശുവിന്‍റെ ആക്സിയം- 4 ദൗത്യം ഉപകരിക്കും. ബഹിരാകാശത്തെ അദ്ദേഹത്തിന്‍റെ അനുഭവങ്ങൾ ഇന്ത്യയ്ക്കു വിലപ്പെട്ട വിവരങ്ങളാണു ലഭ്യമാക്കുക. നാസയും ഐഎസ്ആർഒയും സ്പേസ് എക്സും യൂറോപ്യൻ സ്പേസ് ഏജൻസിയും ആക്സിയം സ്പേസുമായി ചേർന്നു സംഘടിപ്പിക്കുന്ന യാത്രാപദ്ധതിയാണ് ആക്സിയം- 4. നാസയുമായുള്ള ഐഎസ്ആർഒയുടെ സഹകരണം ശക്തമാക്കുന്നതിന് ഈ ദൗത്യം ഉപകരിക്കും. ആ നിലയ്ക്കും ഈ യാത്രയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങളിൽ ഇന്ത്യക്കാരൻ ഭാഗമാകുന്നു എന്നതും നമുക്കു നേട്ടമാണ്. ഈ പരീക്ഷണങ്ങളിൽ നിന്ന് ശാസ്ത്ര സമൂഹത്തിനു ലഭ്യമാവുന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ് തന്‍റെ യാത്രയെന്നാണ് ബഹിരാകാശത്തെത്തിയ ഉടൻ ശുഭാംശു ശുക്ല നൽകിയ സന്ദേശം. ഗഗൻയാന് എത്രമാത്രം പ്രധാനമാണ് തന്‍റെ ഈ യാത്രയെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട് എന്നു സാരം. 2035ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ബഹിരാകാശത്ത് ഇന്ത്യൻ സഞ്ചാരികളുടെ സ്ഥിരസാന്നിധ്യവും ഗവേഷണ പഠനങ്ങളുമൊക്കെ ലക്ഷ്യം വച്ചാണു നിലയം തുറക്കാൻ പദ്ധതിയിടുന്നത്. ഇത്തരം പദ്ധതികൾക്കെല്ലാം ഊർജം പകരുന്നതാണ് ശുഭാംശുവിന്‍റെ യാത്ര. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അഭിമാനകരമായ നിരവധി നേട്ടങ്ങൾ ഐഎസ്ആർഒ കൈവരിച്ചു കഴിഞ്ഞു. അതിന്‍റെ തുടർച്ചയ്ക്ക് ഈ യാത്രയുടെ വിജയവും സഹായിക്കട്ടെ.